Thursday, September 2, 2010

വേശ്യ

.
നീ‍-
നീയാണു കൊതുക്!
ഞാൻ-
പതിത
വേശ്യ
നിന്റെ കണ്ണിലെ ഓടപ്പുഴു.


ഞാനോ-
വിഷവിത്തെറിയുന്നവൾ?


ഞാൻ നിന്റെ മാളത്തിൽ വന്നില്ല.
നീ കെട്ടിയ മഞ്ഞൾച്ചരടിനോ
വീ‍ട്ടിലെ പൂ‍വുകൾക്കോ
പുഴുക്കുത്തു നൽകിയില്ല.


നീ-
നീയാണു കൊതുക്!
നിന്നെയാണു
മരുന്നടിച്ചുകൊല്ലേണ്ടത്!


ഞാൻ-
എട്ടു വയസ്സിൽ നശിപ്പിക്കപ്പെട്ടവൾ.
ലോകം കാർപ്പിച്ചു തുപ്പി
തെരുവിലെറിഞ്ഞവൾ.


ഒരു കയ്യിൽ പാവക്കുട്ടിയുമായി
കിടയ്ക്കയിൽ
പകച്ച്,
വേദനിച്ചു കിടന്നവൾ.
ചിറകറ്റുവീണ മാലാഖ.
ചവിട്ടിയരയ്ക്കാൻ,
വാലാട്ടുന്ന സമൂഹത്തിനു
നടുകുനിയ്ക്കുന്നവൾ.


ഞാനോ-
മനുഷ്യകുലധ്വംസിനി?


കൊട്ടാരത്തിൽ വാഴുന്ന
നിന്റെ രക്തം
എന്റെ കുഞ്ഞ്
തന്തയില്ല്ലാത്തവൾ
വേശ്യയുടെ മകൾ
തെരുവിന്റെ ആട്ടു വാങ്ങുന്നു.


അവളെ ഞാൻ പൊത്തിപ്പിടിക്കുകയാണ്.
നിന്നിൽ നിന്ന്...
കൊതുകുകൾ ആർക്കുകയാണ്...
കൂ‍ടാത്ത മുറിവുകളിൽ ആർത്തിരമ്പുകയാണ്...
.

24 comments:

  1. മുകില്‍, പെണ്‍കുട്ടികള്‍ക്ക് ഇന്ന്‌ എവിടേയും സുരക്ഷിതത്വമില്ല. അവരെ ചൂഷണം ചെയ്യാനായി തക്കം പാര്‍ത്തിരിക്കുകയാണ്‌ കാമകിങ്കരന്മാര്‍. അവരുടെ ചതിക്കുഴികളില്‍ ജീവിതം ഹോമിക്കുന്ന എത്രയോ നിസ്സഹായരായ പെണ്‍കുട്ടികള്‍. ആ നിഷകളങ്ക കുരുന്നുകളെ ഓര്‍ക്കുമ്പോള്‍ മനസ്സു പിടയുന്നു.

    ReplyDelete
  2. നന്ദി, വായാടി. ഇത്ര വേഗം പറന്നു വന്നതിന്..

    ReplyDelete
  3. വ്രണിത ഹൃദയങ്ങളെയും പതിത ജീവിതങ്ങളെയും ,സമൂഹത്തിലെ പുഴുക്കുത്തുകളെയും സത്യസന്ധമായി വരച്ചു വെച്ചിരിക്കുന്നു. ധാര്‍മ്മികാധപ്പതനത്ത്തിന്റെ വേവലാതിയും , ഉള്‍ഭയത്തിന്റെ ഉള്‍പ്പിരിവുകളും , അധാര്‍മ്മികതയോടുള്ള ധാര്‍മ്മിക രോഷവും വരികളില്‍ തെളിയുമ്പോഴാണ്‌ സൃഷ്ടി ശ്രേഷ്ഠമാകുന്നത് . കാലമാപിനിയിലൂടെ മുകില്‍ ആ ശ്രേഷ്ഠത വിളിച്ചറിയിക്കുന്നു

    ReplyDelete
  4. നിഷ്കളങ്കതയുടെ ചോരയൂറ്റുന്ന വിഷകൊതുകുകള്‍... നന്നായി.

    ReplyDelete
  5. മികച്ച ഒരു രചന..
    ആശംസകള്‍ ഇല്ല..
    അഭിനന്ദനങ്ങള്‍...

    ReplyDelete
  6. നല്ല ഷാർപ്പായ കവിത, ആത്മാവിൽ മുറിപ്പാടുണ്ടാക്കുന്നത്, ‘രുഗ്മിണിക്കൊരു പാവക്കുട്ടി’ എന്ന് എനിക്ക് പ്രിയപ്പെട്ട മാധവിക്കുട്ടിയുടെ നോവലെറ്റ് സ്മരണയിൽ എത്തി, അഭിനന്ദനങ്ങൾ!

    ReplyDelete
  7. നന്നായി ഈ കവിത...

    ReplyDelete
  8. നന്ദി,, അബ്ദുൾഖാദർ. വളരെ നല്ല വാക്കുകൾക്ക്.
    റസന്തോഷത്തോടെ. ഫീക്ക്, നന്ദി.
    അനൂപിനും നന്ദി.
    ശ്രീ‍നാഥനും നല്ല വാക്കുകൾക്കു വളരെ നന്ദി.
    ജിഷാദിനും നന്ദി, സന്തോഷം.
    എല്ലാവർക്കും, സ്നേഹത്തോടെ, സന്തോഷത്തോടെ..

    ReplyDelete
  9. വഴിയില്‍ കണ്ട ഏതേതു ജന്മങ്ങളുടെ അനുഭവങ്ങളാണു,മുകിലേ, ജാലവിദ്യക്കാരന്റെ കുപ്പിയിൽ നിന്നു മഞ്ചാടിക്കുരു ൻപോലെ വാരിയെറിയുന്നത്. പെറുക്കിയിട്ടും തീരുന്നില്ല. ഈ ചെപ്പു നിറയുന്നുമില്ല.

    ReplyDelete
  10. ഇപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് എവിടെയും സുരക്ഷ ഇല്ലത്ത അവസ്തയന്നു. ജന്മം തന്നവര്‍ പോലും ചിലപ്പോള്‍ പിശാചുക്കള്‍ ആകുന്ന കാഴ്ച നാം കാണുന്നു. ഇപ്പോഴത്തെ സമൂഹത്തെ ഈ കവിതയില്‍ കാണുവാന്‍ സാധിക്കും. വായാടി പറഞ്ഞപോലെ എവിടെയും തക്കം പാര്‍ത്തിരിക്കുന്ന മൃഗങ്ങളെ കാണുവാന്‍ സാധിക്കും. കവിത നന്നായിരിക്കുന്നു.
    ഇടയ്ക്കു സമയം കിട്ടുമ്പോള്‍ അതിലെ വരിക.
    http://pularveela.blogspot.com
    http://niracharthu-jayaraj.blogspot.com

    ReplyDelete
  11. കൊട്ടാരത്തിൽ വാഴുന്ന
    നിന്റെ രക്തം
    എന്റെ കുഞ്ഞ്
    തന്തയില്ല്ലാത്തവൾ
    വേശ്യയുടെ മകൾ
    തെരുവിന്റെ ആട്ടു വാങ്ങുന്നു.

    മികച്ച വരികള്‍ .

    ReplyDelete
  12. നല്ലൊരു ആശയമാണ് പക്ഷെ ആത്മാര്‍ത്ഥമായി പറയുകയാണേല്‍ ക്ഷമിക്കണം ഇത് കവിത ആകണമെങ്കില്‍ അല്പം കൂടിചേരല്‍ കൂടി ആവിശ്യമാണ് ശ്രദ്ധിക്കുമല്ലോ

    ReplyDelete
  13. ആശയം കൊള്ളാം.
    കവിത കുഴപ്പമില്ല.
    പക്ഷേ മുകിലിന് ഇത് ഇതിനേക്കാള്‍ നല്ല കവിതയാക്കാം എന്നാണ് മുന്‍ കവിതകള്‍ കണ്ടത് വെച്ച് തോന്നുന്നതു.

    ReplyDelete
  14. അഭിപ്രായമറിയിച്ചതിനു നന്ദി, പാവപ്പെട്ടവൻ.
    കലാമിനും നന്ദി.
    സന്തോഷത്തോടെ.

    ReplyDelete
  15. ആശയം .എന്നും പ്രസക്തമായത് .... .ബട്ട്‌ കവിത ആയോ എന്ന് അറിയില്ല

    ReplyDelete
  16. മുകിൽ
    എന്താണെഴുതേണ്ടതെന്നറിയില്ല…വായിച്ചു തീർന്നപ്പോൾ എവിടെയൊക്കെയോ വേദനകിനിയുന്നു
    സത്യം പറഞ്ഞാൽ വരികൾ അസ്ത്രം തറയ്ക്കുന്നതുപോലെയാണ് അനുഭവപ്പെട്ടത്..ഇത്രയും ശക്തമായെങ്ങനെഴുതാൻ സാധിക്കുന്നു. .നിന്റെ കണ്ണിലെ ഓടപ്പുഴു എന്നു വായിച്ചുതീർന്നതും കണ്ണിറുക്കിയടച്ചിരുന്നുപോയി…
    വിഷവിത്ത്…പുഴുക്കുത്ത്…പ്രയോഗങ്ങൾ അസ്സലായിട്ടുണ്ട്…എനിക്കു തോന്നുന്നു മുകിലിന്റെ ഏറ്റവും നല്ല കവിതകളിലൊന്നാണിതെന്ന്…അഭിനന്ദനങ്ങൾ…

    ReplyDelete
  17. നല്ല കവിത, മൂര്‍ച്ചയുള്ള ചിന്ത.

    ReplyDelete
  18. അവളെ ഞാൻ പൊത്തിപ്പിടിക്കുകയാണ്.
    എന്നാലും രക്ഷിക്കാനാകില്ല....കൊള്ളാം

    ReplyDelete
  19. കവിയുടെ വാക്കുകള്‍ ഉളി മൂര്ച്ചപോലെ ഉള്ളില്‍ തറഞ്ഞു കേറുന്നു. കവിത എന്തിന് എന്ന ചോദ്യത്തിനു ഉത്തരമാണിത്.

    ReplyDelete
  20. ആദ്യം വായിച്ചുവെങ്കിലും ഒന്നും പറയാൻ കഴിഞ്ഞില്ല.ഇപ്പോഴും ഒന്നും പറയാൻ കഴിയുന്നില്ല.
    ഇനിയും എഴുതു.
    ആശംസകൾ.

    ReplyDelete
  21. മൈ ഡ്രീംസ്, നന്ദി അഭിപ്രായമറിയിച്ചതിന്.
    വിമൽ, വളരെ നന്ദി. അതിഭയങ്കരമായ അന്യായമാണ് നമ്മുടെ സമൂഹവും, അവരുടെ സ്വന്തം ജീവിതവും ഈ നിസ്സഹായജീവികളോടു ചെയ്യുന്നത്.
    സ്മിതയ്ക്കു നന്ദി.
    സന്തോഷം,കുസുമം.
    വളരെ നന്ദി ഭാനു കളരിയ്ക്കൽ.
    സന്തോഷം എച്മുക്കുട്ടി.

    ReplyDelete
  22. അവളെ ഞാൻ പൊത്തിപ്പിടിക്കുകയാണ്.
    നിന്നിൽ നിന്ന്...
    കൊതുകുകൾ ആർക്കുകയാണ്...
    കൂ‍ടാത്ത മുറിവുകളിൽ ആർത്തിരമ്പുകയാണ്...

    ഹൃദയത്തി ആഴത്തില്‍ മുറിവേല്‍പ്പിക്കാന്‍ പോന്ന വരികള്‍. എത്ര പൊത്തിപ്പിടിച്ചാലും മുറിവുകളില്‍ ചോര തേടിയെത്തുന്ന കൊതുകുകളുടെ ലോകം. ഈ സാമൂഹ്യ ജീര്‍ണതയെ ഇതിനേക്കാള്‍ നന്നായി വരച്ചു കാണിക്കാനാവില്ല. ഈ കവിത വല്ലാതെ ഇഷ്ടമായി.

    ReplyDelete