Friday, October 15, 2010

മകളെ, നീ അകലെ..


മകളെ,
അന്ന്,
ഇടംകയ്യിൽ,
നിന്റെ വലംകൈ കോർത്തിട്ട്
ഉള്ളിൽ നിറയെ ആധികളും സ്വപ്നങ്ങളും,
വായിൽ വാലറ്റം മുറിഞ്ഞ കഥകളുമായി,
നീയും,

അനായാസദിനങ്ങളുടെ
പൊങ്ങിപ്പറക്കുംകൈപിടിച്ച്,
എതിരെവരുന്ന തിളങ്ങുന്ന മുഖങ്ങളിൽ
പുഞ്ചിരികൊണ്ടു സൌഹൃദമെറിഞ്ഞ്,
ഗർഭിണിയുടെ വയർ,
ഇടം കണ്ണുകൊണ്ടളന്ന്,
വലംകണ്ണാൽ ആശംസ നൽകി,
കുഞ്ഞുമുഖങ്ങളിൽ
സ്നേഹക്കണ്ണാൽ ആരതിയുഴിഞ്ഞ്
ഞാനും,

തിരക്കുകളിൽ തട്ടിത്തെറിച്ച്,
നിറഞ്ഞു നടന്ന
ഈ വിപുല നഗരച്ചന്തകളിൽ
ഉള്ളും കണ്ണും തടവുമ്പോൾ,
എന്നിൽ,
ഉള്ളിലും പുറത്തും
വെളിച്ചമായിരുന്നു.
നീയെനിക്കു വിതറിത്തന്ന
ജീവിതമുണ്ടായിരുന്നു.

ഇന്ന്-
ഒറ്റയ്ക്കു ഞാനീ പ്രകാശത്തിൽ,
ഉള്ളിൽ ഇരുട്ടു കറന്ന്,
തലകുനിഞ്ഞ്
അപരിചിതയായി
ഈ ശോഭകൾക്കും നിറഭരണികൾക്കും
ചേരാത്തവളായി,
ആടകളും മനസ്സും
നരച്ചു വെളുത്ത്
പ്രകാശം നഷ്ടപ്പെട്ട്-
ഉള്ളിൽ തിളയ്ക്കുന്ന അന്യഥാബോധവുമായി,
നിറംകെട്ട് ഇഴഞ്ഞു നീങ്ങുന്നു..

നിനക്കായി,
ബദാംഷേക്കിന്റെ നിരകൾ കാണാതെ,
മോമോസിന്റെ മണമേൽക്കാതെ,
വഴിവക്കിലെ പുസ്തകച്ചന്തകളിൽ
മുഖം താഴ്ത്താതെ,
തിളങ്ങുംവളകളുടെ ഭംഗികാണാതെ,
നിറമാലകളിൽ മനസ്സുടക്കാതെ,
അകക്കണ്ണിൽ നീരു കുരുങ്ങി,
ശ്വാസം നിലച്ച്,
ഞാൻ നടന്നു നീങ്ങുന്നു.

അടിമുതൽ മുടിവരെ
നിനക്കായ് ചുരത്തുന്ന
നറും പാലിൻ തായ്നിനവിൽ,
നിന്റെ മനോഹര പാദമുദ്രകളാൽ
മനച്ചിമിഴിലടച്ച
ഈ ജന്മം, ഈ ഭൂമി, ഈ നിറങ്ങൾ
എല്ലാം
ഇന്ന്
നിറംവറ്റി പറന്നു പോകുന്നതും നോക്കി,
കൊഴിഞ്ഞുവീണ ഓർമ്മകളിൽ
കാലിടറുന്നു..