Sunday, April 10, 2011

ഒരു സങ്കീർത്തനം കൂടെ


 എന്റെ ദൈവമേ
എന്റെ ദൈവമേ
കടിച്ചു കീറപ്പെടുന്ന
എന്റെ കുഞ്ഞിന്റെ രോദനം
അവിടുന്നു കേൾക്കുന്നില്ലേ?

അവിടുന്നു ഉറങ്ങുന്നതെന്ത്?

ആന്തരാവയവങ്ങളും
ചവച്ചു തിന്നും
കരിങ്കാട്ടാളർ,
എന്റെ മനക്കണ്ണിനു മുൻപിലവളെ
വേവാൻ വച്ചിരിക്കുന്നു..

ഭീതികൊണ്ടെന്റെ കണ്ണുകൾ
ഉടഞ്ഞു കലങ്ങിയിരിക്കുന്നു..
ആധികൊണ്ടെന്റെ അടിവയർ
ചുരുങ്ങിയമരുന്നു..

അവൾ കുടിച്ച മുലകൾ
വേദന വിങ്ങി,
രക്തം ചുരത്തുന്നു..

അങ്ങ് എന്നെ വലിച്ചെറിഞ്ഞു
കളഞ്ഞതെന്ത്..?

നെഞ്ചിൽ കുരുങ്ങിയ,
ഈ അനങ്ങാക്കല്ലിൽ
എന്റെ കുഞ്ഞിന്റെ
ജീവിതമരയുന്ന കരിമണം
ഞാനറിയുന്നു പ്രഭോ..

എന്റെ രക്തത്തിനു രക്തവും
മാംസത്തിനു മാംസവുമായവളെ,
പിരിഞ്ഞ കൊക്കിൽ
തൂങ്ങിയുയരുന്ന
നിന്റെ ദേഹവും പ്രാണനും
വിളറികണ്ണടച്ച നിന്റെ
രക്തം മറന്ന മുഖവും
എന്റെ മനസ്സിന്റെ ഉമ്മറപ്പടിയിൽ
അവരുടെ കുടൽമാല
നിരന്തരം കോർക്കുന്നു..

ദൈവമേ ഈ നുറുങ്ങിയ ഹൃദയത്തെ
അവിടുന്നു നിരസിക്കരുതേ..

എന്റെ പഴകിയ കലവറകളിൽ
ഈ പുതിയ വിഷവീഞ്ഞ്
നുര വീഴുന്നത്
അവിടുന്നു കാണുന്നില്ലേ?

എന്റെ ഹൃദയത്തിലൂടെ
കടന്നു കയറുന്ന ഈ ഈർച്ചവാൾ!

Tuesday, March 29, 2011

ഇതു നിനക്കുള്ളത്



എന്റെ പ്രണയത്തെ
നിന്റെ പാദത്തിൽ
വച്ചു ഞാൻ
പ്രണമിച്ചു.

നീയതിനുവേണ്ടി
പണിത
സ്വർണ്ണത്തളികയും
രത്നകിരീടവും
അതിമനോഹരമെന്നുകണ്ട്
ഞാൻ ആഹ്ലാദിക്കുന്നു

എന്നിട്ടും നീ ശങ്കിക്കുന്നു
ഇതെനിക്കുള്ളതോ?
ഇതു മുഴുവനുമോ?

എന്നിലെ അശാന്തിയുടെ
കടൽ
പണിതുയർത്തിയതാണത്.
ഭാരമുണ്ട്
നീ
സൂക്ഷിക്കണം. 

എങ്കിലും,
ഞാൻ പറയുന്നു
ഇതു നിനക്കുള്ളത്
ജീവന്റെ
നിറവും കതിരും
ചോരാതെ ചെരിയാതെ
ഞാൻ
നിനക്കായി
ഒരുക്കിയത്

Saturday, March 12, 2011

അമ്മയുടെ പിഴ


മകളെ,
കഴിയുമെങ്കിൽ
എനിക്കൊരു ജന്മം കൂടെ
തരിക നീ.

എന്റെ പിഴകളെണ്ണി
നിന്നെ കാത്തുരക്ഷിക്കാൻ
നീയെനിക്കു 
വരം തരിക.

അമ്മ പൊത്തിപ്പിടിച്ചില്ല
നിന്നെ-
കാത്തുസൂക്ഷിച്ചില്ല നിന്നെ
അമ്മയുടെ പിഴ

ലോകത്തിന്റെ കറുപ്പ്
നിന്നിൽ പതിച്ചു
നീ കരുവാളിച്ചതും
നിന്നിൽ പുകഞ്ഞ
ഭീതിയുടെ തിരി
കത്തിക്കയറിയതും
അമ്മയുടെ പിഴ

കാത്തിരുന്നു
കാത്തുസൂക്ഷിക്കാൻ
ആവതില്ലാതെ പോയതും
ആറാമിന്ദ്രിയം
കണ്ണടച്ചിരുന്നതും
അമ്മയുടെ പിഴ-

മകളെ,
നീയമ്മയ്ക്കൊരു
ജന്മം കൂടെ
തരിക

കണ്ണുനീരെണ്ണയിൽ
തെളിയുന്ന
ഈ ജന്മത്തിരിയിൽ
നിന്നെ കാത്തുകൊള്ളാൻ
ഒരവസരം കൂടെ
തരിക നീ

ഉള്ളിൽ കുമിയുന്ന
നൊമ്പരമർപ്പിച്ച്
നിന്റെ ചലനമറ്റ പാദങ്ങൾ
ഞാൻ കഴുകാം.

കബളിപ്പിക്കപ്പെടുന്ന
അമ്മത്വം-
പൊറുക്കാത്ത ഈ നോവ്
അസ്തമിക്കാത്ത ഈ നീറൽ
തീരാത്ത ഈ മുറിവ്
നിന്റെ പാദാർപ്പണം
അമ്മയുടെ ജീവന്റെ
പിഴയർപ്പണം..

Tuesday, February 1, 2011

ലക്ഷ്മി



ലക്ഷ്മിയവൾ, പതിന്നാലുകാരി,യെന്നേ
മരണമൊഴി കരൾ രോഗം നൽകിയവൾ
പത്തുകുപ്പിവെള്ളംചോർത്തും നിരന്തരം
പത്തുമാസമൊത്ത വയറും, തേഞ്ഞമ്പിയ
നെഞ്ചിൻ കൂടു താങ്ങും ഈർക്കിലിക്കാൽകളും
അവസാനമെന്നാണു മാസമോ വർഷമോ?

വേദന തഴമ്പിച്ച ഹൃദയവുമായന്ന്
ഞാനും ഹതഭാഗ്യ പൊന്നുമകൾക്കൊപ്പം
ആസ്പത്രിക്കട്ടിലിൽ ഞങ്ങളയൽക്കാരായ്
പങ്കിട്ടു വേദന, പരസ്പരം തോളത്ത്

ബീഹാറിക്കുടുംബം, മാതാപിതാക്കളും
കുസൃതിക്കുഞ്ഞുങ്ങൾ മൂന്നനിയന്മാരും
ലക്ഷ്മിയലറാത്ത നേരമില്ലൊട്ടുമേ
ഭരിക്കുന്നു പിടിവാശിയമർഷമെല്ലായ്പോഴും

‘മാറ്റിവച്ചാലീ കരൾ നേരെയായിടും’
ആരോ പറഞ്ഞൊരാ സാധ്യത പിന്നാലെ,
വലതുകാൽ വയ്ക്കുന്ന മരണത്തിനെ തട്ടി
ജീവനകത്തേക്കു അള്ളിവലിച്ചിടാൻ
പായുന്നവൾ കുഞ്ഞ് ഡോക്ടർക്കു പിന്നാലെ
മരണം സുനിശ്ചിതം ഡോക്ടററിയുന്നു

അമ്മ വിതുമ്പുന്നു “മാഡം പറയാമോ?
കരൾ മാറ്റൽ കൊണ്ടൊന്നും രക്ഷയവൾക്കില്ല-
ആരോ വെറുതെ പറഞ്ഞു പോയവളോട്
ഇവളിന്നു പായുന്നു ഡോക്ടർക്കു പിന്നാലെ.

ഡോക്ടർ പറഞ്ഞിട്ടും മാനിക്കുന്നില്ലവൾ
മനസ്സിലാക്കിക്കുവാൻ എന്നോടയാളിന്ന്.
മാഡം പറയാമോ രക്ഷയില്ലെന്നത്?
ശസ്ത്രക്രിയയൊന്നും വേണ്ടയിനിയെന്ന്?”

ഒറ്റയ്ക്കു കിട്ടിയ നേരത്തു നേർത്തൊരാ
ഈർക്കിലിക്കയ്യുകൾ കയ്യിലെടുത്തു ഞാൻ
നാവുണങ്ങിയെന്റെ ശബ്ദം വിറച്ചിട്ടും
കല്ലുകൊണ്ടാക്കിയ ഹൃദയം പിടച്ചിട്ടും

പറഞ്ഞുപോയ് “മോളേ, നീയിന്നറിയണം
ആരോ പറഞ്ഞതു വെറുമൊരു സാധ്യത
രക്ഷക്കവരൊന്നും കാണുന്നതില്ലിനി
കുഞ്ഞേ നീയെന്റെയീ വാക്കുപൊറുക്കുക..”

കുണ്ടിലായ് തീർന്നൊരാ കണ്ണുകൾ രണ്ടുമെൻ
കണ്ണിലിടഞ്ഞു കൊളുത്തി വലിച്ചു-
പുറത്തിട്ടു കണ്ണീരൊലിപ്പിച്ചു പൊള്ളിച്ചു
പഞ്ചേന്ദ്രിയങ്ങളിൽ തീച്ചൂടറിഞ്ഞു ഞാൻ..

“ഇല്ലാന്റീ- നന്നായറിയുന്നു ഞാനത്-
എൻ വിധിയാരാലും മാറ്റപ്പെടില്ലെന്നും
എങ്കിലും ഞാനിന്നു ഓപ്പറേഷൻ വേണം
എന്നു കെഞ്ചുന്നതു എൻ രക്ഷക്കായല്ല..

എൻസോദരർ മൂന്നും പഠിക്കാതെയായിട്ട്
മൂന്നു വർഷം അവർ അയല്പക്കം തെണ്ടുന്നു
അച്ഛൻ പണിക്കൊട്ടു പോകുവാൻ വയ്യല്ലോ
മാസത്തിൽ പകുതിയും ഇവിടെയായ് തീരുന്നു

മൂടുന്നു ഞാനെന്ന കുഴിയിലായവരുടെ
ഭാവിയും ജീവിതസ്വപ്നങ്ങളൊക്കെയും
എനിക്കിനി മതിയാന്റീ വേഗം മരിയ്ക്കണം
അതിനായി മാത്രം ഞാനിന്നു കെഞ്ചീടുന്നു

ഇല്ലയത്യാഗ്രഹം ജീവിതം കിട്ടുവാൻ
മരണമൊന്നു മാത്രമിനിയെനിക്കാഗ്രഹം
അവരറിയരുതെന്റെ ഉള്ളിന്റെ വേദന
അതിനാലേ എന്റെയീ കോപവും താപവും

രക്ഷപ്പെടാനെന്ന് അവരോർത്തുകൊള്ളട്ടെ
രക്ഷയവർക്കെന്നു അവരറിഞ്ഞീടേണ്ട.“

വാമനരൂപം വളർന്നതു കണ്ടെന്റെ
നാവുണങ്ങി പിന്നെ ശിരസ്സു നമിച്ചു ഞാൻ.
കർണ്ണനുപിറക്കാതെ പോയോരു പുത്രിയോ
സ്വ-ജീവനർപ്പിച്ചൊരു യാഗം കഴിപ്പവൾ!

ഉരിയാടിയില്ലന്നു രണ്ടുപേരോടും ഞാൻ
ലക്ഷ്മിയല്പം ശാന്ത അമ്മയ്ക്കും സന്തോഷം
നന്ദി പറഞ്ഞമ്മ കെട്ടിപ്പിടിച്ചന്ന്
വേഗം നടന്നു മുഖം കൊടുക്കാതെ ഞാൻ

ഡിസ്ചാർജു വാങ്ങി, ഞങ്ങൾ രണ്ടാംദിനം
നമസ്തെ പറഞ്ഞന്നു വീടെത്തി പിന്നീട്
കണ്ടില്ല കേട്ടില്ല ലക്ഷ്മിയെ പിന്നെ ഞാൻ
മറഞ്ഞിരിക്കും അവൾ രക്ഷ ദാനം നൽകി..

ഇന്നും ഇട നെഞ്ചിലാമുഖം വിങ്ങുന്നു.
നമിക്കുന്നു ഉള്ളാലാനൈർമ്മല്ല്യമലരിനെ...

Sunday, January 16, 2011

പ്രിയയോട്

ഭൂമിയും കടന്ന്,
പാതാളത്തിലും ഇടം കാണാതെ
ഇരുളും വെളിച്ചവും അറിയാതെ
ഞാൻ താഴ്ന്നു പോകുമ്പോൾ

പ്രിയേ-
അനാഥത്വത്തെ കഴുവേറ്റി
നീയെനിക്കു സ്വാതന്ത്ര്യം തന്നു.


ഭീതിയിൽ ഞാൻ കൈ കാലിട്ടടിച്ചപ്പോൾ,
നിന്റെ പുഞ്ചിരിയുടെ അർത്ഥം
എന്റെ ചെവിയിലെ ചെമ്പരത്തിപ്പൂക്കളെ
എടുത്തെറിഞ്ഞ്
പകരം തുളസിക്കതിരു ചൂടിച്ചു.
എനിക്കു നന്ദിയുണ്ട്- ഒരുപാടു നന്ദി.

മരുഭൂമിയിലെ തളർച്ചയിൽ
ഒട്ടകത്തിനു നീരായി
നിന്റെ പ്രണയം എന്നിൽ നിവസിച്ചു.

ഹൃത്തടത്തിന്റെ നനവിൽ
നീ പാകിയ നന്മകൾ
ഞാൻ വളർത്തുമ്പോൾ,
നമ്മുടെ മക്കൾ
പറുദീസയിൽ വളരുന്നു.


Tuesday, January 4, 2011

അന്ത്യം


ഇന്നലെ
നീയെന്നോർത്ത്
ഞാനൊരു നിഴലിനെ
പുറംതിരിച്ചു നിറുത്തി

നിസ്സംഗതയോടെ,
ഉരുകിയൊലിച്ച്
കുറുകിയ ഇരുട്ടുമായി
ഒഴുകിയകന്നു നിഴൽ

നഷ്ടപ്പെട്ട മുഖം തേടിയ
അശാന്തിയിൽ,
ഇരുട്ടിൽത്തട്ടി വീണു
ഹൃദയം.

ഇന്നെന്റെ കാൽ‌പ്പാദങ്ങൾ
മുന്നോട്ടു നീങ്ങുന്നില്ല.
മരണമണി മുഴക്കി
അവ പുറകോട്ടോടുന്നു.

എന്നിലെ ആദിയും നീയായിരുന്നു
ഇന്നന്ത്യവും നീ തന്നെ..



Saturday, December 18, 2010

ആന ചുട്ടത്- പലവക



ആനചുട്ടത്

എന്താണു ഡിഷ്?
ആന ചുട്ടത്.
ഇന്നലെ എന്തായിരുന്നു?
ഒട്ടകം ചുട്ടത്.
ഞാൻ റൊട്ടി വിളമ്പി.
ഇന്നു റൊട്ടിയ്ക്കു
ആട്ട കുഴച്ചപ്പോൾ
ഞാനുണ്ടാക്കിയ ശില്പം
ആനയുടേതായിരുന്നു.
ഇന്നലെ ഒട്ടകത്തിന്റേതും.
----
ഒറ്റമൂലി

പ്രണയത്തിന്റെ ഒരു നീറ്റൽ
ഹൃദയമിടിപ്പു നിലയ്ക്കാതിരിക്കാനുള്ള
ഉത്തമൌഷധമാണ്.

ലബോറട്ടറി

ഞാനൊരു ലബോറട്ടറി തയ്യാറാക്കി വച്ചിട്ടുണ്ട്. അനേകവർഷങ്ങൾക്കു മുമ്പ്.  ഒരു വലിയ കുളമാണെന്റെ ലാബ്.  രണ്ടു വ്യക്തികളെ എടുത്ത് അതിൽ ആരെയാണെനിക്കു കൂടുതലിഷ്ടം എന്ന ശങ്ക തീർക്കാൻ അവരെ എന്റെ ലാബിൽ കൊണ്ടുപോയി കുളത്തിലിടും. രണ്ടുപേർക്കും നീന്തലറിയില്ല എന്നതു ഒന്നാമത്തെ വ്യവസ്ഥ. രണ്ടാമത്തെ വ്യവസ്ഥ എനിക്കവരെ രക്ഷിക്കാം. പക്ഷേ ഒരാളെയേ രക്ഷിക്കാൻ പറ്റൂ. എന്റെ സ്നേഹപരീക്ഷയാണ്.  വളരെ പ്രിയപ്പെട്ടവരെയൊക്കെ ഞാൻ ഇങ്ങനെ കുളത്തിലിട്ടിട്ടുണ്ട്.  അവസാനം തീരുമാനിക്കാൻ വയ്യാതെ ഭ്രാന്തുപിടിച്ചു ലാബടച്ച് തക്കോലിട്ടു അഞ്ചാറു പൂട്ടുപൂട്ടി ഓടിപ്പോയിട്ടുണ്ട്


Saturday, November 27, 2010

നിന്റെയെല്ലാം എന്റെയാണ്.



നിന്റെയെല്ലാം എന്റെയാണ്.
നിന്റെ സ്വർണ്ണം,
നിന്റെ സ്വത്ത്,
നിന്റെ ശമ്പളം,
നിന്റെ ശരീരം,
നിന്റെ മക്കൾ,
നീ-
എല്ലാം എന്റെയാണ്.

എന്നാൽ-

നിന്റെ സഹനം,
നിന്റെ വിവേകം,
നിന്റെ സഹിഷ്ണുത,
നിന്റെ എളിമ,
നിന്റെ നിസ്വാർത്ഥത,
നിന്റെ വേദന,
ഇതൊന്നും എന്റെയല്ല.

എനിക്കൊട്ടു വേണ്ടതാനും.
.

Tuesday, November 2, 2010

പ്രണയരസത്തെ


പ്രിയനേ,
എന്നിലുണർന്ന
സപ്തസ്വരങ്ങൾക്കും
എന്റെ പുനർജ്ജനിക്കും
നിനക്കുനന്ദി.

നീ മീട്ടിയ ഈ തംബുരുവിൽ
പൂത്ത രാഗങ്ങൾ
ഹൃദയത്തെ
ഞെരുക്കുന്നു

എന്നോടൊപ്പം പോന്ന
നിന്റെ മഞ്ഞപ്പട്ട്
കനിവോടെ തൊട്ടിലാട്ടുമ്പോൾ
ഞാനിന്നു നിലതെറ്റിയ
വെറുമൊരു പമ്പരം

വേദനയുടെ കനലുകൾ
എല്ലാം മറന്ന്
പൂത്ത കടമ്പുകളിൽ
മഞ്ഞു പെയ്യിക്കുന്നു

എനിക്കു താങ്ങാനാവുന്നില്ല
എന്നിൽ നീറിപ്പിടിച്ചു വിടർന്ന
ഈ പ്രണയമൊട്ടുകളുടെ
ഭാരം

ഇനി,
എനിക്കും നിനക്കും
നമ്മുടെ പ്രണയത്തിനും
അപ്പുറമീ ലോകം
ഒരടി വയ്ക്കുകില്ല




Friday, October 15, 2010

മകളെ, നീ അകലെ..


മകളെ,
അന്ന്,
ഇടംകയ്യിൽ,
നിന്റെ വലംകൈ കോർത്തിട്ട്
ഉള്ളിൽ നിറയെ ആധികളും സ്വപ്നങ്ങളും,
വായിൽ വാലറ്റം മുറിഞ്ഞ കഥകളുമായി,
നീയും,

അനായാസദിനങ്ങളുടെ
പൊങ്ങിപ്പറക്കുംകൈപിടിച്ച്,
എതിരെവരുന്ന തിളങ്ങുന്ന മുഖങ്ങളിൽ
പുഞ്ചിരികൊണ്ടു സൌഹൃദമെറിഞ്ഞ്,
ഗർഭിണിയുടെ വയർ,
ഇടം കണ്ണുകൊണ്ടളന്ന്,
വലംകണ്ണാൽ ആശംസ നൽകി,
കുഞ്ഞുമുഖങ്ങളിൽ
സ്നേഹക്കണ്ണാൽ ആരതിയുഴിഞ്ഞ്
ഞാനും,

തിരക്കുകളിൽ തട്ടിത്തെറിച്ച്,
നിറഞ്ഞു നടന്ന
ഈ വിപുല നഗരച്ചന്തകളിൽ
ഉള്ളും കണ്ണും തടവുമ്പോൾ,
എന്നിൽ,
ഉള്ളിലും പുറത്തും
വെളിച്ചമായിരുന്നു.
നീയെനിക്കു വിതറിത്തന്ന
ജീവിതമുണ്ടായിരുന്നു.

ഇന്ന്-
ഒറ്റയ്ക്കു ഞാനീ പ്രകാശത്തിൽ,
ഉള്ളിൽ ഇരുട്ടു കറന്ന്,
തലകുനിഞ്ഞ്
അപരിചിതയായി
ഈ ശോഭകൾക്കും നിറഭരണികൾക്കും
ചേരാത്തവളായി,
ആടകളും മനസ്സും
നരച്ചു വെളുത്ത്
പ്രകാശം നഷ്ടപ്പെട്ട്-
ഉള്ളിൽ തിളയ്ക്കുന്ന അന്യഥാബോധവുമായി,
നിറംകെട്ട് ഇഴഞ്ഞു നീങ്ങുന്നു..

നിനക്കായി,
ബദാംഷേക്കിന്റെ നിരകൾ കാണാതെ,
മോമോസിന്റെ മണമേൽക്കാതെ,
വഴിവക്കിലെ പുസ്തകച്ചന്തകളിൽ
മുഖം താഴ്ത്താതെ,
തിളങ്ങുംവളകളുടെ ഭംഗികാണാതെ,
നിറമാലകളിൽ മനസ്സുടക്കാതെ,
അകക്കണ്ണിൽ നീരു കുരുങ്ങി,
ശ്വാസം നിലച്ച്,
ഞാൻ നടന്നു നീങ്ങുന്നു.

അടിമുതൽ മുടിവരെ
നിനക്കായ് ചുരത്തുന്ന
നറും പാലിൻ തായ്നിനവിൽ,
നിന്റെ മനോഹര പാദമുദ്രകളാൽ
മനച്ചിമിഴിലടച്ച
ഈ ജന്മം, ഈ ഭൂമി, ഈ നിറങ്ങൾ
എല്ലാം
ഇന്ന്
നിറംവറ്റി പറന്നു പോകുന്നതും നോക്കി,
കൊഴിഞ്ഞുവീണ ഓർമ്മകളിൽ
കാലിടറുന്നു..