Saturday, March 12, 2011

അമ്മയുടെ പിഴ


മകളെ,
കഴിയുമെങ്കിൽ
എനിക്കൊരു ജന്മം കൂടെ
തരിക നീ.

എന്റെ പിഴകളെണ്ണി
നിന്നെ കാത്തുരക്ഷിക്കാൻ
നീയെനിക്കു 
വരം തരിക.

അമ്മ പൊത്തിപ്പിടിച്ചില്ല
നിന്നെ-
കാത്തുസൂക്ഷിച്ചില്ല നിന്നെ
അമ്മയുടെ പിഴ

ലോകത്തിന്റെ കറുപ്പ്
നിന്നിൽ പതിച്ചു
നീ കരുവാളിച്ചതും
നിന്നിൽ പുകഞ്ഞ
ഭീതിയുടെ തിരി
കത്തിക്കയറിയതും
അമ്മയുടെ പിഴ

കാത്തിരുന്നു
കാത്തുസൂക്ഷിക്കാൻ
ആവതില്ലാതെ പോയതും
ആറാമിന്ദ്രിയം
കണ്ണടച്ചിരുന്നതും
അമ്മയുടെ പിഴ-

മകളെ,
നീയമ്മയ്ക്കൊരു
ജന്മം കൂടെ
തരിക

കണ്ണുനീരെണ്ണയിൽ
തെളിയുന്ന
ഈ ജന്മത്തിരിയിൽ
നിന്നെ കാത്തുകൊള്ളാൻ
ഒരവസരം കൂടെ
തരിക നീ

ഉള്ളിൽ കുമിയുന്ന
നൊമ്പരമർപ്പിച്ച്
നിന്റെ ചലനമറ്റ പാദങ്ങൾ
ഞാൻ കഴുകാം.

കബളിപ്പിക്കപ്പെടുന്ന
അമ്മത്വം-
പൊറുക്കാത്ത ഈ നോവ്
അസ്തമിക്കാത്ത ഈ നീറൽ
തീരാത്ത ഈ മുറിവ്
നിന്റെ പാദാർപ്പണം
അമ്മയുടെ ജീവന്റെ
പിഴയർപ്പണം..

48 comments:

 1. ithu oru thalamurayude maappirakkal aanu. nannayi mukil

  ReplyDelete
 2. പ്രിയപ്പെട്ടവരെ,

  ഈ ബ്ലോഗു തുടങ്ങിയിട്ടു ഒരു വർഷം കഴിഞ്ഞിരിക്കുന്നു മാർച്ച് 8ന്. ബൂലോകം എന്താണെന്നൊന്നും അറിയാതെയുള്ള ഒരു വരവായിരുന്നു. ആദ്യം വന്നു സ്വാഗതം പറഞ്ഞതു ശ്രീയായിരുന്നു എന്നോർക്കുന്നു. ‘ഒറീസ്സയിലൊരുണ്ണി’ എന്ന കവിത എൻ. ബി സുരേഷ് പലർക്കും പരിചയപ്പെടുത്തിക്കൊടുത്തതും സന്തോഷത്തോടെ ഓർക്കുന്നു. ഇനിയും ഒരുപാടുപേർ സ്ഥിരമായിവന്നു വായിക്കുന്നു..അഭിപ്രായങ്ങൾ എഴുതുന്നു.

  ബ്ലോഗുകളിലൂടെത്തന്നെ എല്ലാവരേയും പരിചയപ്പെട്ടു..
  വന്നു വായിക്കുകയും അഭിപ്രാ‍യമറിയിക്കുകയും ചെയ്യുന്ന എല്ല്ലാ സുഹൃത്തുക്കളോടും എന്റെ സന്തോഷം കടപ്പെട്ടിരിക്കുന്നു.

  സ്നേഹത്തോടെ,
  മുകിൽ

  ReplyDelete
 3. ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ഈ സന്തോഷത്തില്‍ എന്റെയും സ്നേഹാശംസകള്‍.
  കവിത കൂടുതല്‍ ആസ്വദിക്കാന്‍ പരിമിതി ഉണ്ടെങ്കിലും സ്ഥിരമായി മുകിലിന്റെ പോസ്റ്റില്‍ വരാനും വായിച്ചു മനസിലാകാനും ശ്രമിക്കാറുണ്ട്.
  നല്ല കവിതകളുമായി ഇനിയും എഴുത്ത് തുടരട്ടെ.

  ReplyDelete
 4. ഒരു വര്‍ഷം പൂര്‍ത്തിയാക്കി അല്ലേ ചേച്ചീ... ഇനിയും തുടരട്ടെ, ഈ യാത്ര... എല്ലാ ആശംസകളും.

  പതിവു പോലെ മനസ്സില്‍ കൊള്ളുന്ന കവിത, നന്നായി.

  ReplyDelete
 5. നല്ല വരികള്‍!
  ഒരു വര്‍ഷം എന്നത് ഒരു നെണ്ട കാലയളവു തന്നെ. ഇനിയും അനേക വര്‍ഷങ്ങള്‍ ബൂലോകത്ത് സജീവമാകട്ടെ! ആശംസകള്‍

  ReplyDelete
 6. ഈ കവിതയിലൂടെ ഒരുനിമിഷം സൌമ്യയെ ഓർത്തു.
  വരികൾ നന്നായിട്ടുണ്ട്.ഇനിയും നല്ല നല്ല കവിതകൾ എഴുതാൻ കഴിയട്ടെ എന്നാശംസിക്കുന്നു.

  ReplyDelete
 7. കബളിപ്പിക്കപ്പെടുന്ന അമ്മയേയും മകളേയും കാണാൻ കഴിയുന്നുണ്ട്,

  ReplyDelete
 8. കവിത വളരെ നന്നായിരിക്കുന്നു..അമ്മമാര്‍ക്ക് ഒരു സന്ദേശം മുകില്‍ നല്‍കുന്നു..ഒന്നാം വയസ്സിന്റെ ആശംസകള്‍ കലമാപിനിക്ക് നല്‍കുന്നു...

  ReplyDelete
 9. അമ്മ മകളെ കാത്തുസൂക്ഷിക്കാൻ കഴിയാത്തതിനെ കുറിച്ചോർത്തു നൊമ്പരപ്പെടുന്നത് ഈ കാലത്തിന്റെ ഒരു ദയനീയ ചിത്രമാണ്. നന്നായിട്ടുണ്ട്.. അമ്മയുടെ ഭീതി പ്രയാണിന്റെ ബ്ലോഗിൽ കവിതയായത് ഈയിടെത്തന്നെയാണ്. ഒരു വർഷമായി, ഇനിയും വർഷിക്കുവാനാകട്ടേ മുകിലിന്, അഭിനന്ദനം, ആശംസകൾ!

  ReplyDelete
 10. വാര്‍ഷികാശംസകള്‍ ...കവിത നന്നായി

  ReplyDelete
 11. ഉവ്വ്, ചെറുവാടി. എല്ലവരേയും പേരെടുത്തു പറഞ്ഞില്ല എന്നേയുള്ളൂ.. എല്ലാവരേയും ഓർക്കുന്നു. വളരെ സന്തോഷത്തോടെ..

  നന്ദി വാഴക്കോടൻ.

  ശരിയാണു മൊയ്തീൻ. ഓരോ ദുരന്തത്തിലും അമ്മമാരുടെ ഹൃദയത്തിലൂ‍ടെ കടന്നു പോകാൻ ശ്രമിച്ചാൽ തീ പെയ്യും.

  നന്ദി സുജിത്.

  ReplyDelete
 12. നികുകേച്ചേരി ; അതെ. കബളിപ്പിക്കപ്പെടുകയാണു അമ്മമാർ. വിശ്വസിച്ചേല്പിക്കുന്നവർ മുതൽ അല്ലാത്തവർ വരെ കബളിപ്പിക്കുന്നതു അമ്മത്വത്തെയാണ്.

  നന്ദി, ജാസ്മിക്കുട്ടി.

  നന്ദി ശ്രീനാഥൻ മാഷെ. അമ്മമാർക്കു വിലാപകാലമാണ്..

  വളരെ സന്തോഷം രമേശ് അരൂർ.

  ReplyDelete
 13. അയ്യോ ശ്രീയെ വിട്ടു പോയല്ലൊ.
  വളരെ സന്തോഷം ശ്രീ. ഒരു വർഷം കടന്നു പോയി. ഒരു പയ്യന്റെ മുഖം സ്വാഗതം പറഞ്ഞു വന്നതോർക്കുന്നു. അവിടുന്നു ക്ലിക്കി വന്നാണു ശ്രീയെ പരിചയപ്പെടുന്നത്.
  പിന്നെ എല്ലാവരും അറിയുന്ന ഒരു പശുവും എപ്പോഴും കൂടെ വരാറുണ്ടായിരുന്നു!
  (ബ്ലോഗിനു പച്ചനിറമായതുകൊണ്ടു പശു വേഗം വരാതിരിക്കില്ല.)

  ReplyDelete
 14. ആഹ.. അപ്പൊ മുകിലിന് ഒരു വയസ്സായോ. ആശംസകള്‍.

  വഴിതെറ്റി വന്ന ഞാന്‍ ഒറീസ്സയില്‍ ഒരു ഉണ്ണിയെ കണ്ടു പകച്ചു പോയതും ആ ഞെട്ടല്‍ മാറിയപ്പോള്‍ അതിനുവേണ്ടി ഒരു പോസ്റ്റിട്ടതും മോളോട് ആ കവിത സ്കൂളില്‍ ചൊല്ലിച്ചതും മുകില്‍ മറന്നാലും ഞാന്‍ മറന്നിട്ടില്ല. ഒരു കത്തുന്ന തീപ്പന്തമായി പലപ്പോഴും മുകിലിന്റെ കവിതകള്‍ എനിക്ക് തോന്നിയിട്ടുണ്ട്.

  ഇനി കവിതയെപറ്റി. അമ്മ തന്നെയാണ് മക്കള്‍ക്ക്‌ വഴികാട്ടി. വഴി തെറ്റിയാല്‍ പിന്നെ ഒരു ജന്മം കൊണ്ട് നേരെയാക്കാനാവില്ല.

  >>>കാട്ടിനുള്ളിലെ പുല്‍പടര്‍പ്പില്‍
  കാറ്റു തിന്നു കഴിയുന്ന വര്‍ഗം
  കാത്തിരിപ്പുണ്ടാതോര്‍മ്മയില്‍ വേണം <<<
  എന്നു കടമ്മനിട്ട കോഴിയില്‍ കുഞ്ഞുങ്ങളോട് ഉപദേശിക്കുന്ന പോലെ ലോകം വല്ലാത്തതാണ്‌. അമ്മമാര്‍ ജക്രതയോടെ മക്കളെ വളര്‍ത്തട്ടെ. ഈ കവിതയും ആശയ സമ്പുഷ്ടമാണ്. ആശംസകള്‍.

  ReplyDelete
 15. ഒരുപാടൊരുപാട് പിറന്നാളുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയട്ടെ.
  കവിത നന്നായി ഇഷ്ടായി.

  ReplyDelete
 16. മിന്നുമോൾ കവിതചൊല്ലിയതു മറന്നിട്ടില്ല അക്ബർ. പിണങ്ങല്ലേ മിന്നുമോളെ. അതൊരവാർഡായിരുന്നു..
  ഒരുപാ‍ടു സന്തോഷം റാംജി.
  സ്നേഹത്തോടെ.

  ReplyDelete
 17. കവിത ഇഷ്ടപ്പെട്ടു.....
  ഉം......പക്ഷെ ആ അമ്മത്വം ...മാതൃത്വം ആയിരുന്നു നല്ലത്..
  എനിക്കു തോന്നിയതാണെ ......ഹി.
  ആശംസകള്‍......

  ReplyDelete
 18. ജന്മദിനാശംസകള്‍ (ബ്ലോഗിന്)
  കവിത നന്നായി...

  ReplyDelete
 19. എല്ലാ അമ്മമാരുടെയും ഉള്ളില്‍ പുകയുന്നത്..ഇഷ്ടായി ചേച്ചീ..

  ഒരു വയസ്സ് കാരി ബ്ലോഗിന് എല്ലാ ആശംസകളും‍..

  ReplyDelete
 20. ഇനിയുമൊരു ജന്മം ഉണ്ടെങ്കില്‍ എനിക്കൊരു പെണ്ണായാല്‍ മതി എന്ന് ഞാന്‍ പറയുമ്പോള്‍ , അമ്മ പറഞ്ഞത് ഇനി നീ ഒരു ആണ്‍ കുട്ടി ആയാല്‍ മതി എന്നാണു. എനിക്കറിയാം അമ്മക്ക് എന്നെ ഇഷ്ടമല്ലാത്തത് കൊണ്ടല്ല , മറിച്ചു ഞാന്‍ കടന്നു വന്ന വഴികളും ഇനിയുള്ള യാത്രകളെയും കുറിച്ചു ഓര്‍ത്ത്‌ കൊണ്ട് മാത്രമാണ് അതെന്നു..

  ReplyDelete
 21. സന്തോഷം ജിതു. എന്തോ അമ്മത്വം എന്നു പറയാൻ ഒരു സുഖം.

  വളരെ നന്ദി രഘുനാഥൻ.

  കവിത ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം റെയർ റോസ്.

  അമ്മയുടെ ഉള്ളിലെ, കണ്ടതും കേട്ടതും കാണാനിരിക്കുന്നതുമായവയെക്കുറിച്ചുള്ള ആധിയാവും അങ്ങനെ പറയിക്കുന്നത് ആനന്ദി.
  എല്ലാ അമ്മമാരുടേയും ഉള്ളു വിറയ്ക്കുന്ന കാലമാണ്.

  ReplyDelete
 22. നല്ല കവിതകള്‍ പോരട്ടെ.എന്റെ ആശംസകള്‍

  ReplyDelete
 23. അമ്മമാര്‍ക്കാവതില്ലല്ലോ, കാലത്തിന്റെ കറുപ്പ് പടര്‍ത്താതെ കാക്കുവാന്‍... നമ്മളൊക്കെ നിസ്സഹായര്‍ അല്ലെ?

  ReplyDelete
 24. കൊള്ളാം കവിത. ആശംസകള്‍

  ReplyDelete
 25. നിസ്സഹായയായ ഒരമ്മയുടെ വിലാപം..നമുക്കു ചുറ്റിലും അങ്ങിനെ എത്രയെത്ര അമ്മമാര്‍.

  കാലമാപിനിയുടെ ഒന്നാം പിറന്നാളിന് എന്റെ ഹൃദയം നിറഞ്ഞ ഒരായിരം ആശംസകള്‍! ഇനിയുമിനിയും ഒരുപാട് നല്ല കവിതകള്‍ എഴുതാന്‍ കഴിയട്ടെ.
  സ്നേഹത്തോടെ...

  ReplyDelete
 26. ഒരു സങ്കടക്കടൽ കാണിച്ചിട്ട് പിറന്നാൾക്കുറിയെന്നെഴുതുന്നുവോ?

  ആശംസകൾ.........എഴുത്തിനും പിറന്നാളിനും. ഒരു മുകിലായി പെയ്തു നിറയൂ.

  ReplyDelete
 27. ഒരു വർഷത്തിനിടയിൽ ഒരു പാടു നല്ല കവിതകൾ തന്നു!
  പലതും വായിച്ചു പോകാറുണ്ട്, സമയക്കുറവു മൂലം കമന്റാറില്ല! ഈ വാർഷികത്തിലെങ്കിലും ഒരു കമന്റിട്ടില്ലേൽ ശരിയാകില്ല,
  ആശംസകൾ ഇനിയുമൊരുപാടെഴുതാൻ കഴിയട്ടെ!

  ReplyDelete
 28. ഷൈജു: സന്തോഷം ഷൈജു. സ്വാഗതവും അറിയിക്കുന്നു.

  അതെ സ്മിത, അതിഭയങ്കരമായ നിസ്സഹായത. എന്തെങ്കിലും സംഭവിച്ചാൽ ഒന്നും ചെയ്യാനാകുകയില്ല ഒരമ്മയ്ക്ക് എന്ന അറിവു നൽകുന്ന ഭീതി. അടിവയറ്റിൽ തീയുമായി അമ്മമാർ. ഇനിയും എഴുതാനുണ്ട്..

  സന്തോഷം മുനീർ.

  നന്ദി തത്തമ്മേ. വീണ്ടും പറക്കാൻ തുടങ്ങിയതു കണ്ടു സന്തോഷമുണ്ട്.

  വളരെ നന്ദി എച്മുക്കുട്ടി.

  സന്തോഷം രഞ്ജിത്. കവിതകൾ വായിക്കാറുണ്ടായിരുന്നു എന്നറിഞ്ഞു വളരെ സന്തോഷമുണ്ട്.

  എല്ലാവരോടും ഒരുപാടു സ്നേഹത്തോടെ.

  ReplyDelete
 29. നിസ്സഹായരായ അമ്മമാര്‍.കൂടുതല്‍ കരുതലോടെ കണ്ണില്‍ എണ്ണയൊഴിച്ച് കാത്തു വയ്ക്കാന്‍ ഇനിയുമൊരു ജന്മം.

  വരും വര്‍ഷങ്ങളിലും കൂടുതല്‍ മനോഹരമായി എഴുതാന്‍ കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

  ReplyDelete
 30. ഒരു സംശയം ചോദിച്ചോട്ടെ... അമ്മ മകളോട് ഒരു ജന്മം കൂടെ ചോദിക്കുന്നതില്‍ തെറ്റില്ലേ? മകള്‍ അമ്മയോട് ചോദിക്കാം അമ്മയുടെ മകളായി ഒരു ജന്മം കൂടെ എന്ന്... പക്ഷെ ഇത്!! പിന്നെ മറ്റൊന്നായി ഞാന്‍ വായിചെടുക്കുന്നു. മരണപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ ദൈവ സമാനമായി എന്ന് ചിലര്‍ പറയാറുണ്ട്‌. അപ്പോള്‍ ദൈവത്തിനോടുള്ള യാചനയാവാം. ഒരു ജന്മം കൂടെ....
  ഒരു വയസ്സ് കഴിഞ്ഞ ബ്ലോഗിന് എല്ലാ ആശംസകളും ഉണ്ട്. കേട്ടോ

  ReplyDelete
 31. വളരെ സന്തോഷം ശ്രീദേവി. വളരെ നന്ദി.

  അറിയാതെ കൈവിട്ടു പോയ ഓരോ നിമിഷവും ഒന്നു ശരിയാക്കാൻ ഒരു ജന്മംകൂടെ.. കൈവിട്ടുപോയ ഒരല്പം ശ്രദ്ധ, ഒരല്പം കൂടുതൽ കരുതൽ...
  കടന്നുപോയ ജീവിതം ഒന്നു തിരുത്തിയെഴുതാൻ കനത്ത നഷ്ടത്തിന്റെ മുമ്പിൽ തകർന്നു തരിപ്പണമായി നിൽക്കുമ്പോൾ ജീവിതപ്പേപ്പർ ഒന്നു തിരികെ ചോദിക്കുകയാണ്.. അതെ തന്റെ കൈവിട്ട് തനിക്കു ഏറെ മുകളിലായി മരണത്തിന്റെ പാലം കടന്നുu നിൽക്കുന്ന തന്റെ കുഞ്ഞിനോട്..
  വളരെ നന്ദി ഗിരീഷ് വർമ്മ, വരവിനും അഭീപ്രാ‍യത്തിനും.
  ‘ലോജിക്കെവിടെ സുഹൃത്തേ’ എന്ന കവിതയുമായാണു ഞാൻ ബ്ലോഗുലകത്തിൽ വന്നത്ട്ടോ.

  ReplyDelete
 32. കബളിപ്പിക്കപ്പെടുന്ന
  അമ്മത്വം-
  പൊറുക്കാത്ത ഈ നോവ്
  അസ്തമിക്കാത്ത ഈ നീറൽ


  ശരിയാണ് കബളിപ്പിക്കപ്പെടുന്ന
  അമ്മത്വം-.
  ഒരു വര്ഷമായി. അല്ലെ ഒറീസ്സയിലെ ഉണ്ണി പിരന്നിട്ട്.പിറന്നാള്‍ ആശംസകള്‍

  ReplyDelete
 33. ബ്ലോഗിലെ വലിയ വായന എനിക്കില്ല. സമയവും സൌകര്യവുമില്ല എന്നതാണ് കാരണം. എങ്കിലും മുകിലിന്റെ കാര്‍മേഘച്ചുവട് മറക്കാറില്ല. ഈ കവിതകളിലെ രോഷവും വേദനയുമാണ് എന്നെ ആകര്‍ഷിക്കുന്നത്. ഒരുവര്‍ഷമായി എന്നു അറിഞ്ഞ് സന്തോഷിക്കുന്നു. കവിതയെഴുത്തിന്റെ ഈ സമരം തുടരുക. അഭിവാദ്യങ്ങളോടെ സസ്നേഹം ...

  ReplyDelete
 34. വളരെ സന്തോഷമുണ്ട്,കുസുമം. നിങ്ങളൊക്കെ വായിക്കുന്നു എന്ന സന്തോഷത്തിലാണെന്റെ എഴുത്ത്, ഭാനു.
  സ്നേഹത്തോടെ.

  ReplyDelete
 35. പലപ്പോഴും അമ്മമാര്‍ക്ക് ഇതുപോലൊന്ന് മാപ്പുചോദിക്കാനുള്ള അവസരം പോലും കിട്ടാറില്ല. ആശംസകള്‍

  ReplyDelete
 36. മകളെ,
  കഴിയുമെങ്കിൽ
  എനിക്കൊരു ജന്മം കൂടെ
  തരിക നീ.

  എത്ര സത്യം...

  ReplyDelete
 37. valare nalla kavitha. aashamsakal!!!

  ReplyDelete
 38. നന്ദി പ്രയാൺ
  സന്തോഷം റീമ.
  നല്ല വാക്കുകൾക്കു നന്ദി ബിനു.

  ReplyDelete
 39. പൊറുക്കാത്ത ഈ നോവ്
  അസ്തമിക്കാത്ത ഈ നീറൽ
  തീരാത്ത ഈ മുറിവ്
  നിന്റെ പാദാർപ്പണം

  Best Wishes

  ReplyDelete
 40. നന്നായി. ആശംസകള്‍......!!!!!

  ReplyDelete
 41. തീര്‍ച്ചയായും ഇപ്പോഴത്തെ അമ്മമാരുടെ ആധി വ്യക്തമായ് വരഞ്ഞിരിക്കുന്നു...
  ബ്ലോഗിന്റെ ഒന്നാം പിറന്നാളിന് അല്പം താമസിച്ച ഒരാശംസ...

  ReplyDelete
 42. valare nannayittundu..... bhavukangal...........

  ReplyDelete
 43. അമ്മയുടെ പിഴ മകള്‍ക്ക് ജന്മം നല്‍കിയതിലല്ല, മറിച്ച് അനേകമനേകം മകന്മാര്‍ക്ക് ജന്മമേകിയതിലാണ്. പരിതപിക്കേണ്ടത് അത്തരം നരാധമജന്മങ്ങളെ ഓര്‍ത്താണ്.

  ReplyDelete
 44. “കാലമാപിനി”ക്ക് വൈകിയ പിറന്നാളാശംസകള്‍.

  ReplyDelete
 45. കാലമാപിനിയിലൂടെ ഒന്നുകടന്നു പോയി.കവിതകളില്‍ ജീവിതത്തിന്റെ തുടിപ്പുണ്ട്‌.എരമല്ലൂര്‍ സനില്‍കുമാര്‍.

  ReplyDelete