Sunday, December 11, 2011

‘കൂട‘ക്കാരൻ കുഞ്ഞ്




എന്നിൽ നിന്നു നിന്റെ കണ്ണുകൾ
ഞെട്ടിമാറിയതെന്ത്?
എന്റെ നനുത്തൊരു ചോദ്യത്തിലും
നീ പുറംചുമരിനകത്തു കയറിയതെങ്ങനെ?

ഉള്ളിലധമം കെട്ടിത്തൂക്കി
നിന്റെ മുഖം ഭൂമിക്കു താഴെ പോയോ?
നിന്റെയുയിർ അവിടുന്നും താഴെയോ?
ഇല്ലോമനേ, എന്നുള്ളിൻ ഉറവയിൽ,
ഞങ്ങൾക്കുള്ളിൽ തിളച്ചു തൂവിയതു,
കണ്ടു കണ്ടു നീ കരി പിടിച്ചതല്ലേ..

നിന്റെ കീഴോട്ടു തൂങ്ങിയ കണ്ണുകൾ
ഇരുളെടുത്ത ഉൾബോധത്തൂണുകൾ
ഭൂമിയിൽ പതിച്ചു നിനക്കു
പാദങ്ങളാകുന്നതറിയുന്നു ഞാൻ

ഒരു വാലൻതുമ്പിയായതിൽ നീ
ആകാശനേരെ കാലുയർത്തി
വളർന്നു വിരിഞ്ഞു നിന്നിടുമ്പോൾ,
നിന്റെ കൺതൂണുകൾക്കു 
ചവിട്ടിത്താഴ്ത്തുവാൻ
എന്റെ പത്തികൾ ഉള്ളൊതുക്കി,
വാമനമുന്നിലെ മാവേലിയായി
നിന്റെ രൂപം വണങ്ങിടുന്നു..

Sunday, October 23, 2011

പൈപ്പുകൾ


പൈപ്പുകൾ-
ജീവന്റെ അകത്തും പുറത്തും
പൈപ്പുകൾ

ജീവനെച്ചുറ്റി,
ഹൃദയത്തെ വലംവച്ച്
രക്തവും
മലവും മൂത്രവും വഹിച്ച്
പൈപ്പുകൾ

പുറത്ത്-
മലവും മൂത്രവും
അഴുക്കുവെള്ളവുമായി
ഫ്ലാറ്റിനെച്ചുറ്റി
പൈപ്പുകൾ

ഉള്ളിൽ വേവും
തീച്ചൂടും നൽകി
പൈപ്പുകൾ
പണിമുടക്കുമ്പോൾ,
ഈ ജീവിതം
തറഞ്ഞു നിൽക്കുന്നു

Friday, September 30, 2011

നവരസങ്ങൾ

ഒരുമിച്ചുറങ്ങി എന്നറിഞ്ഞ്
നിന്റെ മുഖത്തെന്തിനു നവരസങ്ങൾ?
ഒരുമിച്ചുണർന്നിരുന്നു
എന്നറിയുമ്പോഴല്ലേ അതു വേണ്ടത്??


Friday, September 2, 2011

സൂക്ഷിച്ചുനോക്കൂ



മനസ്സിനടിയിലെ മുൾപ്പടർപ്പിൽ
കാൽപ്പാടുകൾ അനവധി
ആരൊക്കെയോ വഴി നടന്നതാണ്...

പാദങ്ങളിലെ മുറിവുകളോ
അതോ ഈ ഹൃദയത്തിൽനിന്നൂറി
പാദങ്ങൾക്കു കുളിരായ രക്തമോ
ഇത്രയേറെ പാടുകൾ!!
സൂക്ഷിച്ചുനോക്കട്ടെ..

(സൈകതത്തിൽ പ്രസിദ്ധീകരിച്ചത്)

Friday, July 29, 2011

കഞ്ഞിയിസ്ക്കൂൾ



പുതിയൊരു മൊബൈൽ മോഡലിനു
കരഞ്ഞുറങ്ങുന്നു,
മിനുസമുള്ള തലയിണയിൽ-
എന്റെ മകൻ

തൊണ്ടയിൽ കുരുങ്ങിയ
ഒരു വറ്റ്
കണ്ണുതുറിച്ചെന്റെ
നെഞ്ചിനോടു കേഴുകയാണ്.

ഒരു നേരത്തെ കഞ്ഞി..
ഒരു നേരത്തെ കഞ്ഞി..

വരണ്ടുണങ്ങി,
ആത്മാവു പറന്നു പോകുന്ന
കുഞ്ഞുമുഖങ്ങൾ
ടിവി അവതാരകന്റെ മുഖം
കൌതുകമില്ലാതെ
പരതുന്നു..

അവരെ കയറ്റാത്ത സ്കൂളാണത്രെ,
ഒരു നേരത്തെ കഞ്ഞിയിസ്ക്കൂൾ-

പൌഡറിട്ടു മുടിചീകാതെ,
നെറുകയിൽ ഉമ്മയുടെ സാന്ത്വനമറിയാതെ,
കാത്തിരിക്കുന്നത്,
കേൾക്കാത്ത സ്കൂൾജീപ്പിന്റെ മൂളലാണ്..

ഉച്ച, കിളുന്തു വയറിനെ
ഞൊറിപിടിപ്പിച്ച്,
ഊരിപ്പോകുന്ന നിക്കറിനെ
പുച്ഛിച്ചിട്ടും
കഞ്ഞി ജീപ്പു വന്നില്ല..

കഞ്ഞിയിസ്ക്കൂളിൽ അവരെയിനി വേണ്ടത്രെ.
അവിടെ തലയെണ്ണൽ കഴിഞ്ഞത്രെ.



Thursday, July 7, 2011

സർദാർജിപ്പയ്യനും കുറെ മലയാളിജന്മങ്ങളും…


മകളുടെ മലയാളി സുഹൃത്തിനോടു സർദാർജിപ്പയ്യനു പ്രണയം!  ഇപ്പോൾ തുടങ്ങിയതൊന്നുമല്ല.  ആറാം ക്ലാസ്സു മുതലേ അവൻ പിന്നാലെ.  അവൾ ‘ഫ ഫ’ എന്നാട്ടിക്കൊണ്ടു മുന്നാലെ.. സൈക്കിൾ ചവിട്ടാറായ കാലം മുതൽ സൈക്കിളിൽ വൈകുന്നേരങ്ങളിലും അവധിദിവസങ്ങളിലും അവളുടെ വീടിരിക്കുന്ന കോളനിയിൽ കറങ്ങിക്കൊണ്ടിരിക്കും മജ്നു. അവളുടെ ചേച്ചി പലതവണ വിരട്ടിവിട്ടിട്ടുണ്ട്. ഏശിയിട്ടില്ല.

12 വരെ മിക്കവാറും എല്ലാ വർഷങ്ങളിലും ഒരുമിച്ചു പഠിച്ചു. എട്ടിൽ പഠിക്കുമ്പോൾ അവളെത്തന്നെ നോക്കിയിരിക്കുന്നു എന്ന കുറ്റത്തിനു ടീച്ചർ ക്ലാസ്സിൽ നിന്നു പുറത്താക്കി. അപ്പോൾ കക്ഷി സൌകര്യമായി ജനലിലൂടെ അവളെ നോക്കിനിന്നു.  ടീച്ചർ ചെവിക്കു പിടിച്ചു പ്രിൻസിപ്പാളിന്റടുത്തു ഹാജരാക്കി. പ്രിൻസിപ്പാളിനോടു ‘മേം ഉസ്സേ പ്യാർ കർതാ ഹൂം.’ എന്നു ധീരതയോടെ പറഞ്ഞു അടിയും വാങ്ങി. അതുകൊണ്ടു ഒമ്പതിൽ വേറെ വേറെ ക്ലാസ്സിൽ ഇരിക്കേണ്ടി വന്നു.  പത്തു കഴിഞ്ഞപ്പോൾ അവളെടുത്ത ഗ്രൂപ്പു കിട്ടാൻ, പ്രിൻസിപ്പാളിനെ പലതവണ ദണ്ഡനമസ്കാരം ചെയ്ത് കിട്ടിയ കോമേഴ്സ് ഗ്രൂപ്പു മാറി സയൻസ് ഗ്രൂപ്പിൽ വന്നു.  എന്നിട്ടും കൂട്ടുകാരി കനിഞ്ഞില്ല!

പന്ത്രണ്ടാം ക്ലാസ്സിൽ അവസാന മാസം അവന്റെ ഹൃദയം തകർന്നു തൂങ്ങാൻ തുടങ്ങി. ആറു വർഷത്തെ കൌമാര പ്രയത്നം തീർത്തും വെള്ളത്തിലാണെന്ന അറിവ് അവനെ തളർത്തി. അടുക്കാൻ ശ്രമിക്കുന്തോറും കൂട്ടുകാരിക്കു ഉശിരു കയറി വെറുപ്പിനും ആട്ടലിനും ശക്തികൂടി.  അവൾ വേറെ ആരെയോ വായിൽ നോക്കുന്നു എന്ന സംശയം കൂടെയായപ്പോൾ സർദാർജിപ്പയ്യനു കെട്ടിളകാൻ തുടങ്ങി..

എന്തായാലും ഇതെല്ലാമറിയുന്ന മകൾക്കും അവളുടെ മറ്റൊരു മലയാളി കൂട്ടുകാരിക്കും സർദാർജീസിനോടു അതിയായ സഹതാപം തോന്നി. അവർ ആശ്വസിപ്പിച്ചു. പയ്യൻസ് അവരുടെ മുമ്പിൽ പൊട്ടിക്കരഞ്ഞു. തകർന്നു തരിപ്പണമായി കരഞ്ഞു എന്നാണു മകളുടെ റിപ്പോർട്ട്. മകളുടെ ആശ്വസിപ്പിക്കൽ കൂട്ടുകാരി, “നിന്റെ ഈ പ്രകടനം അവളുടെ അടുത്തു നടത്തിയാൽ ചിലപ്പോൾ നിന്റെ അരി വേവും“ എന്നു പറഞ്ഞു കളിയാക്കിയപ്പോൾ അവൻ ഏങ്ങലടിച്ചു പോയി എന്നാണു മകളുടെ കദനകഥാപാരായണം.

എന്തായാലും മകൾക്കു പാവം തോന്നി. അവൾ എസ് എം എസ് അയയ്ക്കുകയും തുടർച്ചയായി സംസാരിക്കുകയും ഒക്കെ ചെയ്ത് സർദാർജീസിനെ ആശ്വസിപ്പിച്ചു. സർദാർജി ആശ്വാസം സ്വീകരിച്ച് ക്രമേണ അവസാനപരീക്ഷയടുത്തപ്പോഴേക്കും ഉന്മേഷവാനാവുകയും പരീക്ഷ നന്നായി എഴുതുകയും ചെയ്തു. മകൾ അതു വളരെ വലിയ ക്രെഡിറ്റായി എടുത്തു.  “അവൻ തോറ്റുപോയേനെ അമ്മാ.- ഞാനില്ലായിരുന്നെങ്കിൽ..” എന്നൊക്കെയുള്ള ഡയലോഗുകൾ വന്നു തുടങ്ങി. ഞാനതു കേട്ടു തലകുലുക്കുകയും ചെയ്തു.

ക്രമേണ സർദാർജീസിനു മകളോടു കമ്പമായിത്തുടങ്ങി അവന്റെ ഒരു മെസ്സേജ് മകൾ കാണിച്ചു.  “നീയില്ലാതെ ഞാനില്ലൈ..” എന്ന മട്ടിലുള്ള ഒരു മെസ്സേജ്.  “ഇവനു പിന്നേയും പ്രാന്തായീന്നാ തോന്നണത് അമ്മാ..” എന്നും പറഞ്ഞു അവൾ ഫോൺ മേശപ്പുറത്തിട്ടു പോയി. ഞാൻ മിണ്ടാതെ ഫോണെടുത്ത് “നീ പോടാ ചെക്കാ” എന്നു മംഗ്ലീഷിലടിച്ച്, അയച്ച മെസ്സേജ് ഡിലിറ്റ് ചെയ്തു വച്ചു.

ശേഷം കേട്ടത്- അവനതു ഏതോ മലയാളിപ്പയ്യനെ കാണിച്ചു. അവൻ ഞാനെഴുതിയതിന്റെ അർത്ഥം  “ഐ ലൌ യു” എന്നു വരുന്ന മലയാളമാണെന്നു ഇവനോടു പറഞ്ഞു കൊടുത്തു എന്നാണ്.

അതുകേട്ടു ആവേശം മൂത്ത് സടകുടഞ്ഞെണീറ്റ സർദാർജീസ് തുരുതുരാ ലൌ മെസ്സേജസ് അയയ്ക്കാൻ തുടങ്ങി.  അതുകണ്ട് മകൾ കലികയറി “പോയി അടുത്തുള്ള കുളത്തിൽ മുങ്ങിച്ചാവാൻ”  മറുവടിയും കൊടുത്തു.

അങ്ങനെ അവർ അടിച്ചു പിരിഞ്ഞു.

പക്ഷേ അവൾ പിന്നീട് അവനോടു വിശദമായി കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. ഞാനയച്ച മെസ്സേജ് കക്ഷി പൊന്നു പോലെ സൂക്ഷിച്ചു വച്ചിരുന്നു!. ശേഷം അവൾ എന്നോടു തുള്ളി..”ഞാനാ പൊട്ടനെ പറഞ്ഞു മനസ്സിലാക്കുമായിരുന്നു. അമ്മയെന്തിനാ ഇടയിലൂടെ കയ്യിട്ടവന്റെ കഴുത്തിൽ പിടിച്ചു ഞെക്കിയത്? .”  എന്നെല്ലാം പറഞ്ഞവൾ ഫോണിലെ മെസ്സേജ് ബോക്സിനു പാസ്സ് വേഡും ഇട്ടു.  “..അമ്മയാണു ആ പണി ചെയ്തതെന്നു ഞാനാ കിഴങ്ങനോടു പറഞ്ഞില്ല!“. എന്നവൾ പല്ലുകടിച്ചു പിടിച്ചു പറഞ്ഞു.  ഞാൻ അവളെ നന്ദിയോടെ നോക്കി.

.“ഞാനാ അയച്ചതെന്നാ അവൻ വിചാരിച്ചിരിക്കുന്നത്. എന്തായാലും കാര്യം മനസ്സിലായപ്പോൾ കുറെ ചിരിച്ചു അവൻ. ചെക്കൻ നോർമ്മലായീന്നാ തോന്നണേ..“

സർദാർജിപ്പയ്യൻസ് രോഗവിമുക്തനായതിൽ എനിക്കു സന്തോഷമുണ്ട്.

പക്ഷേ, വരുന്ന മെസ്സേജുകൾ വായിക്കാനോ ‘വേണ്ടവിധം‘ പ്രതികരിക്കാനോ നിവൃത്തിയില്ലാതെ ഞാനിപ്പോൾ വിഴുങ്ങസ്യ എന്നിരിപ്പാണ്

Tuesday, May 17, 2011

ചേച്ചി


ഈ തോണിയിൽ മുട്ടിയുരുമ്മി
കുശലം ചോദിച്ച
ഓളങ്ങളോടു
ഞാൻ പറഞ്ഞു

അനിയനും കുടുംബവും
സുഖമായിരിക്കുന്നു.
പാർക്കാൻ പോയിട്ട്
തിരിച്ചു പോന്നത്.

ഗർഭിണിയായ
അനിയത്തിയുടെ
പ്രസവം നോക്കാൻ
കന്യകയായ ചേച്ചി
ഉചിതയല്ലല്ലോ..

ആപത്ശങ്കകളുടെ
നിറവയറോടെ
അവൾ തേങ്ങുന്നതും
പ്രാകുന്നതും കേൾക്കാതിരിക്കാൻ
എനിക്കു ദൈവം
ചെവിയ്ക്കടപ്പും തന്നില്ല..

ഭംഗിയായി തുടച്ചു നീക്കപ്പെടാൻ,
ഞാൻ വെറുമൊരു
ചാണകപ്പൊട്ടല്ലേന്ന്.

കാലം ശിരസ്സിൽ
തിരുട വച്ചു കയറ്റിയ
ഭാരങ്ങളേതും പൂർത്തിയായി.

തിരുവാതിര കളിച്ച്
മുങ്ങിനിവർന്ന്
ഇനിയീ ഓളങ്ങളിൽ
ചെടിക്കാതെ അമരട്ടെ.
  
എനിക്കു വേണ്ടതോ?
അഴിഞ്ഞു പോകാതെ
ഈ ചങ്ങല
അല്പം അഴച്ചു തരിക-
വേദനിക്കുന്നു

Monday, April 18, 2011

ഉയിർപ്പ്





ഹൃദയത്തിൽ കനത്ത
റബ്ബർത്തുടലും കൊളുത്തി
ഞാൻ ഓടിയകലുകയാണ്
നിന്നിൽ നിന്ന്..


നീ സമൃദ്ധമായി
അഴച്ചഴച്ചു തരുന്ന
റബ്ബർത്തുടലും
ഹൃദയത്തിൽ കൊളുത്തി,
നിന്നിൽ നിന്നും ഞാൻ
ഓടുകയാണ്.

വലിവു തീർന്നു
ഞാൻ
താങ്ങാവുന്നതിലും
ശക്തിയോടെ
പുറകോട്ടലച്ചു
നിന്നിൽ വന്നു വീഴുമ്പോൾ
എനിക്കും നിനക്കും
പരിക്ക് ഒരുപോലെ.

എന്നിട്ടോ?
വീണ്ടും എണീക്കുന്നതു
കണിക്കൊന്നയും കയ്യിലേന്തി.
കണ്ണിലും ചുണ്ടിലും
ഉള്ളിലും ഉടലിലും
പൂത്തകണിക്കൊന്നയുടെ
തിളങ്ങുന്ന
മഞ്ഞയുമായി
വീണ്ടുമുണരുന്നു ഞാൻ.

(മലയാള നാട് പ്രസിദ്ധീകരിച്ച കവിത) 

Sunday, April 10, 2011

ഒരു സങ്കീർത്തനം കൂടെ


 എന്റെ ദൈവമേ
എന്റെ ദൈവമേ
കടിച്ചു കീറപ്പെടുന്ന
എന്റെ കുഞ്ഞിന്റെ രോദനം
അവിടുന്നു കേൾക്കുന്നില്ലേ?

അവിടുന്നു ഉറങ്ങുന്നതെന്ത്?

ആന്തരാവയവങ്ങളും
ചവച്ചു തിന്നും
കരിങ്കാട്ടാളർ,
എന്റെ മനക്കണ്ണിനു മുൻപിലവളെ
വേവാൻ വച്ചിരിക്കുന്നു..

ഭീതികൊണ്ടെന്റെ കണ്ണുകൾ
ഉടഞ്ഞു കലങ്ങിയിരിക്കുന്നു..
ആധികൊണ്ടെന്റെ അടിവയർ
ചുരുങ്ങിയമരുന്നു..

അവൾ കുടിച്ച മുലകൾ
വേദന വിങ്ങി,
രക്തം ചുരത്തുന്നു..

അങ്ങ് എന്നെ വലിച്ചെറിഞ്ഞു
കളഞ്ഞതെന്ത്..?

നെഞ്ചിൽ കുരുങ്ങിയ,
ഈ അനങ്ങാക്കല്ലിൽ
എന്റെ കുഞ്ഞിന്റെ
ജീവിതമരയുന്ന കരിമണം
ഞാനറിയുന്നു പ്രഭോ..

എന്റെ രക്തത്തിനു രക്തവും
മാംസത്തിനു മാംസവുമായവളെ,
പിരിഞ്ഞ കൊക്കിൽ
തൂങ്ങിയുയരുന്ന
നിന്റെ ദേഹവും പ്രാണനും
വിളറികണ്ണടച്ച നിന്റെ
രക്തം മറന്ന മുഖവും
എന്റെ മനസ്സിന്റെ ഉമ്മറപ്പടിയിൽ
അവരുടെ കുടൽമാല
നിരന്തരം കോർക്കുന്നു..

ദൈവമേ ഈ നുറുങ്ങിയ ഹൃദയത്തെ
അവിടുന്നു നിരസിക്കരുതേ..

എന്റെ പഴകിയ കലവറകളിൽ
ഈ പുതിയ വിഷവീഞ്ഞ്
നുര വീഴുന്നത്
അവിടുന്നു കാണുന്നില്ലേ?

എന്റെ ഹൃദയത്തിലൂടെ
കടന്നു കയറുന്ന ഈ ഈർച്ചവാൾ!

Tuesday, March 29, 2011

ഇതു നിനക്കുള്ളത്



എന്റെ പ്രണയത്തെ
നിന്റെ പാദത്തിൽ
വച്ചു ഞാൻ
പ്രണമിച്ചു.

നീയതിനുവേണ്ടി
പണിത
സ്വർണ്ണത്തളികയും
രത്നകിരീടവും
അതിമനോഹരമെന്നുകണ്ട്
ഞാൻ ആഹ്ലാദിക്കുന്നു

എന്നിട്ടും നീ ശങ്കിക്കുന്നു
ഇതെനിക്കുള്ളതോ?
ഇതു മുഴുവനുമോ?

എന്നിലെ അശാന്തിയുടെ
കടൽ
പണിതുയർത്തിയതാണത്.
ഭാരമുണ്ട്
നീ
സൂക്ഷിക്കണം. 

എങ്കിലും,
ഞാൻ പറയുന്നു
ഇതു നിനക്കുള്ളത്
ജീവന്റെ
നിറവും കതിരും
ചോരാതെ ചെരിയാതെ
ഞാൻ
നിനക്കായി
ഒരുക്കിയത്

Saturday, March 12, 2011

അമ്മയുടെ പിഴ


മകളെ,
കഴിയുമെങ്കിൽ
എനിക്കൊരു ജന്മം കൂടെ
തരിക നീ.

എന്റെ പിഴകളെണ്ണി
നിന്നെ കാത്തുരക്ഷിക്കാൻ
നീയെനിക്കു 
വരം തരിക.

അമ്മ പൊത്തിപ്പിടിച്ചില്ല
നിന്നെ-
കാത്തുസൂക്ഷിച്ചില്ല നിന്നെ
അമ്മയുടെ പിഴ

ലോകത്തിന്റെ കറുപ്പ്
നിന്നിൽ പതിച്ചു
നീ കരുവാളിച്ചതും
നിന്നിൽ പുകഞ്ഞ
ഭീതിയുടെ തിരി
കത്തിക്കയറിയതും
അമ്മയുടെ പിഴ

കാത്തിരുന്നു
കാത്തുസൂക്ഷിക്കാൻ
ആവതില്ലാതെ പോയതും
ആറാമിന്ദ്രിയം
കണ്ണടച്ചിരുന്നതും
അമ്മയുടെ പിഴ-

മകളെ,
നീയമ്മയ്ക്കൊരു
ജന്മം കൂടെ
തരിക

കണ്ണുനീരെണ്ണയിൽ
തെളിയുന്ന
ഈ ജന്മത്തിരിയിൽ
നിന്നെ കാത്തുകൊള്ളാൻ
ഒരവസരം കൂടെ
തരിക നീ

ഉള്ളിൽ കുമിയുന്ന
നൊമ്പരമർപ്പിച്ച്
നിന്റെ ചലനമറ്റ പാദങ്ങൾ
ഞാൻ കഴുകാം.

കബളിപ്പിക്കപ്പെടുന്ന
അമ്മത്വം-
പൊറുക്കാത്ത ഈ നോവ്
അസ്തമിക്കാത്ത ഈ നീറൽ
തീരാത്ത ഈ മുറിവ്
നിന്റെ പാദാർപ്പണം
അമ്മയുടെ ജീവന്റെ
പിഴയർപ്പണം..

Tuesday, February 1, 2011

ലക്ഷ്മി



ലക്ഷ്മിയവൾ, പതിന്നാലുകാരി,യെന്നേ
മരണമൊഴി കരൾ രോഗം നൽകിയവൾ
പത്തുകുപ്പിവെള്ളംചോർത്തും നിരന്തരം
പത്തുമാസമൊത്ത വയറും, തേഞ്ഞമ്പിയ
നെഞ്ചിൻ കൂടു താങ്ങും ഈർക്കിലിക്കാൽകളും
അവസാനമെന്നാണു മാസമോ വർഷമോ?

വേദന തഴമ്പിച്ച ഹൃദയവുമായന്ന്
ഞാനും ഹതഭാഗ്യ പൊന്നുമകൾക്കൊപ്പം
ആസ്പത്രിക്കട്ടിലിൽ ഞങ്ങളയൽക്കാരായ്
പങ്കിട്ടു വേദന, പരസ്പരം തോളത്ത്

ബീഹാറിക്കുടുംബം, മാതാപിതാക്കളും
കുസൃതിക്കുഞ്ഞുങ്ങൾ മൂന്നനിയന്മാരും
ലക്ഷ്മിയലറാത്ത നേരമില്ലൊട്ടുമേ
ഭരിക്കുന്നു പിടിവാശിയമർഷമെല്ലായ്പോഴും

‘മാറ്റിവച്ചാലീ കരൾ നേരെയായിടും’
ആരോ പറഞ്ഞൊരാ സാധ്യത പിന്നാലെ,
വലതുകാൽ വയ്ക്കുന്ന മരണത്തിനെ തട്ടി
ജീവനകത്തേക്കു അള്ളിവലിച്ചിടാൻ
പായുന്നവൾ കുഞ്ഞ് ഡോക്ടർക്കു പിന്നാലെ
മരണം സുനിശ്ചിതം ഡോക്ടററിയുന്നു

അമ്മ വിതുമ്പുന്നു “മാഡം പറയാമോ?
കരൾ മാറ്റൽ കൊണ്ടൊന്നും രക്ഷയവൾക്കില്ല-
ആരോ വെറുതെ പറഞ്ഞു പോയവളോട്
ഇവളിന്നു പായുന്നു ഡോക്ടർക്കു പിന്നാലെ.

ഡോക്ടർ പറഞ്ഞിട്ടും മാനിക്കുന്നില്ലവൾ
മനസ്സിലാക്കിക്കുവാൻ എന്നോടയാളിന്ന്.
മാഡം പറയാമോ രക്ഷയില്ലെന്നത്?
ശസ്ത്രക്രിയയൊന്നും വേണ്ടയിനിയെന്ന്?”

ഒറ്റയ്ക്കു കിട്ടിയ നേരത്തു നേർത്തൊരാ
ഈർക്കിലിക്കയ്യുകൾ കയ്യിലെടുത്തു ഞാൻ
നാവുണങ്ങിയെന്റെ ശബ്ദം വിറച്ചിട്ടും
കല്ലുകൊണ്ടാക്കിയ ഹൃദയം പിടച്ചിട്ടും

പറഞ്ഞുപോയ് “മോളേ, നീയിന്നറിയണം
ആരോ പറഞ്ഞതു വെറുമൊരു സാധ്യത
രക്ഷക്കവരൊന്നും കാണുന്നതില്ലിനി
കുഞ്ഞേ നീയെന്റെയീ വാക്കുപൊറുക്കുക..”

കുണ്ടിലായ് തീർന്നൊരാ കണ്ണുകൾ രണ്ടുമെൻ
കണ്ണിലിടഞ്ഞു കൊളുത്തി വലിച്ചു-
പുറത്തിട്ടു കണ്ണീരൊലിപ്പിച്ചു പൊള്ളിച്ചു
പഞ്ചേന്ദ്രിയങ്ങളിൽ തീച്ചൂടറിഞ്ഞു ഞാൻ..

“ഇല്ലാന്റീ- നന്നായറിയുന്നു ഞാനത്-
എൻ വിധിയാരാലും മാറ്റപ്പെടില്ലെന്നും
എങ്കിലും ഞാനിന്നു ഓപ്പറേഷൻ വേണം
എന്നു കെഞ്ചുന്നതു എൻ രക്ഷക്കായല്ല..

എൻസോദരർ മൂന്നും പഠിക്കാതെയായിട്ട്
മൂന്നു വർഷം അവർ അയല്പക്കം തെണ്ടുന്നു
അച്ഛൻ പണിക്കൊട്ടു പോകുവാൻ വയ്യല്ലോ
മാസത്തിൽ പകുതിയും ഇവിടെയായ് തീരുന്നു

മൂടുന്നു ഞാനെന്ന കുഴിയിലായവരുടെ
ഭാവിയും ജീവിതസ്വപ്നങ്ങളൊക്കെയും
എനിക്കിനി മതിയാന്റീ വേഗം മരിയ്ക്കണം
അതിനായി മാത്രം ഞാനിന്നു കെഞ്ചീടുന്നു

ഇല്ലയത്യാഗ്രഹം ജീവിതം കിട്ടുവാൻ
മരണമൊന്നു മാത്രമിനിയെനിക്കാഗ്രഹം
അവരറിയരുതെന്റെ ഉള്ളിന്റെ വേദന
അതിനാലേ എന്റെയീ കോപവും താപവും

രക്ഷപ്പെടാനെന്ന് അവരോർത്തുകൊള്ളട്ടെ
രക്ഷയവർക്കെന്നു അവരറിഞ്ഞീടേണ്ട.“

വാമനരൂപം വളർന്നതു കണ്ടെന്റെ
നാവുണങ്ങി പിന്നെ ശിരസ്സു നമിച്ചു ഞാൻ.
കർണ്ണനുപിറക്കാതെ പോയോരു പുത്രിയോ
സ്വ-ജീവനർപ്പിച്ചൊരു യാഗം കഴിപ്പവൾ!

ഉരിയാടിയില്ലന്നു രണ്ടുപേരോടും ഞാൻ
ലക്ഷ്മിയല്പം ശാന്ത അമ്മയ്ക്കും സന്തോഷം
നന്ദി പറഞ്ഞമ്മ കെട്ടിപ്പിടിച്ചന്ന്
വേഗം നടന്നു മുഖം കൊടുക്കാതെ ഞാൻ

ഡിസ്ചാർജു വാങ്ങി, ഞങ്ങൾ രണ്ടാംദിനം
നമസ്തെ പറഞ്ഞന്നു വീടെത്തി പിന്നീട്
കണ്ടില്ല കേട്ടില്ല ലക്ഷ്മിയെ പിന്നെ ഞാൻ
മറഞ്ഞിരിക്കും അവൾ രക്ഷ ദാനം നൽകി..

ഇന്നും ഇട നെഞ്ചിലാമുഖം വിങ്ങുന്നു.
നമിക്കുന്നു ഉള്ളാലാനൈർമ്മല്ല്യമലരിനെ...