Monday, September 9, 2013

പട്ടി

ഏതോ ഒരു പട്ടി
വിശന്നിട്ടായിരിക്കും..
മനുഷ്യനേപ്പോലെ
കട്ടു തിന്നു.

ഫ്ലാറ്റുകള്‍ക്കു പുറത്തു വച്ചിരുന്ന
അവശിഷ്ടങ്ങള്‍ നിറച്ച കുട്ടകള്‍
ആക്രാന്തത്തില്‍
ചിതറിയിരുന്നു.

അവക്കിടയില്‍ കാലുകള്‍ കവച്ചു നിന്നു
എന്നെ നോക്കുമ്പോള്‍ ,
പട്ടിയുടെ മുരളലോ ക്രൗര്യമോ
ആയിരുന്നില്ല  

മണ്ണിന്റെ നിറമുള്ള മുഖത്ത്
കറുത്ത കണ്ണുകളും മീശയും വീണ്
അരുതാത്തതെങ്കിലും അനിവാര്യചെയ്തിയുടെ  
കീഴാള കരിയെഴുത്തായിരുന്നു.

താഴ്ചയിലെ വികിരണങ്ങളില്‍
മുഖം ചേര്‍ത്ത്
പടി കയറുമ്പോള്‍ പുറകില്‍
അവന്റെ ഒരു മുരളലിനു  
ചെവികള്‍ താഴേക്കും 
മുഴക്കങ്ങളിലേക്കു ഹൃദയം മുകളിലേക്കും 
പ്രാര്‍ത്ഥനപോലെ
നീണ്ടു വളര്‍ന്നു പോയി.

Sunday, June 9, 2013

വളര്‍ത്തമ്മ


എന്റെ മരണവാര്‍ത്തയറിയുമ്പോള്‍
നീ ഡ്യൂട്ടിയ്ക്കു ഓടുകയായിരിക്കും
വിവരത്തിനു, 'ശരിയാന്റി' എന്നു പറഞ്ഞു
നടത്തത്തിനു വേഗം കൂട്ടും

ഉരുട്ടിത്തന്ന ഉരുളകളും
ഹൃദയം നനച്ചു വളര്‍ത്തിയ
സ്വപ്നങ്ങളും നീ മറികടന്നു പോയി

കണ്ണും കാലും വളര്‍ന്നതറിയാതെ
കൈ പിടിച്ചു നടത്തിയ സ്വപ്നങ്ങളില്‍
നിന്റെ നുണക്കുഴികള്‍ വിരിയുന്നത്
എന്നിലൂടെ എന്നു മോഹിച്ചു

എന്റെ കൈ വിടുവിച്ചു നീ
മുന്നോട്ടു നടന്നപ്പോള്‍
ഞാന്‍ പരിഭ്രമിച്ചു..

ബലമുള്ള കൈകളില്‍ പിടിച്ചു
മുന്നോട്ടു നോക്കി നീ നടന്നു പോയി
തിരിഞ്ഞു നോക്കുമോ എന്നു
ഒരു ജന്മം കണ്ണു കഴച്ചു

ഇപ്പോള്‍ നീ എന്റെ മരണ വാര്‍ത്തയറിഞ്ഞു
നില്‍ക്കാന്‍ സമയമില്ലാതെ
ഓടിക്കൊണ്ടിരിക്കുകയാണു

ഭര്‍ത്താവിനോടും സുഹൃത്തുക്കളോടും
സംസ്കാരച്ചടങ്ങിനു
എത്തിപ്പെടേണ്ടതിനേപ്പറ്റി
പിന്നീടു ചര്‍ച്ച ചെയ്യുമായിരിക്കും..


Sunday, April 28, 2013

പുത്രവിയോഗം



ഇരുട്ടാണു
പമ്പരം പോലെ തിരുനെറ്റിയില്‍ കുത്തി
തിരിയുന്ന ഇരുട്ട്

ഉള്ളിലെ ലാവയില്‍ മുക്കി
ഉണക്കാന്‍ തുവരയിട്ട
ജീവിതത്തില്‍ നിന്നു
ഇറ്റുവീഴുന്ന ഇരുട്ട്

ജീവിതം കടഞ്ഞു പൊന്തിവന്ന കാളകൂടം
എനിക്കും നിനക്കും 
വിധി പകുത്തത്

കണ്ണില്‍ കനലുരുകുന്നു
ഇതു താണ്ഡവമാണു
മരണ താണ്ഡവം

Monday, March 11, 2013


അമ്മയുടെ പിഴ

മകളെ-
കഴിയുമെങ്കിൽ
എനിക്കൊരു ജന്മം കൂടെ
തരിക നീ.

എന്റെ പിഴകളെണ്ണി
നിന്നെ കാത്തുരക്ഷിക്കാൻ
നീയെനിക്കു 
വരം തരിക.

അമ്മ പൊത്തിപ്പിടിച്ചില്ല
നിന്നെ-
കാത്തുസൂക്ഷിച്ചില്ല നിന്നെ
അമ്മയുടെ പിഴ

ലോകത്തിന്റെ കറുപ്പ്
നിന്നിൽ പതിച്ചതും
നീ കരുവാളിച്ചതും
നിന്നിൽ പുകഞ്ഞ
ഭീതിയുടെ തിരി
കത്തിക്കയറിയതും
അമ്മയുടെ പിഴ

കാത്തിരുന്നു
കാത്തുസൂക്ഷിക്കാൻ
ആവതില്ലാതെ പോയതും
ആറാമിന്ദ്രിയം
കണ്ണടച്ചിരുന്നതും
അമ്മയുടെ പിഴ-

മകളെ,
നീയമ്മയ്ക്കൊരു
ജന്മം കൂടെ
തരിക…

കണ്ണുനീരെണ്ണയിൽ
തെളിയുന്ന
ഈ ജന്മത്തിരിയിൽ
നിന്നെ കാത്തുകൊള്ളാൻ
ഒരവസരം കൂടെ
തരിക നീ

ഉള്ളിൽ കുമിയുന്ന
നൊമ്പരമർപ്പിച്ച്
നിന്റെ പാദങ്ങൾ
ഞാൻ കഴുകാം.

കബളിപ്പിക്കപ്പെടുന്ന
അമ്മത്വം-
പൊറുക്കാത്ത ഈ നോവ്
അസ്തമിക്കാത്ത ഈ നീറൽ
തീരാത്ത ഈ മുറിവ്
നിന്റെ പാദാർപ്പണം
അമ്മയുടെ ജീവന്റെ
പിഴയർപ്പണം..