Saturday, July 17, 2010

ഭഗവാന്റെ ഡെമോകൾ

.
പാർവ്വതീദേവിയും ശ്രീമഹാദേവനും
പണ്ടൊരു നാളിൽ വാഗ്വാദമായ്!
ദുഃഖകാഠിന്യത്തിൽ മുമ്പനേതെന്നതിൽ
രണ്ടുപേരും നീണ്ട തർക്കത്തിലായ്!

ശ്രീപാർവ്വതി, പുത്രദുഃഖമാണെന്നതും
അല്ലാ, വിശപ്പെന്നു ശ്രീനീലകണ്ഠനും
പുത്രദുഃഖത്തിലും വലിയോരു ദുഃഖമോ
മർത്യജന്മത്തിനു തീവ്രവടുവായി?

അല്ലല്ലാ ദേവീ, വിശപ്പിന്നു മുമ്പിലായ്
ഒന്നുമേയില്ലയീ ദുഃഖനിഘണ്ടുവിൽ..
വാദമായ്, തീവ്രമാം വാതുവെപ്പുമായി
ഭഗവാനോ കാട്ടുന്നു ചിത്രം തെളിച്ചൊന്ന്.

വിധവയാമമ്മയ്ക്ക് മക്കൾ നാലഞ്ചുണ്ട്
ദാരിദ്ര്യം കോമരം തുള്ളുന്ന കാലത്തിൽ
മക്കൾ മരിക്കുന്നു ഒന്നൊന്നായങ്ങനെ
കേഴുന്നോരമ്മ, ജഡങ്ങൾക്കു കാവലും.

ജഠരാഗ്നി നീറ്റിയ കണ്ണിന്നു മുന്നിലായ്
പൂവൻപഴക്കുലയൊന്നു തെളിയുന്നു.
വിറയ്ക്കുന്ന ഗാത്രം ഉയരുന്നു മെല്ലെ
പഴക്കുലയുമെന്തോ മേലോട്ടുയരുന്നു.

ആഞ്ഞു പിടിച്ചൊരാ അഗ്നിക്കു മുമ്പിലായ്
ഒന്നാം പടി ഒന്നാം കുഞ്ഞിന്റെ ദേഹമായ്
ദേവി പാർവ്വതി ഞെട്ടിത്തെറിച്ചുപോയ്
എന്തോ പഴക്കുല വീണ്ടൂമുയരുന്നു...

ഒന്നിന്നു മേലെയായ് രണ്ടാം ദേഹവും,
അതിന്നു മുകളിലായ് മൂന്നാം ദേഹവും,
മൂന്നിന്നു മേലെയായ് നാലാം ദേഹവും,
അമ്മ ചവിട്ടി കയറുന്നൂ പഴത്തിനായ്!

ഭഗവാൻ പുഞ്ചിരിക്കുന്നു കൈലാസത്തിൽ
ശ്രീപാർവ്വതിക്കന്നു ഉൾമനം തകരുന്നു...

ഇന്നും ഡെമോകൾ തുടരുന്നു നീ ദേവാ..
ഒറീസ്സയിൽ, മദ്ധ്യപ്രദേശിൽ, ബീഹാറിതിൽ.

ധാന്യച്ചുവചൊല്ലി മണ്ണു തിന്നും മക്കൾ,
കണ്ണോക്കു വന്നിടാൻ കാക്കുന്നോരുണ്ണികൾ,
പെണ്മക്കളെ വിറ്റ് ആൺമക്കളെ പോറ്റും
മാതാപിതാക്കളും, നിന്റെ ഡെമോകളോ?

പ്രണയത്തെ പാടിപ്പുകഴ്ത്തിയ നാടിതിൽ,
ശ്രീകൃഷ്ണദേവനെ പൂജിക്കും വേദിയിൽ,
പെങ്ങളെ കൊല്ലാനായ് ഓണർകില്ലെന്നുള്ള
ആയുധം തേടുന്നു സോദരർ ഡൽഹിയിൽ..

ഭാര്യയ്ക്കു വേശ്യപ്പണി നൽകി മാനിച്ച്
ബിസിനസ്സു കൊയ്യുന്നിവിടെ പതിദേവർ
ബാലികമാരെ, ഭോഗിച്ച് ശേഷം നുറുക്കി
ഫ്രിഡ്ജിൽ വച്ചു പിന്നെ ഭക്ഷിക്കും രാക്ഷസർ..

ഗർഭിണി തന്നുടെ ഉദരം തുരന്നിട്ടു
ഗർഭത്തെ ശൂലത്തിൽ കുത്തിയെടുത്ത്,
കത്തുന്ന തീയിലെ നീളുന്ന കൈകളെ
സ്വർണ്ണവളയൂരി തിരികെ തള്ളീടുന്നു..

താഴോട്ടു ചാടുവാൻ വെമ്പുന്നഹൃത്തുമായ്
വാരിയെല്ലു തുറക്കുന്നൊരീ മണ്ണ്...
പ്രളയം, ഭൂകമ്പം!, എല്ലാം തുടച്ചിടാൻ
സഹിയാതെ കൈനീട്ടിപ്പോകുന്നോരമ്മ!

ഭഗവാനേ നിർത്തണേ നിന്റെ പരീക്ഷണം...
ദേവി നീ പോകല്ലേ.. വാദിച്ചീടാൻ വീണ്ടും!...
.

30 comments:

 1. ..
  എന്റമ്മോ..!
  ഇത്രയ്ക്ക് ചിന്തിച്ചില്ല,

  സംശയം വേണ്ട, എല്ലാം ഡെമോ തന്നെ..
  ലീലാ വിലാസംന്നല്ലെ പറയേണ്ടു ശംഭോ..!
  ..

  ReplyDelete
 2. ആശയം കൊള്ളാം.

  പെട്ടെന്നു പോസ്റ്റു ചെയ്തതുപോലുണ്ട്. ഒന്നൂടെ തിരുത്തിയിരുന്നെങ്കില്‍ വളരെ നന്നാകുമായിരുന്നു.

  ReplyDelete
 3. സങ്കടപ്പെടായ്ക ….മുകിലേ.ദു:ഖത്തിൻ-
  ചെങ്കടൽ കടന്നുതാൻ മുമ്പോട്ട് പോയീടണം….

  കവിത വളരെ നന്നായിരിക്കുന്നു…..അഭിനന്ദനങ്ങൾ…

  ReplyDelete
 4. "ഭഗവാനേ നിർത്തണേ നിന്റെ പരീക്ഷണം...
  ദേവി നീ പോകല്ലേ.. വാദിച്ചീടാൻ വീണ്ടും!..."

  വേണ്ട ഭഗവാനേ, കേട്ടിടത്തോളം എനിക്ക് മതിയായി.
  "ദാരിദ്രമെന്നുള്ളതറിഞ്ഞവര്‍‌ക്കേ
  പാരില്‍ പരക്ലേശ വിവേകമുള്ളൂ.."
  ഈ കവിത വായിച്ചപ്പോള്‍ എനിക്കീ വരികള്‍ ഓര്‍മ്മവന്നു.
  ലോകത്തിനു നേരെ പിടിച്ച ഒരു കണ്ണാടിയാണീ കവിത. എനിക്ക് ഒരുപാടിഷ്ടമായി.

  ReplyDelete
 5. മുകിലേ, ഇത്രയും തീവ്രമായ കൊളാഷ് എങ്ങനെ നിർമ്മിച്ചു?
  ഒന്നും പറയാൻ കഴിയുന്നില്ല..........
  ഗംഭീരമായിട്ടുണ്ട്.

  ReplyDelete
 6. Akbar, Ravi, Supriya, Vimal, CP Dinesh, Raghunath, Echmukutty, ellaavarkkum vannu vaayichathinum abhipraayam paranjathinum nandi. snehathode.

  ReplyDelete
 7. mukilee, varmukilee
  kollam demo....
  ennalum oriissayile unniyute athrayum ayilla ketto.
  pinne ii keyman kondayirikkam ella chil aksharangalum oru R letter aayittanu varunnathu. athu mukilinu thannalla vere chilarkkum njan
  kanunnundu.

  ReplyDelete
 8. hi valare nannayirikkunnu, shaktamaya prameyam, kavithakal onninonnu mechamayi theerunnu, ella aashamsakalum

  ReplyDelete
 9. അക്ഷരങ്ങൾക്കെന്താണു കുഴപ്പംന്നു മനസ്സിലാവുന്നില്ല, കുസുമം. വായിക്കാനാവുന്നുണ്ട് എന്നു കരുതുന്നു. കവിതയെക്കുറിച്ചുള്ള അഭിപ്രായത്തിനു നന്ദി.
  നന്ദി, അജീവ്. സ്നേഹത്തോടെ.

  ReplyDelete
 10. ഒരു പുരാണ കഥയെ മനോഹരമായി സമകാലീന വിഷയങ്ങളിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നു. മനോഹരമായിരിക്കുന്നു.
  ഭ്രാന്തനു പോലും വിശപ്പെന്ന വികാരത്തെ മരികടക്കനവില്ലല്ലോ . വിശപ്പ്‌ ലോകം നേരിടുന്ന ഏറ്റവും വലിയ വ്യാധിയാന്‍.
  നന്ദി മുകില്‍, പ്രണയത്തിന്റെയും മഴയുടേയും ബ്ലോഗുലോകത്ത് ഇത്തരം തീക്ഷ്ണ കവിതകള്‍ എഴുതുന്നതിന്...

  ReplyDelete
 11. Ithupolulla demokal oru puthumayalla, varthakalil varunnathu mathram nammal ariyunnu,varthakalil varathathu ithilum ethrayo kooduthalanu. Ithil randu prameyam undu, visappum pinne manushya manassile kroorathayum, randu kavitha akamayirunnu. Ishtamayi...normal subjectinekalum inganeyulla sakthamaya theme iniyum pratheekshikunnu..Keep it up.

  ReplyDelete
 12. ഭഗവാന്റെ ഡെമോകളെക്കുറിച്ചു പറയാനിരുന്നതാണു കൃഷ്ണാ, വഴി ഇന്നത്തെ ലോകത്തേയ്ക്കു കയറിപ്പോയി. ഇതില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഓരോ കാര്യങ്ങളും എന്നെ നടുക്കിയിട്ടുള്ളതാണ്. എല്ലാം കൂടെ ഒരുമിച്ചു എഴുതിക്കഴിഞ്ഞപ്പോള്‍ മാനസികപിരിമുറുക്കം കൊണ്ടു സുഖമില്ലാതായി. മദ്ധ്യപ്രദേശില്‍ വിശക്കുന്ന കുട്ടികള്‍ ഏതോ ധാന്യപ്പൊടിയുടെ ചുവ തോന്നുന്ന മണ്ണു തിന്നുന്നു. ഈയടുത്ത കാലത്തുവന്ന റിപ്പോര്‍ട്ടാണ്. ഒറീസ്സയിലെ ഉണ്ണിയെ ഞാന്‍ പരിചയപ്പെടുത്തിയല്ലോ. മൂന്നിനു പകരം, വേണമെങ്കില്‍ നാലു നേരം ഉണ്ണാന്‍ കഴിവുള്ളതില്‍ എനിക്കു കഠിനമായ ആത്മനിന്ദ തോന്നി. ദാരിദ്ര്യം കൊണ്ടു പെണ്‍കുഞ്ഞുങ്ങളെ വില്‍ക്കുന്ന മാതാപിതാക്കള്‍.. അടുത്ത കാലത്തു പോലീസില്‍ വന്ന കേസാണ്, ബിസിനസ്സുകാരന്റെ ഭാര്യയുടേത്. ഗര്‍ഭിണിയുടെ ഗര്‍ഭവും ശൂലവും കഥകള്‍ ആരും മറന്നിരിക്കില്ല. കേരളത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന ഒരു സംഭവമാണ്, കത്തുന്ന തീയില്‍ നിന്നു രക്ഷക്കായി കൈ നീട്ടിയ സ്ത്രീയുടെ വള ഊരിയെടുത്തു തിരികെ തീയിലേക്കു തള്ളിയിട്ടത്.. ഡല്‍ഹിക്കാര്‍ തല്‍ക്കാലം ബോംബു പൊട്ടിക്കളിയൊക്കെ നിര്‍ത്തിവച്ചു ഓണര്‍കില്ലിംഗ് ആണ് പുതിയ വിനോദം.. ഡല്‍ഹിക്കടുത്തുള്ള നോയിഡ എന്ന സ്ഥലത്തുണ്ടായ കാര്യമാണു പെണ്‍കുട്ടികളെ കാണാതാവലും പിന്നീട് അസ്ഥികള്‍ പറമ്പിലും മാംസം ഫ്രിഡ്ജിലും.. എവിടേക്കാണു ദൈവമേ നമ്മുടെയീ നാടും മനുഷ്യരും പോകുന്നത്..ദേവിക്കു മുമ്പില്‍ ഭഗവാന്‍ കാണിച്ച ഡെമോ ഇതിനൊക്കെ മുമ്പില്‍ ഒന്നുമല്ലാതാവുന്നു..കൃഷ്ണ പറഞ്ഞതു ശരിയാണ്. പത്രങ്ങളില്‍ വരുന്നതു മാത്രം നമ്മളറിയുന്നു. ബാക്കിയെല്ലാം ആരുമറിയാതെ പോകുന്നു....... നന്ദി ഭാനു കളരിക്കല്‍, നല്ല വാക്കുകള്‍ക്ക്. സ്നേഹത്തോടെ

  ReplyDelete
 13. ഒരു നല്ലകഥ ചികഞ്ഞെടുത്ത് അതിൽ ക്രൂരമായ ഇന്നിന്റെ മുഖം ഇത്ര ഭംഗിയായി ചേർത്തുവച്ച് കാട്ടാൻ താങ്കൾക്കേ കഴിയൂ.
  ആശംസകൾ.

  ReplyDelete
 14. ഭഗവാന്റെ ലീലാവിലാസങ്ങള്‍ ഡൊമോകള്‍, ഇല്ല ദാരിദ്രാര്‍ത്തിയോളം വലുതായിട്ടൊരാര്‍ത്തിയും എന്നല്ലേ? ഒരു കാരുണ്യമുകിലാണ്! ആശമ്സകള്‍

  ReplyDelete
 15. നല്ല വാക്കുകള്‍ക്കു നന്ദി, കലാവല്ലഭന്‍. ശ്രീനാഥന്‍ കവിതകളിലൂടെ കടന്നുപോയി എന്നു കാണുന്നു. നന്ദിയും സ്വാഗതവും അറിയിക്കുന്നു.സ്നേഹത്തോടെ.

  ReplyDelete
 16. മുകിൽ നമുക്ക്‌ ദേവിമാരാകാം

  ReplyDelete
 17. Nandi, Sreejith. varavinu nandi, Umesh, Kumaran. Nandi, Santha Kavumpaayi.

  ReplyDelete
 18. മുകിലെ എന്‍റ സിസ്റ്റത്തിന്‍റ തന്നെ കുഴപ്പമാ കേട്ടോ.

  ReplyDelete
 19. മനോഹരമായി വിവര്‍ത്തനം ചെയ്തിരിക്കുന്നു.

  ReplyDelete
 20. വിശക്കുന്നവന്റെ മുന്നിൽ ദൈവം പ്രത്യക്ഷപ്പെടുന്നെങ്കിൽ അത് അപ്പത്തിന്റെ രൂപത്തിലാവണമെന്ന് പറഞ്ഞത് ഗാന്ധിജിയല്ലേ. അല്ലാതെ ഡെമോയുടെ രൂപത്തിലല്ല. എന്റെ കുറേക്കാലമായുള്ള സംശയമാണ് ലോകത്ത് കോടാനുകോടി മനുഷ്യർ ജീവജാലങ്ങൾ നിലനില്പിനായി പിടയുമ്പോൾ ഈ ദൈവങ്ങൾ സ്വർഗ്ഗത്ത് റിയാലിറ്റി ഷോ കാണുന്നോ? അവർ ഭൂമിയിൽ അവതരിച്ചില്ലങ്കിൽ സംഭഭാമി യുഗേ യുഗേ എന്ന് വെറുതെ കബളിപ്പിക്കാൻ പറഞ്ഞതാണോ. എനിക്ക് ഈ കപടനാടകം കളിക്കുന്ന ദൈവങ്ങളിൽ യാതൊരു വിശാസവുമില്ല കേട്ടോ.വിശപ്പുമൂലം സ്വന്തം ശരീരവും അന്യന്റെ ശരീരവും കാർന്നു തിന്നുന്ന ലോകമല്ലേ ഇത്. കവിത വല്ലാത്ത തുറന്നു പറച്ചിലായി. പിന്നീട് കമന്റ് ആയി വന്ന വിശദീകരണവും.

  ReplyDelete
 21. പുതിയത് നോക്കിവന്നതാണ്

  ReplyDelete
 22. നന്ദി, കുസുമം. സിസ്റ്റം ശരിയാവട്ടെ.
  നന്ദി, ജിഷാദ്.
  നന്ദി സുരേഷ്. തീർത്തും ഒതുക്കിയമർത്തി മറഞ്ഞുനിന്നു പറയുന്നതിലും ഭേദമാണു നേരെ പറയുന്നത് എന്നെനിക്കു തോന്നാറുണ്ട്. കവിതയിൽനിന്നു മനുഷ്യർ മുഖം തിരിക്കാതിരിക്കട്ടെ. കമന്റ്, സൃഷ്ടിക്കപ്പുറം സംവേദനത്തിനുള്ള ഒരു വേദിയല്ലേ. നേരെ വർത്തമാനം. എന്തായാലും അഭിപ്രായത്തിനു നന്ദി, സുരേഷ്. സ്നേഹത്തോടെ.

  ReplyDelete
 23. " ദിനപത്രം സ്വപ്നം കണ്ടു ഞെട്ടി നിലവിളിക്കുന്നു കുട്ടികളെ"
  കുറിച്ച് ടി.പി. രാജീവന്റെ ഒരു കവിതയില്‍ പണ്ടു വായിച്ചിരുന്നു.
  അതീ കാലത്തെ കുറിച്ച് തന്നെ ആവണം.

  കവിത നന്നായി.
  ഇതെഴുതിയ മനസ്സിന് നന്ദി പറയാതെ വയ്യ..

  ReplyDelete
 24. നന്ദി, കലാം. സ്നേഹത്തോടെ.

  ReplyDelete