Saturday, June 26, 2010

കൃഷ്ണാർപ്പണം

.
നിന്നോടുള്ള വാത്സല്ല്യം
നിന്നോടുള്ള പ്രണയം
നീയെന്ന നിറകതിർ
എനിക്കിന്നു കൊടുംവേദന.

എന്നുള്ളിൽ ഉതിരാതെ വിങ്ങുന്ന
കനമുള്ള കണ്ണീരു നീ
രക്തത്തിന്റെ കടുംചുവപ്പുമായി
എന്റെ മുലപ്പാലിൽ കലർന്ന വേദന.

എന്റെ ഹൃദയം കരയുന്നു
നിന്നെ തൊട്ടിലാട്ടാനാവാതെ
നിന്റെ കണ്ണാടിക്കൂടിനു ചുറ്റുമായി
ഞാനിന്നു മണ്ടുന്നു.

നിന്റെ ചലനം, നിന്റെ ചിരി
ഒന്നും എന്റെയല്ലാതെ
നിന്നെ തൊടാതെ
വിങ്ങിനിറയുന്ന മുലക്കണ്ണുമായി,

വിറളിയെടുത്ത് തൊണ്ടവിങ്ങി,
വെടിച്ച പാദങ്ങളിൽ ചലമൊലിച്ച്,
കുഴിഞ്ഞ കണ്ണുകളിൽ ഇരുൾനിറച്ച്,
മാതൃത്വത്തിന്റെകനൽക്കൂടും
കാമുകിയുടെ കലങ്ങിയ നെഞ്ചുമായി,
ഇന്നും ഞാൻ മണ്ടുന്നു.
പ്രിയനേ,
നീയെന്ന മോക്ഷം തേടി.

നിന്റെ പാദം വഴുതുന്നതും
നീയുരുണ്ടു വീഴുന്നതും
കണ്ടുകണ്ടു കണ്ണുതള്ളി
ഞാനിന്നു തളർന്നു തീരുന്നു

ഹൃദയത്തിൽ കനത്തു വീണ
മുറവിളിയുമായി ഉണർന്നതും
നിന്റെ വാമനപാദത്തിൻ കീഴിൽ
എന്റെ ഹൃദയം അമർന്നുതാഴ്ന്നതും

ഒന്നും സാരമാക്കാതെ
ഒന്നും സാരമാക്കാതെ
കേണു കേണു ദാഹത്തോടെ
നിന്നെ കാക്കുന്നു ഞാൻ.

നിന്റെ ചിരികളിൽ
നിന്റെ കുസൃതികളിൽ
മറഞ്ഞിരുന്നു ഞാൻ കണ്ണനെ കണ്ടു.
ഈ പ്രണയതീവ്രത
എന്നെ ചുറ്റുന്ന കറുത്ത പാമ്പാണ്.
വാലിൽകുത്തിയുയർന്നതു കൊത്തുമ്പോൾ
ചിതറിത്തെറിക്കുന്നത്
എന്റെ നെഞ്ചിലെ കനലാണ്.

ജീവന്റെ നാളമായി നിന്നെയെന്നും
പൊലിപ്പിച്ചു നിർത്താൻ,
മരണം വരെ എന്റെ കണ്ണിനു
കണ്ടു വണങ്ങാൻ,

സ്വന്തമെന്ന വാക്കു ഉരുവിടാൻപോലും
വേണ്ടാതെ, വരാതെ
വഴിയോരത്തു കൂടെ ഞാൻ
നടന്നു പൊയ്ക്കോട്ടെ.
ഒരു കണ്ണു നിന്റെയീ പാദത്തിലൂന്നി
മറുകണ്ണാൽ കല്ലിനും മുള്ളിനും വിലക്കു നൽകി,
ഈയരുകിലൂടെ ഞാൻ
നടന്നു പൊയ്ക്കോട്ടെ.
.

Saturday, June 19, 2010

“അതുകൊണ്ടു ഞാനൊരു നല്ല കുക്കല്ല!“ - അവൾ പറഞ്ഞു.

.
“ജീവിതം പരമസുന്ദര-
സൌഭാഗ്യസമുദ്രമാകേണം”

ദൈവമൊന്നും മിണ്ടിയില്ല.

“കാര്യങ്ങളെല്ലാം ഭംഗിയിൽ നീങ്ങണം
അതിനു,
നല്ല ജോലിക്കാരി ഭാര്യ വേണം..”

ദൈവം തലയുയർത്തി നോക്കി...
“ശരി! അനുഗ്രഹിച്ചിരിക്കുന്നു..“

“എനിക്കു തേരെപ്പാരെ
നടക്ക വയ്യ
ജീവിതനെട്ടോട്ടം
അവൾ തന്നെയോടണം..”

ദൈവം ഉമിനീരിറക്കി...
“ശരി! അനുഗ്രഹിച്ചിരിക്കുന്നു..”

“അവൾ,
എനിക്കിഷ്ടമുള്ള കറികൾ
മാത്രമുണ്ടാക്കണം
എന്നെ ശുശ്രൂഷിച്ചു
കാലം കഴിക്കണം...”

ദൈവം പറഞ്ഞു.
“നീ പോടാ പട്ടീ!..”
.

Saturday, June 12, 2010

വിധവ

.
വിധവ,
അവൾ പെട്ടെന്നു
കയറഴിഞ്ഞു പോയൊരു
പകച്ച പശു.

ബന്ധുക്കൾ,
തങ്ങളുടെ വിളകളിലവൾ
തലയിടാതിരിക്കാൻ
വേലികൾ
ഭദ്രമാക്കുന്നു.

അയൽക്കാരികൾ,
ഭർത്താക്കന്മാരെ
ആശങ്കയോടെ
പൊത്തിപ്പിടിക്കുന്നു.

മക്കൾ,
സൂക്ഷ്മതയോടെ
അരക്ഷിതത്വത്തോടെ
അമ്മയെ നോക്കുന്നു.

പശു...
ആകാശങ്ങളിലേക്കുറ്റുനോക്കി
കാണാക്കയറുകളിൽ
നെഞ്ചുതല്ലുന്നു……
.

Thursday, June 3, 2010

ദേവാർച്ചന

.
ഒരരുവിയിൽ തേനും പാലുമായി
മറ്റൊന്നിൽ കണ്ണീരിൻ കയ്പുമായി
നീയെന്നിലേക്കൊഴുകിയൊഴുകിവന്നു
കാനാൻദേശത്തുകൂടെയന്ന്
കുതിർന്നു മാംസളമാംഹൃദയം
തീകൊണ്ടു സ്നാനവും ചെയ്തു തന്നു


കണ്ണകി തന്നുടെ നീറും ചിലമ്പും
ചാവേറിൻ കത്തിക്കയറും ചുരികയും
പിടച്ചപ്പോൾ ഇളനീ‍രു പെയ്തു തന്ന്
നീയെന്നുമെന്നെ തണുപ്പിച്ചു കാത്തു


എന്നുടെ ജീവന്റെ പട്ടുമെത്ത
നാഥാ നിനക്കായി പുഷ്പിക്കുന്നു
നീയൊത്തു മാനത്തു മേയുമ്പോഴും
മുൾക്കാട്ടിൽ കാക്കപ്പൂ തേടുമ്പോഴും
കാൽകല്ലു തട്ടാതെ കാ‍ക്കുന്ന നീ
പുഷ്പാർച്ചനയിന്നു കൈക്കൊള്ളുക


ചുട്ടുപഴുത്തൊരു കമ്പികൊണ്ട്
ഈ ഗർഭപാത്രമൊരിക്കൽ പിളർന്ന്
മാതൃത്വത്തിന്റെയാ‍ ഉരുകുന്ന ഈയം
എന്നിൽ നീയിറ്റിച്ചു ഞെട്ടിപ്പിച്ചു


എന്നിട്ടും വേദനയില്ലെനിക്കിന്നും
പരിഭവത്താക്കോലും തപ്പുന്നില്ല
തുപ്പലു ചേർത്തു നീ മണ്ണു കുഴയ്ക്കുക
വീണ്ടുമീയന്ധയ്ക്കു കൺതുറക്കാൻ
നാളത്തെ മുത്തിനു പാഥേയമായി
ഈ ജന്മം നിന്നെ ഞാനേല്പിക്കുന്നു
.