Friday, April 30, 2010

അച്ഛനമ്മമാർ


അച്ഛനമ്മമാർ
മരണത്തിൽനിന്നു വേർതിരിക്കും
വന്മതിലുകൾ, അതിൽ
ഒന്നു നഷ്ടപ്പെടുമ്പോൾ
നാമറിയുന്നു
മരണത്തിന്റെ പാതിമുഖം
അടുത്തതും പോകുമ്പോൾ
നാം കാണുന്നു
മരണത്തെ മുഖാമുഖം
സ്വാഗതം ചൊല്ലി
കാത്തിരിപ്പായി പിന്നെ...

Saturday, April 24, 2010

തലച്ചുമട്


പുഴുത്തതെറിയുടെ ഭാണ്ഡം മാത്രം

കൂടെക്കൂടിയ നാൾ മുതൽക്കേ

അസഭ്യവർഷപ്പേമാരിക്കൊപ്പം

കള്ളിന്റെ ചീഞ്ഞു കുഴഞ്ഞ നാറ്റം


ഞാനിരുന്നു വാണരുളീടേണം

നീ പാറമടയിൽ കല്ലടിയ്ക്ക്

എനിക്കു ചൂടത്തിരിക്ക വയ്യ

എസി ടിക്കറ്റ് ട്രെയിനെടുക്ക്


പിള്ളേർക്കു രോഗങ്ങള്‍ വന്നുമാറും

മരുന്നു വാങ്ങിക്കലോ എന്റെ ജോലി?

നീതന്ന കാശിനു കോഴി വാങ്ങി

കോഴിയില്ലാതെനിക്കിറങ്ങില്ലെടീ


പരിപ്പു കൂട്ടിച്ചോറുണ്ണുവാൻ

നിന്റപ്പനോടു പറഞ്ഞിടാം ഞാൻ

നിന്റമ്മേടെ നക്കാപ്പിച്ചക്കാശ്

ഞാനെങ്ങും ചോദിക്കാൻ വന്നില്ലെടീ


മക്കൾക്ക് സ്നേഹം നൽകീടാനോ

നിന്റെ മക്കൾക്കെന്തു ഗുണമിരിപ്പൂ?

ക്വാളിറ്റിയുള്ളോരു മക്കളെപെറ്റിട്

എന്നിട്ടു പറയെടീ സ്നേഹം നൽകാൻ


ക്വാളിറ്റിയില്ലാത്ത ബീജം വഹിച്ച

തെറ്റിനുദരത്തേയും ശപിക്കുന്നമ്മ

പണ്ടാറക്കെട്ട് തലയിൽച്ചുമന്നു

കഴുത്തൊടിഞ്ഞിട്ടും ശപിച്ചിടാതെ


Monday, April 19, 2010

തുലാഭാരം


കൈപ്പടങ്ങൾ ചേർത്തു വച്ചു നമ്മൾ,
ഒരേ വലിപ്പം എന്നു കണ്ടൂറിച്ചിരിച്ചു.
കണ്ണൂകളിൽ നോക്കിയലിഞ്ഞിരുന്നു
ഒരേ ആഴം എന്നു കണ്ടന്തം വിട്ടു.
ഹൃദയങ്ങളിലെ നീളൻ മുറിവുകളിലൂടെ
പരസ്പരം നൂണുകടന്നു നമ്മൾ,
പരിക്കും വേദനയും അളന്നു നോക്കി,
തൂക്കം ഒന്നെന്നു കണ്ടു പൊട്ടിച്ചിരിച്ചു.

Thursday, April 15, 2010

കപടസൌഹ്രുദം


വളർത്തിയെടുത്തു,
മുഴുപ്പിച്ചുകാട്ടി,
ഇരട്ടിവിലയിട്ടു,
ആദായവിൽ‌പ്പനയ്ക്കു വച്ച്
നല്ല വിലയ്ക്കു വിറ്റ്
ലാഭം പോക്കറ്റിൽ തിരുകൽ...

Sunday, April 11, 2010

ദുഃസ്വഭാവം


ഇടതുകൈ ആന്വൽ റിപ്പോർട്ടിലെ

പ്രൊജെക്ടിനു ഡാറ്റ തിരയുമ്പോൾ

വലതുകൈ എന്നും കവിതയെഴുതുന്നു

എന്തൊരു ദുഃസ്വഭാവം


വാഗ്ദാനം


കണ്ണാ, നിന്റെ കൈവിരൽത്തുമ്പിൽ

ഞാനീ ലോകം കാണും

എന്റെ പ്രേമം നിന്നിൽ പടരുമ്പോൾ

ഈ നിമിഷങ്ങൾ

മറുജന്മത്തിലേക്കു

മരണത്തിനൊപ്പം പകരട്ടെ


Saturday, April 10, 2010

പുനര്‍ജന്മം


എന്റെയീ തുളുമ്പുന്ന പ്രണയവും

വിതുമ്പുന്ന ചുണ്ടുകളും

നിന്റെ ചഷകങ്ങളിൽ

നീയെന്നോ പകരം വച്ചു

അതിന്റെ വീര്യത്തിൽ

കൈക്കുഞ്ഞായി നീയെന്നിൽ പിറന്നു


Sunday, April 4, 2010

പ്രിയസഖി


കറങ്ങാത്ത പങ്കകളെല്ലാം

ഒന്നിച്ചു കറങ്ങൂമ്പോൾ

എനിക്കു ഭയമാകുന്നു


ഹ്രുദയത്തിലൊരു നാളം

കെടുത്തിയിട്ടും കെടാതെ

ദഹിപ്പിച്ചു ചാരം പറത്തുന്നു


ഹ്രുദയഭാരം

ഉരുകാതെ തിളയ്ക്കുന്ന

ഉരുക്കുണ്ട പോലെ-

ഇറ്റുന്ന വഴികളിൽ

വേദനയുടെ പർവ്വതങ്ങൾ

നീറുന്ന ജലത്തിന്റെ ഭാരം പേറി

കൈ കാലുകൾ പഴന്തുണിയാകുന്നു


വലിക്കുന്തോറും ചുരുങ്ങുന്നൊരു

റബ്ബറു പോലെയീ ഹ്രുദയവും

തെളിക്കും തോറൂം ചിതറുന്ന

കാലിക്കൂട്ടമായി ഈ മനസ്സും


ഓർക്കാത്ത നേരത്തെ

വണ്ടിയുടെ അലാറം പോലെയുള്ള

ഈ ജീവിതം കണ്ടു നടുങ്ങുമ്പോൾ

എന്നിലെ പ്രകമ്പനങ്ങളെ

ആഗിരണം ചെയ്യുന്ന നീ

ദൂരേക്കു പോകുന്നു


ഇന്ദ്രപ്രസ്ഥത്തിലെ ക്രുഷ്ണനീതികളിൽ

എന്നെ തനിച്ചാക്കി

നീ ദൂരേക്കു പോകുന്നു


പ്രിയസഖീ

എനിക്കു ഭയമാകുന്നു