Tuesday, March 23, 2010

ദഹനം


എന്റെ കണ്ണീരിലെ

ഉപ്പൊഴിച്ച്

എല്ലാവരും

വയറുനിറയെ

കഞ്ഞികുടിച്ചു


എനിക്കു പരാതിയില്ല

ഞാനെന്നും

പട്ടിണിയാണെങ്കിലും

വയറുനിറയാത്തവർ

പരാതിപറയുന്നു


എന്റെ കണ്ണീരിൽ

കലരുന്ന

രക്തം കുടിച്ച്

നരഭോജികളായവർ

ഇന്നെന്റെ കണ്ണു ചുഴന്നു

ഭക്ഷിക്കാനൊരുങ്ങുന്നു


കഞ്ഞിക്കുപ്പ്

ഇനിയെവിടെ

പരാതികൾക്കറുതി

ഇനിയെവിടെ

എന്നോർത്തു

ഞാൻ പരക്കം പായുന്നു


Thursday, March 18, 2010

അവള്‍-(ഒന്ന്)


പാത്രത്തിന്റെ അളവറിയാതെ

വലിപ്പമറിയാതെ

ആവശ്യമറിയാതെ

വിളമ്പി വിളമ്പി

പാത്രങ്ങൾ കലമ്പുമ്പോൾ

വിളയും വറ്റും

തിരിഞ്ഞൂ നിന്നു വിതുമ്പുമ്പോൾ

പറ്റിയ അബദ്ധത്തിൽ

പതറിനിന്ന്

ലോകത്തോടും തന്നോടും

മാപ്പു പറഞ്ഞ്

മാപ്പു പറയാൻ വിട്ടുപോയ

ഏതോ മുഖം തേടി ആധിപിടിച്ച്

സ്വയമുപകരിക്കാതെ

പേക്കിനാവുകൾക്കായി

പാൽക്കിനാവുകൾ നെയ്യുന്നവൾ

Friday, March 12, 2010

നീയുറങ്ങുക



ഇന്നു നിന്റെ ചുണ്ടില്‍ നിന്നു
ഓടക്കുഴല്‍ ഞാനെടുത്തുമാറ്റി
പീലിയും പീതാംബരവും
ഞാനഴിച്ചു മാറ്റുന്നു-
ആലില നിനക്കുവേണ്ടി
ആത്മാവില്‍ ഞാന്‍ വിരിച്ചു കഴിഞ്ഞു

നീയുറങ്ങുക
നോവാതെ നുറുങ്ങാതെ നീയുറങ്ങുക
എന്റെ മനസ്സിന്റെ പട്ടു പുതച്ച്
ഇളംചൂടില്‍ വിരലുണ്ട്
നോവാതെ നുറുങ്ങാതെ നീയുറങ്ങുക

Monday, March 8, 2010

ലോജിക്കെവിടെ സുഹ്രുത്തേ?


പിച്ചക്കാരിയുടെ വറുതിയിൽ പത്തു മക്കൾ

പിച്ചക്കാശിൽ ഉരുളകൾ പത്തുണ്ടാകുന്നു

വിളമ്പുന്ന പത്തുരുളകളും കയ്യൊന്നു നക്കുന്നു

പിച്ചക്കാരി തൻ കൈ പത്തു നക്കുന്നു


പത്താം നക്കലിൽ വയറൊന്നു കാളുന്നു

ആളുന്ന നെഞ്ചൊന്നു മോഹത്താൽ ചുടുന്നു

ഒന്നുകൂടെ, മകനൊന്നുകൂടെയുണ്ടെങ്കിൽ

നക്കാമായിരുന്നു കയ്യൊന്നുകൂടെ...