Monday, December 17, 2012

ഭൂമി ധ്യാനിക്കപ്പെടുകയാണുഇരു കൈകളാല്‍ കാതുപൊത്തി
കണ്ണുകളടച്ച്
പാതിരാവിന്റെ നിശ്ശബ്ദതകളില്‍
ഭൂമി ധ്യാനിക്കപ്പെടുകയാണു

തകര്‍ന്നുടഞ്ഞ കൊളാഷുകളുടെ
കാല്‍നടകളില്‍
കറുത്ത ചില്ലുമുറികളില്‍
തിരുമനഃപ്രതിഷ്ഠ

അകത്തുകൊല്ലപ്പെടുന്ന പന്നിയുടെ കരച്ചില്‍
കാഴ്ചകൂടാതെ, അറുംകൊല
പുറത്തുവിളിച്ചറിയിക്കുന്നതുപോലെ
മരണത്തിന്റെ കുഴല്‍ വിളികള്‍
അകത്തളങ്ങളില്‍ നിന്നു പുറത്തേക്ക്
ധ്യാനിക്കപ്പെടുകയാണു

ഭയന്നു വട്ടച്ച കണ്ണുകളുള്ള
പെണ്‍കുഞ്ഞുങ്ങള്‍
ഇരുട്ടേ, നീയെന്ന കണ്ണാടിയില്‍
മുഖം നോക്കുന്നത്-

കറുത്ത കരിന്തുടകളില്‍,
ഒലിച്ചിറങ്ങിയ കീറല്‍ വടുക്കളുമായി
തകര്‍ന്ന ബിംബം
അജന്തക്കരികില്‍,
ഇന്നിന്റെ ശില്പം

ചുട്ടെടുത്ത കുഞ്ഞുടലുകള്‍
പല്ലില്‍ കോര്‍ത്ത
ഭൂപടങ്ങള്‍,
മുഖചിത്രങ്ങളോടെ
റെഡ് ലൈറ്റുകളില്‍
വന്യമായി സര്‍ക്കസു കളിച്ച്
ഭയം മാത്രം മുട്ടയിടുന്ന
വികൃതജീവിയാക്കി
ജീവനെ തുടലിലിടുന്നു

അര്‍ബുദത്തിന്റെ കരളല്‍
അയലങ്ങളിലെ വാവല്‍ച്ചിറകടികളില്‍
ഊറിച്ചിരിക്കുന്ന ധ്വനികള്‍
തൂങ്ങിയാടുന്ന കൂട്ടമണികളില്‍
തകര്‍ത്തു കൊട്ടുന്ന തിരുമണ്ഡലങ്ങളില്‍
ഭൂമി-
ധ്യാനിക്കപ്പെടുകയാണു..


Saturday, November 3, 2012

മക്കള്‍ എന്ന പുഞ്ചിരി
കര്‍മ്മകാണ്ഡത്തിന്റെ നൂലേണിച്ചുറ്റില്‍
വിശ്രമം തേടുന്ന ജീവിതപാതയില്‍
ഷിംലക്കരികിലായ് കുഫ്റിക്കയറ്റം
കുതിരക്കു പാങ്ങുള്ള കേറ്റിറക്കം

കല്ലിലും മണ്ണിലും ഇഴുകിയ പാതകള്‍
മേലോട്ടു താഴോട്ടൊഴുക്കിലൂടെ
മുന്നില്‍ കുതിരപ്പുറത്തു മകള്‍
പിന്നില്‍ കുതിരയും ഞാനും കയറ്റം

ഏതോ മകന്‍ മുന്നിലിറങ്ങിടുന്നു
പിന്നാലെയച്ഛന്‍ കുതിരപ്പുറത്ത്

വല്ലാതെ തിരിയുന്നൂ കുമാരന്‍ കഴുത്ത്
മകള്‍ക്കൊപ്പം ഡിഗ്രിക്കളവു കൂടി
ശാസനാനോട്ടത്തില്‍ അച്ഛന്‍ മുഖം
പിന്നയാള്‍ കണ്ടെന്റെ അമ്മമുഖം

ഒന്നു ശങ്കിച്ചു, തടഞ്ഞു നിന്ന്
എന്നിലെ പുഞ്ചിരി നാളം പകര്‍ന്നു

മക്കള്‍ എന്നൊരാ പുഞ്ചിരിയില്‍
തര്‍ജ്ജമ വേണ്ടാത്ത ലോകഭാഷ
മിണ്ടാതെ മിണ്ടി കടന്നു പോയി
നൈര്‍മ്മല്ല്യകാല്‍ത്താളം കൂടെയേറ്റി


Sunday, September 16, 2012

തീരാതെ ജന്മംഇരുണ്ട പുതുപ്രദേശങ്ങളിലൂടെ
ഒറ്റയ്ക്കു തികട്ടുന്ന ആധി
പുറകോട്ടു തള്ളുന്നൊരിടനാഴി

ഭയത്തിന്റെ ചുമരു പറ്റിച്ചേരലുകളില്‍
കണ്ണു തുളയ്ക്കുന്ന വെളിച്ചം
വെളിപ്പെടലുകള്‍

മറവികളില്‍ ആണി കയറുന്ന
പതിഞ്ഞ ശബ്ദം

കൂടെ തിളച്ചു, ആറിയ വെള്ളത്തിന്റെ
തൊട്ടിലാട്ടുന്ന കനിവ്

മുകളിലേക്കു വലിക്കുന്ന മാനക്കണ്ണില്‍
പലമടക്കായി തൂങ്ങിനില്‍ക്കുന്ന
നിലയില്ലാക്കയം

ജീവനില്‍ കയറിയ ആവിയില്‍
കൈപ്പൊതിയിലെ നാഗമുട്ടകള്‍

വഴിയില്‍,
ഒടുക്കം കണ്ട തെയ്യങ്ങളില്‍
പകച്ചൊടുങ്ങിയ തൃക്കണ്ണും

പെയ്തു തീരാതെ ജന്മം


Monday, August 20, 2012

തൊട്ടിമൂപ്പൻകുനിഞ്ഞും ചട്ടിയും
നെഞ്ചു തിരുമ്മിയും
രോമമില്ലാ താടിയുഴിഞ്ഞും
ആണികുത്തും കാലിനാൽ
ഏന്തിയും വലിഞ്ഞും
കറുപ്പരച്ചു തേച്ച തടിയിൽ,
കറുത്ത മുഖത്ത്
കുഴിയിലാണ്ട കണ്ണുകൾ
പകച്ച നോട്ടം
ചിമ്മി നോക്കിയും
പിച്ചത്തൊട്ടിയിൽ
അന്നന്നത്തെ അരിയുടെ
ഭാരവുമായി,
തൊട്ടിമൂപ്പൻ

തെണ്ടിത്തെണ്ടി,
ജീവിതത്തൊട്ടി നിറഞ്ഞന്ന്
കയ്യിലേല്പിച്ച
നൂറ്റിപ്പത്തുറുപ്പിക
മൂപ്പനെനിക്കു നീക്കിവച്ച
സൂക്ഷിപ്പുകടം

പിന്നെയെന്നോ,
വഴിയരുകിൽ
ഈച്ചയാർത്ത വായുമായി
മലച്ചു കിടന്ന തൊട്ടിമൂപ്പനു
നൂറ്റിപ്പത്തുറുപ്പികയുടെ
വായ്ക്കരി
എന്റെ മനസ്സിൽ,
അന്നും ഇന്നും എന്നും
------
സന്തോഷങ്ങള്‍

2.
http://keralakaumudi.com/weekly/index.php/___________________________July-11-2012/july11_23.jpg?action=big&size=original


Sunday, July 29, 2012

അച്ഛനമ്മമാർഅച്ഛനമ്മമാർ-
മരണത്തിൽനിന്നു വേർതിരിക്കും
വന്മതിലുകൾ, അതിൽ
ഒന്നു നഷ്ടപ്പെടുമ്പോൾ
നാമറിയുന്നു
മരണത്തിന്റെ പാതിമുഖം
അടുത്തതും പൊഴിയുമ്പോൾ‍
കാണുന്നു
മുഖാമുഖം
സ്വാഗതം ചൊല്ലിയോ, ചൊല്ലാതെയോ
കാത്തിരിപ്പായി പിന്നെ...

Sunday, June 17, 2012

രസതന്ത്ര കീര്‍ത്തനം

തലേന്നത്തെ പേറിന്റെ,
നോവൊതുങ്ങാ വയറുമായ്,
ഞാന്‍ ചുമക്കുന്ന ചുടുകട്ടകള്‍
വൈകീട്ടന്നമായ് വയറൊതുക്കീടണം
എന്നിട്ടു, ഞാനമ്മയായ് മുലയുമൂട്ടീടണം

തടഞ്ഞാലും നില്‍ക്കാതൊലിച്ചിറങ്ങും
ഒതുങ്ങാ ഗര്‍ഭപാത്രത്തുള്ളികള്‍
വേക്കുന്ന കാല്‍കളില്‍ പാഞ്ഞിറങ്ങി,
അന്നമായ്, മുലകളില്‍ പാലായി നിറയും
രസതന്ത്രമാണെന്റെയീ ദേശതന്ത്രം


Monday, April 16, 2012

കള്ളി


പാല്‍

അവളൊരു കള്ളിയാണ്
എത്ര നോക്കി നിന്നാലും
അനങ്ങില്ല.

നോട്ടമൊന്നു തെറ്റിയാല്‍മതി
പറ്റിച്ചേ എന്നൊരാര്‍പ്പോടെ,
അവളങ്ങു ചാടിപ്പോകും!എന്റെ കണ്ണട

ചിലപ്പോള്‍ ഞാന്‍
കണ്ണട വയ്ക്കുന്നതു
ഒന്നും കാണാതിരിക്കാനാണ്.

ചിലപ്പോള്‍ 
എന്നെ ആരും കാണാതിരിക്കാനും.ഒരുക്കം

ഹൃദയം ഒരു പൂവായൊക്കെ കരുതും
ദേവനുണ്ടെന്നു കരുതി
ഒരുക്കിക്കൊണ്ടും ഇരിക്കും

അവന്പടിയിറങ്ങിപ്പോയാലും അറിയില്ല.
ഒരുക്കം തുടരും..

അവനുണ്ടോ ഇല്ലയോ എന്നാര്‍ക്കും അറിയില്ലല്ലോ
എന്നോര്‍ത്താശ്വസിക്കും പിന്നെ...


Sunday, March 4, 2012

കുത്തുകൾ യോജിപ്പിക്കുമ്പോൾ

കുഞ്ഞേ,

ഞങ്ങള്‍ യോജിപ്പിക്കുമീ
കഠിനമാം കുത്തുകള്‍
നിന്നില്‍ നിന്നു രക്തമിറ്റുമീ വരകൾ
നീളുന്നതെവിടേക്ക്?

കൂട്ടിയോജിപ്പിച്ചു, കൂട്ടിയോജിപ്പിച്ചു
ഞങ്ങളുൾത്തീയിൽ
വരച്ചു കാണുമീ ചിത്രങ്ങളേത്?

നുറുങ്ങിയ അമ്മപ്പിണ്ഡങ്ങളുടെ
രക്തമിറ്റുന്ന മുലക്കണ്ണുകൾ-
വലിച്ചുകീറി,
വിൽ‌പ്പനയ്ക്കു വയ്ക്കും
കരിമൊട്ടുകള്‍

നിൻ തകർക്കപ്പെട്ടൊരാ
കുഞ്ഞു തലകൊണ്ടു,
ആഞ്ഞുതറച്ചൊരാ ഒറ്റയാണി,
തറയുന്നതിന്നെവിടെയെല്ലാം?

അടുത്തൊരു കാൽ‌പ്പെരുമാറ്റം
ഞെട്ടിത്തെറിപ്പിക്കും
പട്ടണത്തിലെ പട്ടി പോലെ,
ഞെട്ടിത്തെറിച്ചു നിറയും
മനുഷ്യജന്മങ്ങളുടെ
അസ്ഥിവാരങ്ങളിൽ
നുരച്ചു വളരുന്നൊരേതെല്ലാം
പുഴുത്തലകളിൽ?

അവയുടെ ചോരയൂറ്റി,
നാടുനീങ്ങാതെ, കുഷ്ഠം പിടിച്ചിഴയുമീ
ഭരണത്തലകളിൽ?

എത്ര കുത്തുകൾ ഞങ്ങളിനിയും
ചേർക്കാനിരിക്കുന്നു..
നീയെന്ന ബിന്ദുവിൽ നിന്നും വരകൾ
എത്ര കുത്തുകളിലിനിയും
ഇഴയാനിരിക്കുന്നു..

Friday, January 27, 2012

ചന്ദനത്തിരികളില്‍ ചിലന്തി


കൂട്ടിപ്പിടിച്ചു കുത്തിയ,
കത്തുന്ന ചന്ദനത്തിരികളില്‍
ചിലന്തി.

രക്ഷപ്പെടാനതു
മുകളിലേക്കാണു കയറുന്നത്.

കത്തുന്ന തിരിയറ്റത്തു മുട്ടി,
ഒന്നില്‍ നിന്നു ചാടി മറ്റേതില്‍
മുകളിലേക്കു ചെല്ലുമ്പോള്‍,
വീണ്ടും തിരിയറ്റത്തു മുട്ടി,
അടുത്തതിലേക്ക്..

അതിനു താഴെയിറങ്ങി
രക്ഷപ്പെടാനറിയില്ല!

ഞാന്‍,
മകളുടെ ശവക്കല്ലറയില്‍
പ്രാര്‍ത്ഥിക്കുകയായിരുന്നു.

Friday, January 13, 2012

എന്നെ പ്രണയം ബാധിച്ചിരിക്കുന്നുവേഗതയോടെ,
പരസ്പരം പുണർന്നു വളരുന്ന
രണ്ടു വള്ളിച്ചെടികൾ പോലെ
ഞങ്ങൾ തഴയ്ക്കുകയാണ്..

എനിക്കു കവിത വായിച്ചിട്ടു മനസ്സിലാവുന്നില്ല!

മുലകളിൽ പാലിറ്റുന്ന വഴിപ്പട്ടിയെ
കെട്ടിപ്പിടിച്ചുമ്മ വയ്ക്കാൻ തോന്നുന്നു.
കയ്യിലിരുന്ന ഐസ്ക്രീമും സമോസയും
അവളെ തീറ്റി, നന്ദിയുള്ളവളാക്കി.

ഒരു ചുഴലിയിൽ ഞാനും അവനും
ഒന്നു ചേർന്നുയർന്നു
പിണഞ്ഞു പിരിയുകയാണ്..

തണുപ്പിൽ, കമ്പളത്തിനടിയിൽ
ഞാനുറങ്ങുന്നില്ല.
പതിവുപോലെയല്ല എന്റെ വേദന
വഴിയോരക്കാരെ ഓർത്തു നോവല്ല
പകരം, രാത്രി ഞാനിറങ്ങുന്നു
എന്റെ കമ്പളം കീറിപ്പിടിച്ച്
രണ്ടാത്മാക്കളെ ഞാൻ പുതപ്പിക്കുന്നു.

എനിക്കു തണുക്കുന്നില്ല-
ഈ കൊടുംതണുപ്പിൽ ഞാൻ തീയാണ്.
എന്നെ പ്രണയം ബാധിച്ചിരിക്കുന്നു!