Monday, April 18, 2011

ഉയിർപ്പ്

ഹൃദയത്തിൽ കനത്ത
റബ്ബർത്തുടലും കൊളുത്തി
ഞാൻ ഓടിയകലുകയാണ്
നിന്നിൽ നിന്ന്..


നീ സമൃദ്ധമായി
അഴച്ചഴച്ചു തരുന്ന
റബ്ബർത്തുടലും
ഹൃദയത്തിൽ കൊളുത്തി,
നിന്നിൽ നിന്നും ഞാൻ
ഓടുകയാണ്.

വലിവു തീർന്നു
ഞാൻ
താങ്ങാവുന്നതിലും
ശക്തിയോടെ
പുറകോട്ടലച്ചു
നിന്നിൽ വന്നു വീഴുമ്പോൾ
എനിക്കും നിനക്കും
പരിക്ക് ഒരുപോലെ.

എന്നിട്ടോ?
വീണ്ടും എണീക്കുന്നതു
കണിക്കൊന്നയും കയ്യിലേന്തി.
കണ്ണിലും ചുണ്ടിലും
ഉള്ളിലും ഉടലിലും
പൂത്തകണിക്കൊന്നയുടെ
തിളങ്ങുന്ന
മഞ്ഞയുമായി
വീണ്ടുമുണരുന്നു ഞാൻ.

(മലയാള നാട് പ്രസിദ്ധീകരിച്ച കവിത) 

Sunday, April 10, 2011

ഒരു സങ്കീർത്തനം കൂടെ


 എന്റെ ദൈവമേ
എന്റെ ദൈവമേ
കടിച്ചു കീറപ്പെടുന്ന
എന്റെ കുഞ്ഞിന്റെ രോദനം
അവിടുന്നു കേൾക്കുന്നില്ലേ?

അവിടുന്നു ഉറങ്ങുന്നതെന്ത്?

ആന്തരാവയവങ്ങളും
ചവച്ചു തിന്നും
കരിങ്കാട്ടാളർ,
എന്റെ മനക്കണ്ണിനു മുൻപിലവളെ
വേവാൻ വച്ചിരിക്കുന്നു..

ഭീതികൊണ്ടെന്റെ കണ്ണുകൾ
ഉടഞ്ഞു കലങ്ങിയിരിക്കുന്നു..
ആധികൊണ്ടെന്റെ അടിവയർ
ചുരുങ്ങിയമരുന്നു..

അവൾ കുടിച്ച മുലകൾ
വേദന വിങ്ങി,
രക്തം ചുരത്തുന്നു..

അങ്ങ് എന്നെ വലിച്ചെറിഞ്ഞു
കളഞ്ഞതെന്ത്..?

നെഞ്ചിൽ കുരുങ്ങിയ,
ഈ അനങ്ങാക്കല്ലിൽ
എന്റെ കുഞ്ഞിന്റെ
ജീവിതമരയുന്ന കരിമണം
ഞാനറിയുന്നു പ്രഭോ..

എന്റെ രക്തത്തിനു രക്തവും
മാംസത്തിനു മാംസവുമായവളെ,
പിരിഞ്ഞ കൊക്കിൽ
തൂങ്ങിയുയരുന്ന
നിന്റെ ദേഹവും പ്രാണനും
വിളറികണ്ണടച്ച നിന്റെ
രക്തം മറന്ന മുഖവും
എന്റെ മനസ്സിന്റെ ഉമ്മറപ്പടിയിൽ
അവരുടെ കുടൽമാല
നിരന്തരം കോർക്കുന്നു..

ദൈവമേ ഈ നുറുങ്ങിയ ഹൃദയത്തെ
അവിടുന്നു നിരസിക്കരുതേ..

എന്റെ പഴകിയ കലവറകളിൽ
ഈ പുതിയ വിഷവീഞ്ഞ്
നുര വീഴുന്നത്
അവിടുന്നു കാണുന്നില്ലേ?

എന്റെ ഹൃദയത്തിലൂടെ
കടന്നു കയറുന്ന ഈ ഈർച്ചവാൾ!