Saturday, September 25, 2010

അഴുകിയ ജന്മങ്ങൾ

..

തിക്കും തിരക്കിലായ് മുന്നോട്ടു നീങ്ങുന്നു
പ്രായമുള്ളമ്മയും കൂട്ടത്തിൽ മക്കളും
എതിരെ വരുന്നവൻ കയ്യൊന്നു നീട്ടുന്നു
അമ്മയ്ക്കകംതുട നീറിപ്പുകയുന്നു…


പ്രാകിത്തെറിക്കാൻ നെറുന്തലക്കായമ്മ
അമ്മ പെങ്ങന്മാരെ ജാമ്യം പറയുന്നു
പെണ്മക്കൾക്കായൊന്നു താക്കീതു നൽകുന്നു
നോക്കിനടക്കണം മുട്ടാളർക്കാടിതിൽ…


കുഞ്ഞുപെണ്മക്കളോ മിണ്ടില്ലൊരിക്കലും
പേടിയും നാണവും മാനാഭിമാനവും
നീറ്റലും നാവേറും നാളേക്കു കിഴികെട്ടും
വൈകല്ല്യമാനസം ഭാവിയ്ക്കു കോമരം


എഴുപതു കഴിഞ്ഞോരമ്മയ്ക്കും കിട്ടുന്നു
ചന്തിയിൽ നുള്ളും, ഞെട്ടലിൻ ബാക്കിയും
കാതിൽ തെറിയുടെ അഴുകിയ നാക്കും
വയസ്സൊത്ത നെഞ്ചിനു തീരാഭാരവും


ശ്രീപദ്മനാഭന്റെ തിരുനടയെങ്കിലും
ആസ്പത്രി ഐസിയുമുമ്പിലാണെങ്കിലും
വായുവിൽ പൊങ്ങും വിമാനത്തിലായാലും
പെൺദേഹമാരോ വലിച്ചിട്ട ചെണ്ട…


ദാനമായെന്തിനു നൽകുന്നു ദൈവമേ
നാക്കും, നല്ലതു വാണിടാൻ വേണ്ടി
കുരുപ്പിച്ചെടുക്കുമീ കൈകളുമിന്നീ
മരപ്പട്ടി മാക്കാച്ചിക്കൂട്ടങ്ങൾക്ക്…??


...

Sunday, September 12, 2010

പാട്ട, പ്ലാസ്റ്റിക് പാത്രങ്ങൾ

........................

തെരുവിൽ
പാട്ട, പ്ലാസ്റ്റിക് പാത്രങ്ങൾ പെറുക്കും
പെൺകുട്ടി.
കണ്ടാൽ-
കുറേയധികം വളർന്നോരു പൈതൽ.
അവൾ
റോഡരുകിൽ പ്രസവിച്ചുവത്രെ.

പാട്ട പ്ലാസ്റ്റിക് പാത്രങ്ങളുടെ-
ഈറ്റുപുരയിലെ നിലവിളി
കാലിൽചുറ്റിയ ഒരു നേഴ്സ്-
തിരിഞ്ഞു നിന്നു
പൊക്കിൾക്കൊടി മുറിച്ചുവത്രെ.
കൊടിച്ചിപ്പട്ടികൾ
മൂക്കത്തു വിരൽ വച്ചു കാവൽ നിന്നു പോലും.

ആരോ-
പോലീസിനെ വിളിച്ചു.
പതിമൂന്നു വയസ്സവൾക്കെന്നു ചൊല്ലിയത്രെ.
അച്ഛൻ മാത്രമേ ഉള്ളൂ എന്നും.

ലൈവു കാണിക്കാൻ
മീഡിയക്കാർ എത്തും മുമ്പേ
തന്റെ ചുന്നിയിൽ പൊതിഞ്ഞ പൊടിക്കുഞ്ഞുമായി
ഇഴഞ്ഞുകയറിയ
അവളേയും കൊണ്ട്
പോലീസുവണ്ടി,
സർക്കാരാശുപത്രി തേടിപ്പോയത്രെ.

.......................

Monday, September 6, 2010

കൊഴിയുന്ന ബന്ധങ്ങൾ

.....................................

പാതിയായി നീയന്നു കേട്ട

വലിയ കഥയാണു ഞാൻ

മുഴുവൻ കേൾക്കാൻ നീ നിന്നില്ലല്ലോ

എന്നെന്റെ മനസ്സു ശപിക്കുന്നു.



എന്റെ കൈ രണ്ടും കെട്ടിവച്ചു നീ

ധൃതിയിൽ എടുത്തു പെരുമാറിയ

പളുങ്കുപാത്രങ്ങൾ

ഒന്നൊന്നായി തകർന്നു.



എന്റെ ബന്ധനവും നിന്റെയീ പിടച്ചിലും

എന്തിനായിരുന്നു?

ഇന്നീ തകർന്ന പാത്രങ്ങളിൽ

കണ്ണുനീരിന്റെ ഉപ്പു ഉറകൂടിയിരിക്കുന്നു.



ഉത്സവങ്ങളുടെ കൊടികൾ

ഞാൻ വലിച്ചു താഴ്ത്തുകയാണ്

മരുഭൂമികളിൽ പുഞ്ചിരിക്കാൻ

നമ്മളെന്നേ പഠിച്ചതാണ്..
.

Thursday, September 2, 2010

വേശ്യ

.
നീ‍-
നീയാണു കൊതുക്!
ഞാൻ-
പതിത
വേശ്യ
നിന്റെ കണ്ണിലെ ഓടപ്പുഴു.


ഞാനോ-
വിഷവിത്തെറിയുന്നവൾ?


ഞാൻ നിന്റെ മാളത്തിൽ വന്നില്ല.
നീ കെട്ടിയ മഞ്ഞൾച്ചരടിനോ
വീ‍ട്ടിലെ പൂ‍വുകൾക്കോ
പുഴുക്കുത്തു നൽകിയില്ല.


നീ-
നീയാണു കൊതുക്!
നിന്നെയാണു
മരുന്നടിച്ചുകൊല്ലേണ്ടത്!


ഞാൻ-
എട്ടു വയസ്സിൽ നശിപ്പിക്കപ്പെട്ടവൾ.
ലോകം കാർപ്പിച്ചു തുപ്പി
തെരുവിലെറിഞ്ഞവൾ.


ഒരു കയ്യിൽ പാവക്കുട്ടിയുമായി
കിടയ്ക്കയിൽ
പകച്ച്,
വേദനിച്ചു കിടന്നവൾ.
ചിറകറ്റുവീണ മാലാഖ.
ചവിട്ടിയരയ്ക്കാൻ,
വാലാട്ടുന്ന സമൂഹത്തിനു
നടുകുനിയ്ക്കുന്നവൾ.


ഞാനോ-
മനുഷ്യകുലധ്വംസിനി?


കൊട്ടാരത്തിൽ വാഴുന്ന
നിന്റെ രക്തം
എന്റെ കുഞ്ഞ്
തന്തയില്ല്ലാത്തവൾ
വേശ്യയുടെ മകൾ
തെരുവിന്റെ ആട്ടു വാങ്ങുന്നു.


അവളെ ഞാൻ പൊത്തിപ്പിടിക്കുകയാണ്.
നിന്നിൽ നിന്ന്...
കൊതുകുകൾ ആർക്കുകയാണ്...
കൂ‍ടാത്ത മുറിവുകളിൽ ആർത്തിരമ്പുകയാണ്...
.

Tuesday, August 24, 2010

മുറിവുകൾ

.
ഇന്നലെ രാത്രിയിൽ
നിന്റെ ആത്മാവ്
വീണ്ടും
എന്നെത്തേടി വന്നു.

എന്റെ കവിളിലെ ചുംബനങ്ങളിൽ
മുഖം മുറിഞ്ഞോ?
എന്തോ-
ഒരു കാക്കയായി നീ മറഞ്ഞു പോയി.

ജനാലച്ചില്ലുകളിലെ
കട്ട പിടിച്ച രക്തം
നിന്റെ മുറിഞ്ഞ മനസ്സിന്റെ
മണം തരുന്നു..

തട്ടിത്തൂവിയ-
ജീവിതത്തിന്റെ കരിക്കിണ്ണത്തിൽ
നീ കൊത്തി,
ബാക്കിയായ മണികൾ..

വേദനയിൽ നീന്തി
ദൈന്യതയിൽ ഒടുങ്ങുന്ന
ഒരു ജന്മത്തിന്റെ ധാർഷ്ട്യം-
നിന്റെ തിടമ്പിന്റെ
മഴവിൽ പോളകളിൽ
കരിക്കോലങ്ങൾ വരയ്ക്കുന്നുവോ?
.

Saturday, August 14, 2010

ധന്യം, ഈ തോൽവി

.
ഒരുകുട ചൂടാൻ
നീയെനിക്കു മഴ തന്നു.
പകരം നീ കുട ചൂടാൻ
ഞാനെന്നും
കണ്ണീരു പെയ്തു.

എനിക്കു നടക്കാൻ
പഠിക്കാൻ
നീയൊരു പദം
മുന്നോട്ടു വച്ചു.
മുന്നോട്ടോടി
ഇന്നു ഞാൻ
നിന്റെ ലോകം
തകിടം മറിച്ചു.

സമ്മാനം തിരഞ്ഞു
നീയെന്നും
ലോകം ചുറ്റി.
സമ്മാനപ്പൊതികൾ
നുണക്കുഴിയിൽ
മറച്ചു വച്ചു ഞാൻ
കളിയാക്കി..

എന്റെ കള്ളച്ചിരിയിൽ
മനം മടുത്തു,
പകരം വീട്ടാൻ
നീയെനിക്കു
പ്രണയം തന്നു.

പകരം പ്രണയം
പൊലിയളന്നു
ഞാനിന്നു തളരുമ്പോൾ
എന്റെ വിളർത്ത
വിയർപ്പുചാലുകളിൽ
നിന്റെ പുഞ്ചിരി
പുണരുന്നു...
.

Tuesday, August 10, 2010

മഴയുടെ കൂട്ടുകാരൻ

.
മഴയുടെ കൂട്ടുകാരൻ,
അവനു വേണ്ടി ഹർഷം പൂത്തു,
മഴപെയ്തു,
അവന്റെ മനസ്സിടിഞ്ഞു
മഴ കലക്കവെള്ളമായി
ആ ഇടിച്ചിലിൽ
അലറിപ്പെയ്തു
പിന്നെ പതുക്കെ മോങ്ങിയടങ്ങി
നീരായി ഒലിച്ചിറങ്ങി.
.

Saturday, July 17, 2010

ഭഗവാന്റെ ഡെമോകൾ

.
പാർവ്വതീദേവിയും ശ്രീമഹാദേവനും
പണ്ടൊരു നാളിൽ വാഗ്വാദമായ്!
ദുഃഖകാഠിന്യത്തിൽ മുമ്പനേതെന്നതിൽ
രണ്ടുപേരും നീണ്ട തർക്കത്തിലായ്!

ശ്രീപാർവ്വതി, പുത്രദുഃഖമാണെന്നതും
അല്ലാ, വിശപ്പെന്നു ശ്രീനീലകണ്ഠനും
പുത്രദുഃഖത്തിലും വലിയോരു ദുഃഖമോ
മർത്യജന്മത്തിനു തീവ്രവടുവായി?

അല്ലല്ലാ ദേവീ, വിശപ്പിന്നു മുമ്പിലായ്
ഒന്നുമേയില്ലയീ ദുഃഖനിഘണ്ടുവിൽ..
വാദമായ്, തീവ്രമാം വാതുവെപ്പുമായി
ഭഗവാനോ കാട്ടുന്നു ചിത്രം തെളിച്ചൊന്ന്.

വിധവയാമമ്മയ്ക്ക് മക്കൾ നാലഞ്ചുണ്ട്
ദാരിദ്ര്യം കോമരം തുള്ളുന്ന കാലത്തിൽ
മക്കൾ മരിക്കുന്നു ഒന്നൊന്നായങ്ങനെ
കേഴുന്നോരമ്മ, ജഡങ്ങൾക്കു കാവലും.

ജഠരാഗ്നി നീറ്റിയ കണ്ണിന്നു മുന്നിലായ്
പൂവൻപഴക്കുലയൊന്നു തെളിയുന്നു.
വിറയ്ക്കുന്ന ഗാത്രം ഉയരുന്നു മെല്ലെ
പഴക്കുലയുമെന്തോ മേലോട്ടുയരുന്നു.

ആഞ്ഞു പിടിച്ചൊരാ അഗ്നിക്കു മുമ്പിലായ്
ഒന്നാം പടി ഒന്നാം കുഞ്ഞിന്റെ ദേഹമായ്
ദേവി പാർവ്വതി ഞെട്ടിത്തെറിച്ചുപോയ്
എന്തോ പഴക്കുല വീണ്ടൂമുയരുന്നു...

ഒന്നിന്നു മേലെയായ് രണ്ടാം ദേഹവും,
അതിന്നു മുകളിലായ് മൂന്നാം ദേഹവും,
മൂന്നിന്നു മേലെയായ് നാലാം ദേഹവും,
അമ്മ ചവിട്ടി കയറുന്നൂ പഴത്തിനായ്!

ഭഗവാൻ പുഞ്ചിരിക്കുന്നു കൈലാസത്തിൽ
ശ്രീപാർവ്വതിക്കന്നു ഉൾമനം തകരുന്നു...

ഇന്നും ഡെമോകൾ തുടരുന്നു നീ ദേവാ..
ഒറീസ്സയിൽ, മദ്ധ്യപ്രദേശിൽ, ബീഹാറിതിൽ.

ധാന്യച്ചുവചൊല്ലി മണ്ണു തിന്നും മക്കൾ,
കണ്ണോക്കു വന്നിടാൻ കാക്കുന്നോരുണ്ണികൾ,
പെണ്മക്കളെ വിറ്റ് ആൺമക്കളെ പോറ്റും
മാതാപിതാക്കളും, നിന്റെ ഡെമോകളോ?

പ്രണയത്തെ പാടിപ്പുകഴ്ത്തിയ നാടിതിൽ,
ശ്രീകൃഷ്ണദേവനെ പൂജിക്കും വേദിയിൽ,
പെങ്ങളെ കൊല്ലാനായ് ഓണർകില്ലെന്നുള്ള
ആയുധം തേടുന്നു സോദരർ ഡൽഹിയിൽ..

ഭാര്യയ്ക്കു വേശ്യപ്പണി നൽകി മാനിച്ച്
ബിസിനസ്സു കൊയ്യുന്നിവിടെ പതിദേവർ
ബാലികമാരെ, ഭോഗിച്ച് ശേഷം നുറുക്കി
ഫ്രിഡ്ജിൽ വച്ചു പിന്നെ ഭക്ഷിക്കും രാക്ഷസർ..

ഗർഭിണി തന്നുടെ ഉദരം തുരന്നിട്ടു
ഗർഭത്തെ ശൂലത്തിൽ കുത്തിയെടുത്ത്,
കത്തുന്ന തീയിലെ നീളുന്ന കൈകളെ
സ്വർണ്ണവളയൂരി തിരികെ തള്ളീടുന്നു..

താഴോട്ടു ചാടുവാൻ വെമ്പുന്നഹൃത്തുമായ്
വാരിയെല്ലു തുറക്കുന്നൊരീ മണ്ണ്...
പ്രളയം, ഭൂകമ്പം!, എല്ലാം തുടച്ചിടാൻ
സഹിയാതെ കൈനീട്ടിപ്പോകുന്നോരമ്മ!

ഭഗവാനേ നിർത്തണേ നിന്റെ പരീക്ഷണം...
ദേവി നീ പോകല്ലേ.. വാദിച്ചീടാൻ വീണ്ടും!...
.

Saturday, July 10, 2010

അവൻ, എന്റെ പ്രിയതമൻ

.

എന്റെ കിനാവിന്റെ പരിച നെഞ്ചേറ്റി
വച്ചു മാറിയ ഹൃദയത്തിനു കൽമതിൽ കെട്ടിക്കാത്ത്,
കാലുവെന്ത നായുടെ അകമന്ത്രങ്ങൾക്കായി
ആയിരം ചെവികൾ ഒന്നിച്ചു തുറന്ന്,


വെണ്ണീറു പുരണ്ടോരു വ്രണങ്ങളിൽ
കണ്ണീരിന്റെ ഉപ്പുചേർത്തുണക്കി,
കണ്ണിലെഴുതിയ ദൈന്യത്തിന്റെ കരിമഷി
ചൂണ്ടുവിരലാൽ ഒപ്പിയെടുത്തവൻ,


അവനാഴത്തിൽ കാത്തിരുന്നൂതിയ ഉലയിൽ
മാണിക്യമായിന്നു ഞാൻ വിളഞ്ഞപ്പോൾ
എന്നിലെ നനഞ്ഞ മണ്ണിൽ
പ്രണയം പാകിയവൻ, എന്റെ പ്രിയതമൻ

.

Saturday, July 3, 2010

ഒറീസ്സയിൽ ഒരുണ്ണി

.

അച്ഛൻ മരിക്കാൻ കിടക്കുന്നു
അന്നം കണ്ടിട്ടിതേഴാംദിനം
അച്ഛൻ മരിച്ചു, കണ്ണോക്കു വന്നു
നിറഞ്ഞുണ്ടു-ദിനങ്ങൾ നീണ്ടു

വിശപ്പു നീരാളി ചുറ്റിക്കറങ്ങി
വയറൊട്ടി മുത്തശ്ശി വീണു പിന്നെ
ഉണ്ണി കാതോർത്തുകാത്തു നിന്നു
കണ്ണോക്കു വന്നു, ഒരുനേരമുണ്ടു.

വയറൊട്ടിത്തേങ്ങി കുഞ്ഞുവാവ
നിമിഷങ്ങളെണ്ണിത്തലകുനിച്ച്
ഉണ്ണി പരുങ്ങിപ്പതറി നിന്നു
വാവയുമിനി മരിക്കുമോ അമ്മേ?

ഉണ്ണി വേവുന്നു വാവയെയോർത്ത്
അമ്മയ്ക്കുള്ളു കിടുങ്ങി വിയർത്തു..
വാവയെപ്പോൾ.. മരിക്കുമമ്മേ?..
രണ്ടാം ചോദ്യവും നേർത്തു നിന്നു.

ഉണ്ണീ നീ പേടിച്ചിടല്ലേ മോനേ
വാവക്കൊന്നും വരില്ല കുഞ്ഞേ
ആവതില്ലാസ്വരം വിങ്ങിപ്പഴുത്തു
നിന്നിടത്തുനിന്നു തല കറങ്ങി..

ഉണ്ണി പറഞ്ഞു… പൊട്ടിത്തകർന്ന്…..
“...അല്ലമ്മേ..വിശന്നിട്ടു കണ്ണിരുട്ടുന്നൂ!..”

.