Sunday, December 11, 2011

‘കൂട‘ക്കാരൻ കുഞ്ഞ്
എന്നിൽ നിന്നു നിന്റെ കണ്ണുകൾ
ഞെട്ടിമാറിയതെന്ത്?
എന്റെ നനുത്തൊരു ചോദ്യത്തിലും
നീ പുറംചുമരിനകത്തു കയറിയതെങ്ങനെ?

ഉള്ളിലധമം കെട്ടിത്തൂക്കി
നിന്റെ മുഖം ഭൂമിക്കു താഴെ പോയോ?
നിന്റെയുയിർ അവിടുന്നും താഴെയോ?
ഇല്ലോമനേ, എന്നുള്ളിൻ ഉറവയിൽ,
ഞങ്ങൾക്കുള്ളിൽ തിളച്ചു തൂവിയതു,
കണ്ടു കണ്ടു നീ കരി പിടിച്ചതല്ലേ..

നിന്റെ കീഴോട്ടു തൂങ്ങിയ കണ്ണുകൾ
ഇരുളെടുത്ത ഉൾബോധത്തൂണുകൾ
ഭൂമിയിൽ പതിച്ചു നിനക്കു
പാദങ്ങളാകുന്നതറിയുന്നു ഞാൻ

ഒരു വാലൻതുമ്പിയായതിൽ നീ
ആകാശനേരെ കാലുയർത്തി
വളർന്നു വിരിഞ്ഞു നിന്നിടുമ്പോൾ,
നിന്റെ കൺതൂണുകൾക്കു 
ചവിട്ടിത്താഴ്ത്തുവാൻ
എന്റെ പത്തികൾ ഉള്ളൊതുക്കി,
വാമനമുന്നിലെ മാവേലിയായി
നിന്റെ രൂപം വണങ്ങിടുന്നു..

57 comments:

 1. വടക്കേ ഇന്ത്യയിൽ വീടുകളിൽ നിന്നു വേസ്റ്റ് എടുക്കാൻ ദിവസേന ആളു വരും. അവരെ ‘കൂടവാല’കൾ എന്നാണു വിളിക്കുന്നത്. വേസ്റ്റ് ഉന്തുവണ്ടിയിലാക്കി അവർ ദൂരെ എവിടെയോ കൊണ്ടുപോയി കളയുന്നു. തോട്ടിവർഗ്ഗത്തിൽ പെട്ടവരാണു പൊതുവെ ഈ തൊഴിലിനിറങ്ങുന്നത്. എല്ലാവരിൽ നിന്നും പൊതുവെ നിന്ദ നിറഞ്ഞ വാക്കുകൾ സമൃദ്ധമായി രുചിക്കുന്നവർ. എന്റെ ഇത്തവണത്തെ തിരുവോണക്കണിയായിരുന്നു കൂടയെടുക്കാൻ വന്ന കൂടക്കാരൻ കുഞ്ഞ്..പേരെന്താ എന്ന എന്റെ ഒരു കൊച്ചുചോദ്യം ആ കുഞ്ഞിലുണ്ടാക്കിയ ഭാവമാറ്റം എന്നെ വല്ലാതെ വിഷമിപ്പിച്ചു. പതിവായി കൂടയെടുക്കാൻ വരുന്നവന്റെ അനിയനായിരുന്നു അത് എന്നു പിന്നീടറിഞ്ഞു.

  ReplyDelete
 2. സ്നേഹം നിറച്ച ഒരു നോട്ടം , ഒരു വാക്ക്. അത്രയും മതിയാവും അവര്‍ക്ക്.

  കവിത നന്നായി മുകില്‍
  ആശംസകള്‍

  ReplyDelete
 3. വല്ലാത്ത അധമത്വം തന്നെ..?!
  വടക്കെ ഇന്ത്യൈല്‍ നടകൂന്ന അസ്‌പൃശ്യതകളെ കുറിച്ച് വായിച്ചിട്ടുണ്ട്..
  ഇപ്പോള്‍ നേരിട്ട് കണ്ട പോലെ..!
  അഭിനന്ദനങ്ങള്‍ ..

  ReplyDelete
 4. എന്തു പറയാനാ... സ്ഥിരമായി കാണുന്നതല്ലേ.... അംഗീകാരം പോലും ഏറ്റുവാങ്ങാനറിയാത്ത മനസ്സുകള്‍ .

  ReplyDelete
 5. ഒരു പക്ഷെ നമ്മുടെ ഒരു ചെറു പുഞ്ചിരി പോലും അവർക്കു താങ്ങാനാവില്ലായിരിക്കാം,അല്ലേ..?
  പരിചിതമല്ലാത്ത ലോകം..
  കവിത നന്നായി,മുകിൽ...

  ReplyDelete
 6. ഒരു വാലൻതുമ്പിയായതിൽ നീ
  ആകാശനേരെ കാലുയർത്തി
  വളർന്നു വിരിഞ്ഞു നിന്നിടുമ്പോൾ,
  നിന്റെ കൺതൂണുകൾക്കു
  ചവിട്ടിത്താഴ്ത്തുവാൻ
  എന്റെ പത്തികൾ ഉള്ളൊതുക്കി,
  വാമനമുന്നിലെ മാവേലിയായി
  നിന്റെ രൂപം വണങ്ങിടുന്നു..

  എവിടെയോ ഒരു അവ്യക്തത. എണ്റ്റെ തോന്നലോ...

  ReplyDelete
 7. മുകില്‍.കവിതക്ക് നല്‍കിയ അടിക്കുറിപ്പ് അതേറെ സഹായിച്ചു കേട്ടൊ.തീര്‍ത്തും അപരിചിതമായ,വ്യത്യസ്തമായ പദസങ്കലനം പേര്‍ത്തെടുക്കാന്‍ പാടുപെടുമ്പോള്‍ ഒരു അടിക്കുറിപ്പ്പ്രതീക്ഷിച്ചിരുന്നു..
  നിരന്തരം അവഗണനയുടെ കരിപുരണ്ട് കറുത്തു കുനിഞ്ഞുപോകുന്ന ജീവിതങ്ങളിലേക്ക് നന്മ പകരുന്ന വരികള്‍ സന്തോഷം തരുന്നു..
  അല്പം കൂടെ ഗ്രാഹ്യമാകേണ്ടതാണ് ഇത്തരം പൊതുപ്രസകതിയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന രചനകള്‍ എന്നു തോന്നുന്നു....

  ReplyDelete
 8. ഈ കവിതയും പിന്നെഅടിക്കുറിപ്പും വായിച്ചു എന്നിട്ട് വീണ്ടും കവിത വായിച്ചു ...പക്ഷെ എന്തോ ഒക്കയോ പ്രതിഫലിക്കാന്‍ ബാക്കി ഉള്ളത് പോലെ ...അതെ സമയം പറഞ്ഞത് ഒക്കെയും എത്ര മാത്രം വായനക്കാരില്‍ എത്തുമോ എന്ന് സംശയംവും ഉണ്ട്

  ReplyDelete
 9. പൂര്‍ണ്ണമാകാതെ പോയൊരു കവിത എന്ന് ഞാനിതിനെ പറയട്ടെ. അടിക്കുറിപ്പ് ഇല്ലായിരുന്നുവെങ്കില്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകില്ലായിരുന്നു. എന്നും ഓഛാനിച്ച് നിന്നിരുന്ന ഒരു ജനവിഭാഗം ഇപ്പോഴും ഉത്തരേന്ത്യയില്‍ ഉണ്ടെന്നുള്ള ഒരു ഓര്‍മ്മപ്പെടുത്തലായി ഈ കവിത.

  ReplyDelete
 10. സത്യത്തില്‍ അടിക്കുറിപ്പ് വായിച്ചപ്പോളാണ് മുകില്‍ കവിതയുടെ യഥാര്‍ത്ഥ ചിത്രം മനസ്സിലായത്. എച്മുവിന്റെ പോസ്റ്റുകളില്‍ കേട്ടുള്ള അറിവുകളാണ് ഇത്തരം കാര്യങ്ങള്‍. എഴുത്ത് നന്നായി.

  ReplyDelete
 11. അടിക്കുറിപ്പില്‍ നിന്നാണ് സംഗതി പിടി കിട്ടിയത്.അനുഭവമാണല്ലോ വലിയ ഗുരു.കവിതകള്‍ ഉണ്ടാവുന്നതും ഇങ്ങിനെയൊക്കെയല്ലേ.നല്ല കവിത.ആശംസകള്‍ !

  ReplyDelete
 12. കവിത വായിച്ചു... ഒന്നും മനസിലായില്ല... ആദ്യ കമ്മന്റ് വായിച്ചപ്പോള്‍ ചിത്രം വ്യക്തം...

  നമ്മള്‍ എന്നും കാണുന്ന എന്നാല്‍ നമ്മളില്‍ പലരും ശ്രദ്ടിക്കാതെ പോകുന്ന ഈ ഒരു വിഷയം തിരഞ്ഞെടുതെഴുതിയത്തില്‍ സന്തോഷം...

  അഭിനന്ദനങ്ങള്‍...

  ReplyDelete
 13. എല്ലാരും പറഞ്ഞത്‌ പോലെ ഞാനും.
  ആദ്യം കവിത വായിച്ചു. പിന്നെ വീണ്ടും കവിതയുടെ പേര് വീണ്ടും നോക്കി. കാര്യമില്ല. പിന്നെ അഭിപ്രായം നോക്കി. എന്നിട്ട് വീണ്ടും കവിത വായിച്ചു. അപ്പോള്‍ കാര്യം പിടി കിട്ടി.

  ഒരു വാലൻതുമ്പിയായതിൽ നീ....

  ReplyDelete
 14. നാം ഘോഷിക്കുന്ന വികസന മാതൃകകളുടെ ഉടയാട വലിച്ചു കീറി ഉള്ളം വെളിവാക്കുന്ന രചന.!

  ReplyDelete
 15. അടിക്കുറിപ്പ് വായിച്ച് കവിതയെ സമീപിച്ചപ്പോള്‍ വളരെ ഇഷ്ടായി.. സ്വപ്നംകാണാന്‍ പോലും ഭയന്ന് ജീവിക്കുന്ന ഇക്കൂട്ടര്‍ നമുക്കിടയില്‍ നിത്യ കാഴ്ചയാണ്‍.. വല്ലാത്തൊരു നൊമ്പരമേകി വരികള്‍..

  ReplyDelete
 16. ഒരു ചോദ്യത്താൽ വെളിവാക്കപ്പെട്ട അവന്റെ അധമബോധം മനസ്സിനെ എങ്ങനെ വേട്ടയാടി എന്ന് ഈ കവിത. ഉള്ളിലെ ഉറവയ്ക്ക് നമസ്ക്കാരം.

  ReplyDelete
 17. മനു പറഞ്ഞപോലെ എച്ച്മുന്റെ പോസ്റ്റിലൂടെയാണ് വടക്കേ ഇന്ത്യയിലെ ഇത്തരം നിസ്സഹായരെ കുറിച്ച് അറിഞ്ഞിട്ടുള്ളത്, ഇപ്പൊ ദാ ഇതും.. ‘കൂടവാല’കൾ എന്നല്ലാതെ അവരുടെ പേരുപോലും അറിയേണ്ടാത്ത മനുഷ്യര്‍!!! ആദ്യമായാവും ആ കുഞ്ഞിനോട് ഒരാള്‍ പേര് ചോദിച്ചിരിക്കുക !

  ReplyDelete
 18. ജന്മം തന്നവർക്കില്ലാത്ത കണ്ണ്‌
  പരിചയമില്ലാത്ത കണ്ണുകൾ
  എപ്പൊഴുമെന്നെ പേടിപ്പെടുത്തും
  നാളെയില്ലാത്ത ദൈന്യതക്കെന്നെ വിറ്റാൽ...
  ഞാനില്ലാത്ത ലോകം നിങ്ങൾക്ക്‌ നാറും
  ദൈവമില്ലാത്ത നിങ്ങളുടെ
  ദൈവത്തിന്റെ സ്വന്തം നാടുപോലെ ???
  മേലേക്കു നോക്കുന്ന നാട്ടിലെന്റെ
  കണ്ണുകൾ താഴേക്കു നോക്കി
  നടക്കാൻ അനുവദിക്കേണമേ

  ReplyDelete
 19. പേരില്ലാത്ത മനുഷ്യക്കുട്ടികൾ...... ഒന്നും പറയാൻ കഴിയുന്നില്ല.

  ReplyDelete
 20. കവിതയാണോ കമന്റാണോ കണ്ണു നനയിപ്പിച്ചത്..:(

  ReplyDelete
 21. എച്ച്മുവിന്റെ ഭോലയുടെ കുട്ടികളെ അനുസ്മരിപ്പിച്ചു..

  സസ്നേഹം,
  പഥികൻ

  ReplyDelete
 22. ആഘോഷങ്ങള്‍ പോയിട്ട് തണുപ്പും ചൂടും പോലും അറിയാത്ത കുരുന്നു ജന്മങ്ങള്‍ , അവരുടെ മുന്‍പില്‍ നരജന്മമെന്ന് നാം അഹങ്കരിച്ചു നില്‍ക്കുന്നു... എച്മുവിന്റെ കഥകള്‍ക്കൊരു കൂട്ടു കവിതയായി ഇത്.

  ReplyDelete
 23. പ്രിയപ്പെട്ടവരെ, വളരെ നന്ദി. നമ്മുടെ നാട്ടില്‍ ഇല്ലാത്ത ഒരു വിഭാഗമായതുകൊണ്ടു ഇതുള്ളില്‍ ശരിയായി കയറിപ്പറ്റാന്‍ ഒരു അടിക്കുറിപ്പായി എഴുതിയതാണു ആദ്യ കമന്റ്. ഭൂമിയില്‍ ചവിട്ടി നില്‍ക്കാന്‍ പോലും അര്‍ഹതയില്ലാത്ത ആ ഭാവം, ഭൂമി ചവിട്ടിക്കുലുക്കി നടക്കുന്ന നമ്മളെ ലജ്ജിപ്പിക്കുന്നതായിരുന്നു..
  വായനയ്ക്കും അഭിപ്രായത്തിനും സ്നേഹത്തോടെ നന്ദി പറയുന്നു.

  ReplyDelete
 24. കൂടക്കാരൻ കുഞ്ഞിന്റെ ദയനീയ രൂപം നല്ല വാക്കുകളിൽ വരച്ചിട്ടു മനസ്സിൽ...ആശംസകൾ ചേച്ചീ

  ReplyDelete
 25. വല്ലാത്തൊരു നൊമ്പരമേകി വരികള്‍..

  ReplyDelete
 26. ഉള്ളില്‍ തറയ്ക്കും വിധം
  ചിന്തേരിട്ടു മിനുക്കിയ വരികള്‍..
  രചന നന്നായിരിക്കുന്നു.
  ആശംസകളോടെ,
  സി.വി.തങ്കപ്പന്‍

  ReplyDelete
 27. NOMBARAMAYI... ENKILUM MANOHARAMAYI PARANJU..... PINNE BLOGIL FILM AWARDS PARANJITTUNDU URAPPAYUM ABHIPRAYAM PARAYANE........

  ReplyDelete
 28. കവിത വായിച്ചു. ഇത് എന്ത് കീറാമുട്ടിയാണ് മുകില്‍ എഴുതി വെച്ചിരിക്കുന്നത് എന്ന് ആലോചിച്ചു തല പുകഞ്ഞപ്പോള്‍, ഇനി അഭിപ്രായം പറഞ്ഞവര്‍ക്ക് വല്ലതും മനസ്സിലായോ എന്ന് നോക്കുമ്പോഴാണ് മുകിലിന്റെ തന്നെ വിശദീകരണം കണ്ടത്.

  അപ്പൊ വീണ്ടും കവിത ഒന്നൂടെ വായിച്ചു. വീണ്ടും വായിച്ചു. ഏതാണ്ടൊക്കെ ഒത്തു വരുന്നു എന്ന് തോന്നിയപ്പോഴും വിഷയത്തിന് അതര്‍ഹിക്കുന്ന ഭാവം കവിതയ്ക്ക് നല്‍കാന്‍ കഴിഞ്ഞോ എന്നൊരു സംശയം. മുകില്‍ തന്നെ കവിതയെ വിശദീകരിക്കേണ്ടി വന്നത് അത് കൊണ്ടാണല്ലോ.

  മുകിലിന്റെ ഇരുതല മൂര്‍ച്ചയുള്ള വാക്കുകളുടെ വാള്‍മുനയില്‍ നിന്നുള്ള ആ സ്പാര്‍ക്ക് വരികളില്‍ അനുഭവപ്പെട്ടില്ല. എപ്പോഴും സഹജീവികളുടെ ജീവിതസംക്രമം ആകുല ചിത്തയാക്കുന്ന ഈ കവിമനസ്സിലെ മനുഷ്യത്വം എന്ന ഏറ്റവും ഉദാത്തമായ വികാരത്തെ മാനിക്കുന്നു.

  അവ അക്ഷരങ്ങളുടെ ഭാവപ്പകര്‍ച്ച നേടുമ്പോള്‍ കവിതയ്ക്ക് ആലാപന ഭംഗിയോ വൃത്തമോ ഉണ്ടാവണം എന്നില്ല. എങ്കിലും ശരാശരി വായനക്കാരന്റെ സംവേദനക്ഷമതയുടെ പരിധിയിലേക്ക് കവിത ഇറങ്ങി വരാന്‍ പാകത്തില്‍ അല്പം കൂടെ ലഘൂകരിക്കുകയോ ആശയത്തിന്റെ സുഖകരമായ സംവേദനത്തിനായി ഏതാനും വരികള്‍ കൂട്ടുകയോ ചെയ്താല്‍ നന്നാവും എന്ന് തോന്നുന്നു.

  ഇതൊക്കെ വെറും അഭിപ്രായങ്ങള്‍ മാത്രമാണ് കേട്ടോ. ഇത്രയൊക്കെ പറയാനുള്ള സ്വാതത്ര്യം അനുവദിച്ചു തന്നത് കൊണ്ട് പറഞ്ഞു എന്ന് മാത്രം. മുകിലിന്റെ കവിത മോശമായി എന്നൊന്നും ഇതിനു അര്‍ത്ഥമില്ല. ഓരോരുത്തര്‍ക്കും എഴുത്തിനു ഓരോ രീതികള്‍ ഉണ്ട്. സത്യം പറയട്ടെ നല്ലൊരു കവിത എഴുതാന്‍ എന്നെക്കൊണ്ട് പറ്റില്ല. കവിത എഴുതുന്ന എല്ലാവരോടും എനിക്ക് ആദരവാണ്.

  ReplyDelete
 29. കവിത വായിച്ചു, ഇപ്പോൾ അതിലെ വാക്കുകളുടെ അർത്ഥം തേടുന്നു,

  ReplyDelete
 30. ഞങ്ങള്‍ മുംബയില്‍ കച്ചടവാല എന്ന് വിളിക്കുന്ന ഇവരുടെ
  അത്മീയാംശം ഉള്‍ക്കൊണ്ട്‌ ഒരു കവിത . ...
  നന്നായി വരച്ച ഈ ചിത്രം
  എന്തു കൊണ്ടും ഏറെ ഇഷ്ടമായി ......
  ലളിതമായ് പറഞ്ഞ വരികള്‍ ആദ്യ വായനയില്‍ തന്നെ ഏറെ കുറെ ഗ്രഹിച്ചു ,,,
  പക്ഷെ മുഴുവന്‍ ചിത്രം കിട്ടാന്‍ ശ്രീ അക്ബര്‍ പറഞ്ഞ പോലെ മുകിലിന്റെ കമന്റ്‌ വായിക്കേണ്ടി വന്നു .
  ആ വലിയ എഴുത്തുകാരന്‍ പറഞ്ഞ മാര്‍ഗ നിര്‍ദേശങ്ങള്‍ സ്വീകരിച്ചു മുന്നേറുക .
  ആശംസകള്‍ ...

  ReplyDelete
 31. വളരെ വളരെ നന്ദി, അക്ബര്‍. ഇത്ര വിശദമായി കവിതയെ അപഗ്രഥിച്ചു പറഞ്ഞതു എനിക്കൊരു ക്രെഡിറ്റാണു. ഇങ്ങനെയുള്ള വായനക്കാരാണു എഴുതുന്നവരുടെ സന്തോഷം, കരുത്ത്. ഞാന്‍ ശ്രദ്ധിക്കാം.

  പ്രിയ ടീച്ചര്‍, വളരെ സന്തോഷം, ട്ടോ.

  വേണുഗോപാല്‍ജീ, സന്തോഷം. ഞാന്‍ ശ്രദ്ധിക്കാം, ട്ടോ.

  സ്നേഹത്തോടെ,

  ReplyDelete
 32. ആദ്യ കുറിപ്പിന് ശേഷം കവിത വീണ്ടും വായിച്ചു.

  നൊമ്പരപ്പെടുത്തുന്ന അവസ്ഥ മനസ്സിലായി എങ്കിലും

  വാക്കുകള്‍ക്കു അത്രയും തീവ്രത പകര്‍ന്നു തരാന്‍

  കഴിഞ്ഞോ എന്ന് സംശയം ഉണ്ട് മുകില്‍..ഒരു പക്ഷെ വരികള്‍ക്കായി തിരഞ്ഞെടുത്ത വാക്കുകള്‍ അല്പം ലളിതം ആവാത്തത് കൊണ്ടു ആണോ എന്നും സംശയം ഉണ്ട്...

  എന്‍റെ ആസ്വാദനത്തിന്റെ പാപ്പരതക്ക് കവിത
  ഇങ്ങനെ എഴുതണം എന്ന് ശഠിക്കാന്‍
  പറയുന്ന വിവരക്കേട് ക്ഷമിക്കണം കേട്ടോ...

  (ഒരു പക്ഷെ എച്ച്മുവിന്റെ കഥയിലൂടെ ഇത് കുറേക്കൂടി മനസ്സില്‍ തട്ടി തറഞ്ഞത്‌ കൊണ്ടും ആവാം..)

  ReplyDelete
 33. മുകില് കവിതയുടെ വിശദീകരണം തന്നതുകൊണ്ട് കവിത ആസ്വദിച്ചു.

  ReplyDelete
 34. അധമ ബോധവും അപകര്‍ഷതയും തന്നെ ആണ് ഏറ്റവും വലിയ ശത്രു. അവിടെയാണ് പരിഷ്ക്കരണം നടക്കേണ്ടതും. അത് തിരിച്ചറിഞ്ഞ സന്യാസി വര്യനാണ് നാരായണ ഗുരു. നീ മനുഷ്യനാണെന്ന് അധമരോട് ഉറക്കെ പ്രഖ്യാപിച്ചത് അദ്ദേഹമാണ്. അറിവുകൊണ്ട്‌ പ്രബുദ്ധരാവാന്‍ അദ്ദേഹം പറഞ്ഞു. കാരുണ്യത്തിനും ദയക്കും വേണ്ടി കാത്തിരിക്കുമ്പോള്‍ മോചനം അസാദ്ധ്യമാണ്‌. അതുകൊണ്ടല്ലേ, പാവം പാവം എന്നു കണ്ണീര്‍ ചൊരിയുന്നവരെ നിരാകരിക്കാനും പുസ്തകം കയ്യില്‍ എടുക്കാനും ബ്ര്‍ഹ്ത് പറഞ്ഞത്. നല്ല ചിന്തകള്‍ ഉണര്‍ത്തിയ കവിതയ്ക്ക് നന്ദി മുകില്‍.

  ReplyDelete
 35. കൂടക്കാരന്‍ കുഞ്ഞു ശരിക്കും കൂട്ടിലായ എലിയെപ്പോലെ തോന്നി.
  പൈപ്പുകള്‍ വളരെ ഇഷ്ടമായി.
  ഇത് അത് പോലെ ഹൃദ്യം.
  വിഷയങ്ങള്‍ക്ക് ഇപ്പോഴും പുതുമ.

  ReplyDelete
 36. കവിതയുടെ ത്രെഡ് ഇഷ്ടമായി എന്നാല്‍ എവിടെ ഒക്കെ കണ്ണി വിട്ടു പോയ അവസ്ഥ പിന്നെ പിന്‍ കുറിപ്പാണ് രക്ഷക്കെത്തിയത് ,ഇരിപ്പിടത്തില്‍ നിന്നും ആണ് ഇങ്ങിനെ ഒരു ബ്ലോഗിനെ കുറിച്ച് അറിഞ്ഞത്

  ReplyDelete
 37. മെല്ലെ ഞാനേറിപ്പരതി മുകിലിന്‍ കാവ്യ -
  പല്ലക്കില്‍ പാകിയ രത്ന നൂപുരം കവരുവാന്‍
  തെല്ലടക്കത്തിലൊതുക്കത്തില്‍ ചികഞ്ഞിട്ടു -
  മില്ലില്ലിളക്കമില്ലക്കല്ലില്‍ കൊത്തിയ വരികളില്‍ .

  പ്രിയ മുകില്‍ , കവിത നന്നായിരിക്കുന്നു . അടിക്കുറിപ്പ് കൊടുത്തപ്പോള്‍ എല്ലാവരും ആ കോണിലൂടെ മാത്രം കവിതയെ നോക്കിക്കാണുന്നു.
  അതനുസരിച്ച് വിലയിരുത്തുന്നു . അധമമായ എല്ലാ വികാര വിചാരങ്ങള്‍ക്കും നേരെ, സമൂഹത്തില്‍ നില നില്‍ക്കുന്ന ഉച്ഛനീചത്വങ്ങള്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്ന ഈ കവിത അടിക്കുറിപ്പില്ലായിരുന്നെങ്കില്‍ മറ്റു പല മാനങ്ങളും കൈവരിക്കുമായിരുന്നു . സ്വന്തം മനോമുകുരത്തില്‍ വിരിയുന്ന ആശയങ്ങളെ വരികളാക്കി മാറ്റുമ്പോള്‍ അനുവാചകന് അനായാസം അതുള്‍ക്കൊള്ളാന്‍ പാകത്തില്‍ കവി അനുവാചക ഹൃദയങ്ങളെ സ്വന്തം ഹൃദയത്തിലേക്ക് സന്നിവേശിപ്പിക്കണം . അങ്ങിനെയുള്ളവരാണ് സമൂഹത്തിന്റെ ആദരവ് കൈപ്പറ്റിയിട്ടുള്ള മഹാരഥര്‍. ഭാവുകങ്ങള്‍.

  ReplyDelete
 38. ഒരു വലിയവിഷയം വളരെ അലസമായി എഴുതിയ ഒരു കവിതയിൽ ഒതുക്കി എന്ന ആക്ഷേപമാണ് എനിക്ക് പറയാനുള്ളത്. എന്നാലും ഈ തെളിമയാർന്ന പരിസരപഠനങ്ങൾ,പ്രത്യേകിച്ചും ഇത്തരം നോവുകൾ പകർത്തൽ അഭിനന്ദനങ്ങൾ

  ReplyDelete
 39. എന്റെ പരിമിതിയാണോന്നറിയില്ല ആശയം വേണ്ടത്ര മനസ്സിലായില്ല
  ആശംസകള്‍

  ReplyDelete
 40. മനോഹരമായ ആശയവും മനുഷ്യസ്നേഹവും ഉള്ള വരികള്‍ ..കവിതയുടെ തുടക്കത്തില്‍ കുറിപ്പ് എഴുതിയിരുന്നെങ്കില്‍ വായനക്കാരുടെ പരാതി കുറയുമായിരുന്നു എന്ന് തോന്നുന്നു. വാക്കുകളുടെ അര്‍ത്ഥം തിരയല്‍ മാത്രമല്ല കവിതാസ്വാദനം..അതുള്‍ക്കൊള്ളുന്ന ആശയം വിടര്‍ത്തുന്ന ഭാവ പ്രപഞ്ചംഉള്‍ക്കൊള്ളല്‍ കൂടിയാണ് അത് ..അറിയാത്ത ഭാഷയില്‍ കേള്‍ക്കുന്ന ഗാനം പോലും അതിന്റെ ഭാവവും സംഗീത മാധുര്യവും കൊണ്ട് അതുള്‍ക്കൊള്ളുന്ന വികാരം നമുക്ക് ആസ്വദിക്കാന്‍ കഴിയുന്നില്ലേ.. ഒരാള്ള്‍ക്ക് വായിച്ചിട്ട് മനസിലായില്ല എന്നത് കവിത എഴുതുന്ന യാളുടെ കുറ്റമല്ല .വായനക്കാരന്റെ ആസ്വാദനത്തിലുള്ള വൈവിധ്യം ആണത്.\--------------------------
  ഓടോ:ആ തത്തമ്മ എവിടെ പോയെന്നു ആര്‍ക്കും അറിയില്ല മുകിലെ ..നാട്ടില്‍ തന്നെ ഉണ്ടെന്നാണ് അറിയുന്നത്.എന്തായാലും ബൂലോകത്ത് ഒരു കുറവ് നിലനിര്‍ത്തിയിട്ടാണ് മാറി നില്‍ക്കുന്നത്

  ReplyDelete
 41. മനോഹരമായ ആശയവും മനുഷ്യസ്നേഹവും ഉള്ള വരികള്‍ ..കവിതയുടെ തുടക്കത്തില്‍ കുറിപ്പ് എഴുതിയിരുന്നെങ്കില്‍ വായനക്കാരുടെ പരാതി കുറയുമായിരുന്നു എന്ന് തോന്നുന്നു. വാക്കുകളുടെ അര്‍ത്ഥം തിരയല്‍ മാത്രമല്ല കവിതാസ്വാദനം..അതുള്‍ക്കൊള്ളുന്ന ആശയം വിടര്‍ത്തുന്ന ഭാവ പ്രപഞ്ചം ഉലക്കൊള്ളല്‍ കൂടിയാണ് ..അറിയാത്ത ഭാഷയില്‍ കേള്‍ക്കുന്ന ഗാനം പോലും അതിന്റെ ഭാവവും സംഗീത മാധുര്യവും കൊണ്ട് അതുള്‍ക്കൊള്ളുന്ന വികാരം നമുക്ക് ആസ്വദിക്കാന്‍ കഴിയുന്നില്ലേ.. ഒരാള്ള്‍ക്ക് വായിച്ചിട്ട് മനസിലായില്ല എന്നത് കവിത എഴുതുന്ന യാളുടെ കുറ്റമല്ല .വായനക്കാരന്റെ ആസ്വാദനത്തിലുള്ള വൈവിധ്യം ആണത്.\--------------------------
  ഓടോ:ആ തത്തമ്മ എവിടെ പോയെന്നു ആര്‍ക്കും അറിയില്ല മുകിലെ ..നാട്ടില്‍ തന്നെ ഉണ്ടെന്നാണ് അറിയുന്നത്.എന്തായാലും ബൂലോകത്ത് ഒരു കുറവ് നിലനിര്‍ത്തിയിട്ടാണ് മാറി നില്‍ക്കുന്നത്

  ReplyDelete
 42. കവിത ഇഷ്ടായി ..ആശംസകള്‍ ...താങ്കളുടെ ബ്ലോഗിന്റെ ലിങ്ക് തന്ന khaadu.. ചേട്ടനും നന്ദി

  ReplyDelete
 43. അവരെ നമ്മൾ അറപ്പോടെ നോക്കും നമ്മൾ അറപ്പില്ലാതെ ജീവിക്കുന്നത് അവരെ കൊണ്ടാണെന്ന് നമ്മൾ എപ്പോഴും ഓർക്കാറില്ല..അവരുടെ ജീവിതം നമുക്ക് സമർപ്പിച്ചതിനു നന്ദിയില്ല.. അത്ര തന്നെ..!
  ------
  ഭാവുകങ്ങൾ നേരുന്നു..

  ReplyDelete
 44. നമുക്കു നൽകാം...
  കരുണവറ്റാത്ത ഒരു
  ചെറു നോട്ടമെങ്കിലും...

  ReplyDelete
 45. നന്ദി, എന്റെ ലോകം.

  നന്ദി കുസുമം

  വളരെ നന്ദി, ഭാനു

  പൊട്ടന്‍- വളരെ സന്തോഷമുണ്ട്.

  വളരെ സന്തോഷം ജി. വി. കവിയൂര്‍.

  നന്ദി അബ്ദുള്‍ഖാദര്‍. ശ്രദ്ധിക്കാം

  പാവപ്പെട്ടന്റ്റെ ആക്ഷേപം ഞാന്‍ സ്വീകരിക്കുന്നു. കുറച്ചുകൂടെ നന്നാക്കാന്‍ നോക്കാം.

  സാരമില്ല റഷീദ്, ഇത്തവണ അധികം പേരും അങ്ങനെയാണു പറഞ്ഞത്.

  നന്ദി, രമേശ്. തത്തമ്മ വരും

  സതീശന്‍, മാനവധ്വനി, കൊട്ടോട്ടിക്കാരന്‍ സ്വാഗതം.വരവിനു നന്ദിയും സ്നേഹവും.

  ReplyDelete
 46. മുകില്‍ , കവിത നന്നായി. അടിക്കുറിപ്പ് അവസരോചിതവും. മനസ്സിലുള്ളത് തുറന്നു എഴുതുവാന്‍ ഉള്ള പല മാധ്യമങ്ങളില്‍ ഒന്നാണ് കവിത. അത് നിര്‍വഹിക്കുന്നതാണ് മുഖ്യം. കമന്റുകളും അഭിപ്രായങ്ങളും സ്വന്തം ശൈലിക്ക് വിഘാതമാകരുത്.
  അടിക്കുറുപ്പ്‌ കവിതയുടെ താഴെ തന്നെ നല്‍കുക. അത് വായനക്കാര്‍ക്ക് ഉപകാരമാകും.

  ReplyDelete
 47. അടിക്കുറിപ്പുംകമന്റുകളും സകായിച്ചു ;)

  ReplyDelete
 48. വളരെ നന്ദി, കണക്കൂര്‍.
  നന്ദി ബെഞ്ചാലി.

  ReplyDelete
 49. മുകിലിന്റെ എല്ലാ കവിതകളിലേയും പോലെ ഇതിലും കാരുണ്യം ഉറവ പൊട്ടുന്നു

  ReplyDelete
 50. കവിതയെ ക്കുറിച്ച് ഒരു ചെറുവിവരണം മുകില്‍ തന്നെ കൊടുത്തത് എനിക്കിഷ്ട്ടായി ,,ആ റൈറ്റ്‌ അപ്പ് മനസ്സില്‍ വെച്ച് ഒരിക്കല്‍ കൂടി വായിച്ചപ്പോള്‍ ആശയം പെട്ടന്നു മനസ്സിലായി ..എല്ലാവര്‍ക്കും ഇത് മാത്രകയാക്കാം എന്നാണു എനിക്ക് തോന്നുന്നത് ..നന്ദി

  ReplyDelete
 51. കവിത വായിച്ചു; കമന്‍റുകളും. നിര്‍ദേശങ്ങളെ സ്നേഹപൂര്‍വ്വം സ്വീകരിച്ച മനസ്സിന് നന്ദി. നല്ല കവിതകള്‍ ഒരുപാട് വിരിയട്ടെയെന്നു ആശംസിക്കുന്നു.

  ReplyDelete
 52. വളരെ അർത്ഥവത്തായ, ആ കൊച്ചുരൂപത്തെമനസ്സിൽ പ്രതിഷ്ഠിച്ച വരികൾ. (അവസാന വരിയിൽ ‘നിന്റെ രൂപത്തെ വണങ്ങുന്നു’ എന്നല്ലേ വേണ്ടത്?) കവിതകൾ ശോഭിക്കട്ടെ....ആശംസകൾ....

  ReplyDelete
 53. നിന്റെ കീഴോട്ടു തൂങ്ങിയ കണ്ണുകൾ
  ഇരുളെടുത്ത ഉൾബോധത്തൂണുകൾ
  ഭൂമിയിൽ പതിച്ചു നിനക്കു
  പാദങ്ങളാകുന്നതറിയുന്നു ഞാൻ

  ReplyDelete
 54. ഒരു വാലൻതുമ്പിയായതിൽ നീ
  ആകാശനേരെ കാലുയർത്തി
  വളർന്നു വിരിഞ്ഞു നിന്നിടുമ്പോൾ,
  നിന്റെ കൺതൂണുകൾക്കു
  ചവിട്ടിത്താഴ്ത്തുവാൻ
  എന്റെ പത്തികൾ ഉള്ളൊതുക്കി,
  വാമനമുന്നിലെ മാവേലിയായി
  നിന്റെ രൂപം വണങ്ങിടുന്നു..

  ഉള്ളിൽ പ്രണയം തളിർത്ത്, അത് പുത്തു തുടങ്ങുമ്പോൾ പത്തികൾ എന്തിന്റെ മുന്നിലെങ്കിലും കീഴ്പ്പെടാൻ മനസ്സ് കൊതിക്കും. അത് സ്നേഹത്തിന്റെ ഒരു പ്രത്യേകതയാണ്. ആശംസകൾ.

  ReplyDelete
 55. ഇത് മുമ്പ് വായിച്ച് കമെന്റിട്ടുണ്ടായിരുന്നു... ആശംസകൾ !

  ReplyDelete