Monday, May 31, 2010

മാധവിക്കുട്ടി- ഒരു പഴയ ഡയറിക്കുറിപ്പ്

31 ജൂലൈ 2006

“ലോകത്തിന്റെ സ്വാതന്ത്ര്യത്തിലേക്കു മരിച്ച ആത്മാവുമായി ഞാൻ ഊളിയിടുന്നു. എനിക്കു കേഴ്വിയില്ല. കാഴ്ചയില്ല. സ്പർശനമറിയില്ല. ഞാൻ തണുത്തുപോയി. ഉഴുതിട്ട പാടങ്ങളിലെ ചാലുകളിൽ പ്രതിഫലിക്കുന്ന സൂര്യപ്രകാശമായിരുന്നു ജീവിതത്തിലെ സന്തോഷങ്ങൾ. സൂര്യൻ മറയാം. ചാലുകൾ തട്ടിനികത്തപ്പെടാം. പിന്നെ എന്നിൽ പ്രകാശമില്ല. ഞാനതു മനസ്സിലാക്കുന്നു..


നിറമില്ലാത്ത മുത്തുകൾ കോർത്തൊരു വലിയ മാലയിൽ തിളങ്ങുന്ന ഒരു വർണ്ണമണി. മാധവിക്കുട്ടി എന്നെ വിളിച്ചിരുന്നു. എന്റെ കത്ത് അവരെ വളരെ സ്പർശിച്ചു എന്നു തോന്നുന്നു. I am deciding to postpone my death. എന്നു പറഞ്ഞു. ആരോ വിളിച്ചു അവർ ചീത്ത സ്ത്രീയാണെന്ന് പറഞ്ഞു എന്ന വേദനയിലിരിക്കുമ്പോഴാണ് എന്റെ കത്തു കണ്ടത്, അതോടെ അവർ മരണത്തോടു മാറിനിൽക്കാൻ പറഞ്ഞു എന്നു പറഞ്ഞു. വളരെ സന്തോഷം തോന്നി. അവരുടെ കിലുങ്ങുന്ന സ്വരം മനസ്സിൽ ഒരുപാടു സമയം കിലുങ്ങിക്കൊണ്ടിരുന്നു…

ഒരു വർണ്ണക്കൂടാരം പൊട്ടിച്ചിതറി. ആകാശം മുഴുവൻ അഴിഞ്ഞുലഞ്ഞ ഇളം പട്ടു തുണികൾ- മഴവില്ലുകൾ- ഭൂമിയിൽ പച്ചപ്പിന്റേയും നീലത്തടാകങ്ങളുടേയും സംഗമം-നിറമില്ലാത്ത വരണ്ട ഒരു മരുഭൂമി എങ്ങനെയാണു ഇങ്ങനെയായത്? മാന്ത്രികദണ്ഡുമായി ഏതു ഭൂതമാണ് അല്പനേരത്തേക്ക് ഇതിലേ ചുറ്റിക്കറങ്ങിയത്?“
-----


മാധവിക്കുട്ടിയുടെ ‘വണ്ടിക്കാളകൾ’ പുറത്തിറങ്ങിയ കാലം.

ആമുഖമായ ഇന്റർവ്യുവിൽ മലയാളിയിൽ നിന്നു കൈപ്പറ്റാനിരിക്കുന്ന കല്ലേറിനേയും വേദനയേയും പറ്റി എഴുതിയിരുന്നു. മരണത്തോടു തോന്നുന്ന പ്രിയവും വ്യക്തം. വളരെ വിഷമം തോന്നി. എന്തിനിങ്ങനെ സങ്കടപ്പെടുന്നു? എഴുതണം എന്നു തോന്നി.

കത്തിന്റെ സാരം…

‘…… ആക്ഷേപങ്ങളും പരിഹാസങ്ങളും കുത്തിനോവിക്കുമ്പോൾ ഒന്നോർക്കുക. അങ്ങനെയല്ലാതെ ഹൃദയം കൊണ്ടു നിങ്ങളെ നമസ്കരിക്കുന്ന ഒരുപാടു മലയാളികളുണ്ട്. കോപം, എതിർപ്പ് എന്നീ വികാരങ്ങൾ വളരെപ്പെട്ടെന്നു പുറത്തു വരുന്നു, മനുഷ്യന്. പക്ഷേ സ്നേഹവും അഭിനന്ദനവും അത്രയും ഊർജ്ജസ്വലതയോടെ പ്രകടിപ്പിക്കാറില്ല. അതുകൊണ്ട് എനിക്കു സംശയം. സ്നേഹമുള്ള മനസ്സുകളുടെ ഒരു ത്രാസ്സ് നിങ്ങൾക്കുവേണ്ടി താഴ്ന്നുനിൽക്കുന്നതു നിങ്ങൾ അറിയാതെ പോകുന്നുവോ എന്ന്..

യേശുദാസ് മരിക്കരുത്- എന്നും പാടിക്കൊണ്ടേയിരിക്കണം… ജഗതി ശ്രീകുമാർ മരിക്കരുത്, ഞങ്ങളെ എന്നും ചിരിപ്പിച്ചുകൊണ്ടേയിരിക്കണം.. മാധവിക്കുട്ടി മരിക്കരുത്, എന്നും ഞങ്ങൾക്കുവേണ്ടി എഴുതിക്കൊണ്ടേയിരിക്കണം.. എന്നു പ്രാർത്ഥിക്കുന്ന ഒരു മലയാളിയുടെ തീക്ഷ്ണത എന്റെ ഹൃദയത്തിനുണ്ട്. ഞങ്ങൾക്കീ ജീവിത കഠിന്യങ്ങളിലൂടെ കടന്നു പോകാൻ ജീവവായു പോലെ നിങ്ങളൊക്കെ അവശ്യ വസ്തുക്കളാണ്.

അതുകൊണ്ട് വേദനിക്കരുത്. കോപവും വിദ്വേഷവും വെറുപ്പും ജന്മനാ അച്ചടക്കമില്ലാത്ത വികാരങ്ങളാണ്. അത് ഉയിരെടുക്കുമ്പോഴേ പുറത്തു ചാടുന്നു. സ്നേഹവും ആദരവും ഒതുക്കവും എളിമയും കൊണ്ട് ഒരുപാടു ഹൃദയങ്ങളിൽ നിങ്ങൾക്കു വേണ്ടി ഒതുങ്ങിക്കഴിയുന്നു എന്നറിയുക…“

ഈ കത്തിനുള്ള മറുപടിയായിരുന്നു പെട്ടെന്നു വന്ന ഫോൺകോൾ…

2006ൽ postpone ചെയ്യാമെന്നു സമ്മതിച്ച മരണത്തെ 2009ൽ ക്ഷണിച്ചു വരുത്തിയിരിക്കും നീർമാതളം… ഒരുപാടു ഹൃദയങ്ങളുടെ ജീവവായു നഷ്ടപ്പെടുത്തിക്കൊണ്ടു കടന്നുപോയി പ്രിയപ്പെട്ട മാധവിക്കുട്ടി…

നമിക്കുന്നു പ്രിയപ്പെട്ടവളെ...

Tuesday, May 4, 2010

നനഞ്ഞുപോയ തീപ്പെട്ടിക്കമ്പ്


ഇന്നത്തെ അത്താഴം
നനഞ്ഞൊരു തീപ്പെട്ടിക്കമ്പിൽ
കെട്ടുപോയി
എവിടെയോ തേടി
എങ്ങനെയോ കൈവന്ന
ഒരുപിടിയരി
ഈ കണ്ണീർമഴയിൽ കുതിർത്ത്
എന്റെ ചങ്കിലെരിയുന്ന കനലിനാൽ
വേവിച്ചു നൽകാം നിനക്കെന്നോർത്തു ഞാൻ
പെരുമഴയിൽ കുതിർന്ന
നോവും ജീവിതപ്പാതയും
നെഞ്ചിലെ തീയും
നിന്റെയീ കണ്ണീരും ചേർത്തിനി
ഒരുമിച്ചു വേവിക്കാം ഓമനേ,
നാലുനാളുകൾക്കപ്പുറം
വിരുന്നു വന്നോരീ
അത്താഴത്തിന്..