Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Thursday, January 16, 2020

ചൂളകളുടെ വേവ്


ദൈവത്തിന്റെ ആലയിൽ ചൂളകൾ അനവധി
ഒരുമിച്ചു വേവുന്നുണ്ട്

പാകം നോക്കാൻ
ഉടയോനിടക്ക്
ചിലതൊക്കെ തുറന്നു നോക്കും
ചിലതു തൊട്ടു നോക്കും

ആ തൊടലിൽ ഒരു വർഗ്ഗീസ്
വിപ്ലവകാരിയാവും
ഒരു ജോൺസൺ ശില്പിയും

പാകമായി ചൂള തുറന്നാൽ
കുറെയെണ്ണം
വാരിയെല്ലുകൾ പൊത്തിപ്പിടിച്ചു
ചാടിയിറങ്ങി ഓടിക്കളയും

ഊരിയെടുക്കപെടാത്ത
വാരിയെല്ലുകൾ കുത്തിക്കയറി
ജീവിതാബദ്ധങ്ങളുടെ
ഘോഷയാത്രയാണു പിന്നെ

വേവു തികയാതെ ചാടിയതും
ഇറക്കി വിട്ടതും
ഒടിഞ്ഞും പൊടിഞ്ഞും തീരുന്നുണ്ട്.
അതൊക്കെ തട്ടിക്കൂട്ടി
വീണ്ടും മൂശയിലിടുന്നുണ്ട്
ഉടയോൻ

വേവു തികഞ്ഞും
ദൈവം തൊട്ടും
ഭൂമിയിലിറങ്ങിയ അപ്പാവികൾക്ക്
ദൈവം തന്നെ പോക്കറ്റിലിട്ടു കൊടുത്ത
ചില കിരീടങ്ങൾ
ഭാരം നിറച്ചു
പാതാളത്തിലേക്കു വലിക്കുന്നുണ്ട്

പൊങ്ങി വന്നാൽ
ഇവിടെയൊന്നും നിൽക്കില്ല
എണ്ണാം ഒന്ന് രണ്ട് മൂന്ന് ..
ആകാശ വിരിയിൽ, മേൽപാവിൽ
വീണ്ടുമൊരു വാർപ്പിലേക്കവരെ
ദൈവത്തിനും കിട്ടില്ല

വേവു മൂത്തു ഉറച്ചു പോയ
ചില കരിക്കട്ടികളുണ്ട്.
അസാധ്യമാണ്...
എങ്കിലും -
ആരെങ്കിലും കടഞ്ഞെടുത്താൽ
ഉരുക്കിന്റെ ശില്പമാവും .
അല്ലെങ്കിൽ ആർക്കെങ്കിലും മേടാൻ
വെറും ചുറ്റികകളും .

അങ്ങനെ..
സർക്കാരിന്റെ കാശു മുഴുവൻ ഇപ്പോൾ
ഗുഡ് ഗവേര്ണൻസിനു പോകുന്നതു
ചൂളയിലെ വേവിന്റെ പാകത്തിനാണ് .

Saturday, November 3, 2012

മക്കള്‍ എന്ന പുഞ്ചിരി




കര്‍മ്മകാണ്ഡത്തിന്റെ നൂലേണിച്ചുറ്റില്‍
വിശ്രമം തേടുന്ന ജീവിതപാതയില്‍
ഷിംലക്കരികിലായ് കുഫ്റിക്കയറ്റം
കുതിരക്കു പാങ്ങുള്ള കേറ്റിറക്കം

കല്ലിലും മണ്ണിലും ഇഴുകിയ പാതകള്‍
മേലോട്ടു താഴോട്ടൊഴുക്കിലൂടെ
മുന്നില്‍ കുതിരപ്പുറത്തു മകള്‍
പിന്നില്‍ കുതിരയും ഞാനും കയറ്റം

ഏതോ മകന്‍ മുന്നിലിറങ്ങിടുന്നു
പിന്നാലെയച്ഛന്‍ കുതിരപ്പുറത്ത്

വല്ലാതെ തിരിയുന്നൂ കുമാരന്‍ കഴുത്ത്
മകള്‍ക്കൊപ്പം ഡിഗ്രിക്കളവു കൂടി
ശാസനാനോട്ടത്തില്‍ അച്ഛന്‍ മുഖം
പിന്നയാള്‍ കണ്ടെന്റെ അമ്മമുഖം

ഒന്നു ശങ്കിച്ചു, തടഞ്ഞു നിന്ന്
എന്നിലെ പുഞ്ചിരി നാളം പകര്‍ന്നു

മക്കള്‍ എന്നൊരാ പുഞ്ചിരിയില്‍
തര്‍ജ്ജമ വേണ്ടാത്ത ലോകഭാഷ
മിണ്ടാതെ മിണ്ടി കടന്നു പോയി
നൈര്‍മ്മല്ല്യകാല്‍ത്താളം കൂടെയേറ്റി


Sunday, September 16, 2012

തീരാതെ ജന്മം



ഇരുണ്ട പുതുപ്രദേശങ്ങളിലൂടെ
ഒറ്റയ്ക്കു തികട്ടുന്ന ആധി
പുറകോട്ടു തള്ളുന്നൊരിടനാഴി

ഭയത്തിന്റെ ചുമരു പറ്റിച്ചേരലുകളില്‍
കണ്ണു തുളയ്ക്കുന്ന വെളിച്ചം
വെളിപ്പെടലുകള്‍

മറവികളില്‍ ആണി കയറുന്ന
പതിഞ്ഞ ശബ്ദം

കൂടെ തിളച്ചു, ആറിയ വെള്ളത്തിന്റെ
തൊട്ടിലാട്ടുന്ന കനിവ്

മുകളിലേക്കു വലിക്കുന്ന മാനക്കണ്ണില്‍
പലമടക്കായി തൂങ്ങിനില്‍ക്കുന്ന
നിലയില്ലാക്കയം

ജീവനില്‍ കയറിയ ആവിയില്‍
കൈപ്പൊതിയിലെ നാഗമുട്ടകള്‍

വഴിയില്‍,
ഒടുക്കം കണ്ട തെയ്യങ്ങളില്‍
പകച്ചൊടുങ്ങിയ തൃക്കണ്ണും

പെയ്തു തീരാതെ ജന്മം


Sunday, July 29, 2012

അച്ഛനമ്മമാർ



അച്ഛനമ്മമാർ-
മരണത്തിൽനിന്നു വേർതിരിക്കും
വന്മതിലുകൾ, അതിൽ
ഒന്നു നഷ്ടപ്പെടുമ്പോൾ
നാമറിയുന്നു
മരണത്തിന്റെ പാതിമുഖം
അടുത്തതും പൊഴിയുമ്പോൾ‍
കാണുന്നു
മുഖാമുഖം
സ്വാഗതം ചൊല്ലിയോ, ചൊല്ലാതെയോ
കാത്തിരിപ്പായി പിന്നെ...

Sunday, June 17, 2012

രസതന്ത്ര കീര്‍ത്തനം





തലേന്നത്തെ പേറിന്റെ,
നോവൊതുങ്ങാ വയറുമായ്,
ഞാന്‍ ചുമക്കുന്ന ചുടുകട്ടകള്‍
വൈകീട്ടന്നമായ് വയറൊതുക്കീടണം
എന്നിട്ടു, ഞാനമ്മയായ് മുലയുമൂട്ടീടണം

തടഞ്ഞാലും നില്‍ക്കാതൊലിച്ചിറങ്ങും
ഒതുങ്ങാ ഗര്‍ഭപാത്രത്തുള്ളികള്‍
വേക്കുന്ന കാല്‍കളില്‍ പാഞ്ഞിറങ്ങി,
അന്നമായ്, മുലകളില്‍ പാലായി നിറയും
രസതന്ത്രമാണെന്റെയീ ദേശതന്ത്രം


Monday, April 16, 2012

കള്ളി


പാല്‍‍

അവളൊരു കള്ളിയാണ്
എത്ര നോക്കി നിന്നാലും
അനങ്ങില്ല.

നോട്ടമൊന്നു തെറ്റിയാല്‍‍ മതി
പറ്റിച്ചേ എന്നൊരാര്‍‍പ്പോടെ,
അവളങ്ങു ചാടിപ്പോകും!



എന്റെ കണ്ണട

ചിലപ്പോള്‍ ഞാന്‍‍
കണ്ണട വയ്ക്കുന്നതു
ഒന്നും കാണാതിരിക്കാനാണ്.

ചിലപ്പോള്‍ ‍
എന്നെ ആരും കാണാതിരിക്കാനും.



ഒരുക്കം

ഹൃദയം ഒരു പൂവായൊക്കെ കരുതും
ദേവനുണ്ടെന്നു കരുതി
ഒരുക്കിക്കൊണ്ടും ഇരിക്കും

അവന്‍ പടിയിറങ്ങിപ്പോയാലും അറിയില്ല.
ഒരുക്കം തുടരും..

അവനുണ്ടോ ഇല്ലയോ എന്നാര്‍‍ക്കും അറിയില്ലല്ലോ
എന്നോര്‍‍ത്താശ്വസിക്കും പിന്നെ...


Sunday, March 4, 2012

കുത്തുകൾ യോജിപ്പിക്കുമ്പോൾ

കുഞ്ഞേ,

ഞങ്ങള്‍ യോജിപ്പിക്കുമീ
കഠിനമാം കുത്തുകള്‍
നിന്നില്‍ നിന്നു രക്തമിറ്റുമീ വരകൾ
നീളുന്നതെവിടേക്ക്?

കൂട്ടിയോജിപ്പിച്ചു, കൂട്ടിയോജിപ്പിച്ചു
ഞങ്ങളുൾത്തീയിൽ
വരച്ചു കാണുമീ ചിത്രങ്ങളേത്?

നുറുങ്ങിയ അമ്മപ്പിണ്ഡങ്ങളുടെ
രക്തമിറ്റുന്ന മുലക്കണ്ണുകൾ-
വലിച്ചുകീറി,
വിൽ‌പ്പനയ്ക്കു വയ്ക്കും
കരിമൊട്ടുകള്‍

നിൻ തകർക്കപ്പെട്ടൊരാ
കുഞ്ഞു തലകൊണ്ടു,
ആഞ്ഞുതറച്ചൊരാ ഒറ്റയാണി,
തറയുന്നതിന്നെവിടെയെല്ലാം?

അടുത്തൊരു കാൽ‌പ്പെരുമാറ്റം
ഞെട്ടിത്തെറിപ്പിക്കും
പട്ടണത്തിലെ പട്ടി പോലെ,
ഞെട്ടിത്തെറിച്ചു നിറയും
മനുഷ്യജന്മങ്ങളുടെ
അസ്ഥിവാരങ്ങളിൽ
നുരച്ചു വളരുന്നൊരേതെല്ലാം
പുഴുത്തലകളിൽ?

അവയുടെ ചോരയൂറ്റി,
നാടുനീങ്ങാതെ, കുഷ്ഠം പിടിച്ചിഴയുമീ
ഭരണത്തലകളിൽ?

എത്ര കുത്തുകൾ ഞങ്ങളിനിയും
ചേർക്കാനിരിക്കുന്നു..
നീയെന്ന ബിന്ദുവിൽ നിന്നും വരകൾ
എത്ര കുത്തുകളിലിനിയും
ഇഴയാനിരിക്കുന്നു..

Friday, January 27, 2012

ചന്ദനത്തിരികളില്‍ ചിലന്തി


കൂട്ടിപ്പിടിച്ചു കുത്തിയ,
കത്തുന്ന ചന്ദനത്തിരികളില്‍
ചിലന്തി.

രക്ഷപ്പെടാനതു
മുകളിലേക്കാണു കയറുന്നത്.

കത്തുന്ന തിരിയറ്റത്തു മുട്ടി,
ഒന്നില്‍ നിന്നു ചാടി മറ്റേതില്‍
മുകളിലേക്കു ചെല്ലുമ്പോള്‍,
വീണ്ടും തിരിയറ്റത്തു മുട്ടി,
അടുത്തതിലേക്ക്..

അതിനു താഴെയിറങ്ങി
രക്ഷപ്പെടാനറിയില്ല!

ഞാന്‍,
മകളുടെ ശവക്കല്ലറയില്‍
പ്രാര്‍ത്ഥിക്കുകയായിരുന്നു.

Friday, January 13, 2012

എന്നെ പ്രണയം ബാധിച്ചിരിക്കുന്നു



വേഗതയോടെ,
പരസ്പരം പുണർന്നു വളരുന്ന
രണ്ടു വള്ളിച്ചെടികൾ പോലെ
ഞങ്ങൾ തഴയ്ക്കുകയാണ്..

എനിക്കു കവിത വായിച്ചിട്ടു മനസ്സിലാവുന്നില്ല!

മുലകളിൽ പാലിറ്റുന്ന വഴിപ്പട്ടിയെ
കെട്ടിപ്പിടിച്ചുമ്മ വയ്ക്കാൻ തോന്നുന്നു.
കയ്യിലിരുന്ന ഐസ്ക്രീമും സമോസയും
അവളെ തീറ്റി, നന്ദിയുള്ളവളാക്കി.

ഒരു ചുഴലിയിൽ ഞാനും അവനും
ഒന്നു ചേർന്നുയർന്നു
പിണഞ്ഞു പിരിയുകയാണ്..

തണുപ്പിൽ, കമ്പളത്തിനടിയിൽ
ഞാനുറങ്ങുന്നില്ല.
പതിവുപോലെയല്ല എന്റെ വേദന
വഴിയോരക്കാരെ ഓർത്തു നോവല്ല
പകരം, രാത്രി ഞാനിറങ്ങുന്നു
എന്റെ കമ്പളം കീറിപ്പിടിച്ച്
രണ്ടാത്മാക്കളെ ഞാൻ പുതപ്പിക്കുന്നു.

എനിക്കു തണുക്കുന്നില്ല-
ഈ കൊടുംതണുപ്പിൽ ഞാൻ തീയാണ്.
എന്നെ പ്രണയം ബാധിച്ചിരിക്കുന്നു!

Sunday, December 11, 2011

‘കൂട‘ക്കാരൻ കുഞ്ഞ്




എന്നിൽ നിന്നു നിന്റെ കണ്ണുകൾ
ഞെട്ടിമാറിയതെന്ത്?
എന്റെ നനുത്തൊരു ചോദ്യത്തിലും
നീ പുറംചുമരിനകത്തു കയറിയതെങ്ങനെ?

ഉള്ളിലധമം കെട്ടിത്തൂക്കി
നിന്റെ മുഖം ഭൂമിക്കു താഴെ പോയോ?
നിന്റെയുയിർ അവിടുന്നും താഴെയോ?
ഇല്ലോമനേ, എന്നുള്ളിൻ ഉറവയിൽ,
ഞങ്ങൾക്കുള്ളിൽ തിളച്ചു തൂവിയതു,
കണ്ടു കണ്ടു നീ കരി പിടിച്ചതല്ലേ..

നിന്റെ കീഴോട്ടു തൂങ്ങിയ കണ്ണുകൾ
ഇരുളെടുത്ത ഉൾബോധത്തൂണുകൾ
ഭൂമിയിൽ പതിച്ചു നിനക്കു
പാദങ്ങളാകുന്നതറിയുന്നു ഞാൻ

ഒരു വാലൻതുമ്പിയായതിൽ നീ
ആകാശനേരെ കാലുയർത്തി
വളർന്നു വിരിഞ്ഞു നിന്നിടുമ്പോൾ,
നിന്റെ കൺതൂണുകൾക്കു 
ചവിട്ടിത്താഴ്ത്തുവാൻ
എന്റെ പത്തികൾ ഉള്ളൊതുക്കി,
വാമനമുന്നിലെ മാവേലിയായി
നിന്റെ രൂപം വണങ്ങിടുന്നു..

Sunday, October 23, 2011

പൈപ്പുകൾ


പൈപ്പുകൾ-
ജീവന്റെ അകത്തും പുറത്തും
പൈപ്പുകൾ

ജീവനെച്ചുറ്റി,
ഹൃദയത്തെ വലംവച്ച്
രക്തവും
മലവും മൂത്രവും വഹിച്ച്
പൈപ്പുകൾ

പുറത്ത്-
മലവും മൂത്രവും
അഴുക്കുവെള്ളവുമായി
ഫ്ലാറ്റിനെച്ചുറ്റി
പൈപ്പുകൾ

ഉള്ളിൽ വേവും
തീച്ചൂടും നൽകി
പൈപ്പുകൾ
പണിമുടക്കുമ്പോൾ,
ഈ ജീവിതം
തറഞ്ഞു നിൽക്കുന്നു

Friday, September 30, 2011

നവരസങ്ങൾ

ഒരുമിച്ചുറങ്ങി എന്നറിഞ്ഞ്
നിന്റെ മുഖത്തെന്തിനു നവരസങ്ങൾ?
ഒരുമിച്ചുണർന്നിരുന്നു
എന്നറിയുമ്പോഴല്ലേ അതു വേണ്ടത്??


Friday, September 2, 2011

സൂക്ഷിച്ചുനോക്കൂ



മനസ്സിനടിയിലെ മുൾപ്പടർപ്പിൽ
കാൽപ്പാടുകൾ അനവധി
ആരൊക്കെയോ വഴി നടന്നതാണ്...

പാദങ്ങളിലെ മുറിവുകളോ
അതോ ഈ ഹൃദയത്തിൽനിന്നൂറി
പാദങ്ങൾക്കു കുളിരായ രക്തമോ
ഇത്രയേറെ പാടുകൾ!!
സൂക്ഷിച്ചുനോക്കട്ടെ..

(സൈകതത്തിൽ പ്രസിദ്ധീകരിച്ചത്)

Friday, July 29, 2011

കഞ്ഞിയിസ്ക്കൂൾ



പുതിയൊരു മൊബൈൽ മോഡലിനു
കരഞ്ഞുറങ്ങുന്നു,
മിനുസമുള്ള തലയിണയിൽ-
എന്റെ മകൻ

തൊണ്ടയിൽ കുരുങ്ങിയ
ഒരു വറ്റ്
കണ്ണുതുറിച്ചെന്റെ
നെഞ്ചിനോടു കേഴുകയാണ്.

ഒരു നേരത്തെ കഞ്ഞി..
ഒരു നേരത്തെ കഞ്ഞി..

വരണ്ടുണങ്ങി,
ആത്മാവു പറന്നു പോകുന്ന
കുഞ്ഞുമുഖങ്ങൾ
ടിവി അവതാരകന്റെ മുഖം
കൌതുകമില്ലാതെ
പരതുന്നു..

അവരെ കയറ്റാത്ത സ്കൂളാണത്രെ,
ഒരു നേരത്തെ കഞ്ഞിയിസ്ക്കൂൾ-

പൌഡറിട്ടു മുടിചീകാതെ,
നെറുകയിൽ ഉമ്മയുടെ സാന്ത്വനമറിയാതെ,
കാത്തിരിക്കുന്നത്,
കേൾക്കാത്ത സ്കൂൾജീപ്പിന്റെ മൂളലാണ്..

ഉച്ച, കിളുന്തു വയറിനെ
ഞൊറിപിടിപ്പിച്ച്,
ഊരിപ്പോകുന്ന നിക്കറിനെ
പുച്ഛിച്ചിട്ടും
കഞ്ഞി ജീപ്പു വന്നില്ല..

കഞ്ഞിയിസ്ക്കൂളിൽ അവരെയിനി വേണ്ടത്രെ.
അവിടെ തലയെണ്ണൽ കഴിഞ്ഞത്രെ.



Monday, April 18, 2011

ഉയിർപ്പ്





ഹൃദയത്തിൽ കനത്ത
റബ്ബർത്തുടലും കൊളുത്തി
ഞാൻ ഓടിയകലുകയാണ്
നിന്നിൽ നിന്ന്..


നീ സമൃദ്ധമായി
അഴച്ചഴച്ചു തരുന്ന
റബ്ബർത്തുടലും
ഹൃദയത്തിൽ കൊളുത്തി,
നിന്നിൽ നിന്നും ഞാൻ
ഓടുകയാണ്.

വലിവു തീർന്നു
ഞാൻ
താങ്ങാവുന്നതിലും
ശക്തിയോടെ
പുറകോട്ടലച്ചു
നിന്നിൽ വന്നു വീഴുമ്പോൾ
എനിക്കും നിനക്കും
പരിക്ക് ഒരുപോലെ.

എന്നിട്ടോ?
വീണ്ടും എണീക്കുന്നതു
കണിക്കൊന്നയും കയ്യിലേന്തി.
കണ്ണിലും ചുണ്ടിലും
ഉള്ളിലും ഉടലിലും
പൂത്തകണിക്കൊന്നയുടെ
തിളങ്ങുന്ന
മഞ്ഞയുമായി
വീണ്ടുമുണരുന്നു ഞാൻ.

(മലയാള നാട് പ്രസിദ്ധീകരിച്ച കവിത) 

Sunday, April 10, 2011

ഒരു സങ്കീർത്തനം കൂടെ


 എന്റെ ദൈവമേ
എന്റെ ദൈവമേ
കടിച്ചു കീറപ്പെടുന്ന
എന്റെ കുഞ്ഞിന്റെ രോദനം
അവിടുന്നു കേൾക്കുന്നില്ലേ?

അവിടുന്നു ഉറങ്ങുന്നതെന്ത്?

ആന്തരാവയവങ്ങളും
ചവച്ചു തിന്നും
കരിങ്കാട്ടാളർ,
എന്റെ മനക്കണ്ണിനു മുൻപിലവളെ
വേവാൻ വച്ചിരിക്കുന്നു..

ഭീതികൊണ്ടെന്റെ കണ്ണുകൾ
ഉടഞ്ഞു കലങ്ങിയിരിക്കുന്നു..
ആധികൊണ്ടെന്റെ അടിവയർ
ചുരുങ്ങിയമരുന്നു..

അവൾ കുടിച്ച മുലകൾ
വേദന വിങ്ങി,
രക്തം ചുരത്തുന്നു..

അങ്ങ് എന്നെ വലിച്ചെറിഞ്ഞു
കളഞ്ഞതെന്ത്..?

നെഞ്ചിൽ കുരുങ്ങിയ,
ഈ അനങ്ങാക്കല്ലിൽ
എന്റെ കുഞ്ഞിന്റെ
ജീവിതമരയുന്ന കരിമണം
ഞാനറിയുന്നു പ്രഭോ..

എന്റെ രക്തത്തിനു രക്തവും
മാംസത്തിനു മാംസവുമായവളെ,
പിരിഞ്ഞ കൊക്കിൽ
തൂങ്ങിയുയരുന്ന
നിന്റെ ദേഹവും പ്രാണനും
വിളറികണ്ണടച്ച നിന്റെ
രക്തം മറന്ന മുഖവും
എന്റെ മനസ്സിന്റെ ഉമ്മറപ്പടിയിൽ
അവരുടെ കുടൽമാല
നിരന്തരം കോർക്കുന്നു..

ദൈവമേ ഈ നുറുങ്ങിയ ഹൃദയത്തെ
അവിടുന്നു നിരസിക്കരുതേ..

എന്റെ പഴകിയ കലവറകളിൽ
ഈ പുതിയ വിഷവീഞ്ഞ്
നുര വീഴുന്നത്
അവിടുന്നു കാണുന്നില്ലേ?

എന്റെ ഹൃദയത്തിലൂടെ
കടന്നു കയറുന്ന ഈ ഈർച്ചവാൾ!

Tuesday, March 29, 2011

ഇതു നിനക്കുള്ളത്



എന്റെ പ്രണയത്തെ
നിന്റെ പാദത്തിൽ
വച്ചു ഞാൻ
പ്രണമിച്ചു.

നീയതിനുവേണ്ടി
പണിത
സ്വർണ്ണത്തളികയും
രത്നകിരീടവും
അതിമനോഹരമെന്നുകണ്ട്
ഞാൻ ആഹ്ലാദിക്കുന്നു

എന്നിട്ടും നീ ശങ്കിക്കുന്നു
ഇതെനിക്കുള്ളതോ?
ഇതു മുഴുവനുമോ?

എന്നിലെ അശാന്തിയുടെ
കടൽ
പണിതുയർത്തിയതാണത്.
ഭാരമുണ്ട്
നീ
സൂക്ഷിക്കണം. 

എങ്കിലും,
ഞാൻ പറയുന്നു
ഇതു നിനക്കുള്ളത്
ജീവന്റെ
നിറവും കതിരും
ചോരാതെ ചെരിയാതെ
ഞാൻ
നിനക്കായി
ഒരുക്കിയത്

Saturday, March 12, 2011

അമ്മയുടെ പിഴ


മകളെ,
കഴിയുമെങ്കിൽ
എനിക്കൊരു ജന്മം കൂടെ
തരിക നീ.

എന്റെ പിഴകളെണ്ണി
നിന്നെ കാത്തുരക്ഷിക്കാൻ
നീയെനിക്കു 
വരം തരിക.

അമ്മ പൊത്തിപ്പിടിച്ചില്ല
നിന്നെ-
കാത്തുസൂക്ഷിച്ചില്ല നിന്നെ
അമ്മയുടെ പിഴ

ലോകത്തിന്റെ കറുപ്പ്
നിന്നിൽ പതിച്ചു
നീ കരുവാളിച്ചതും
നിന്നിൽ പുകഞ്ഞ
ഭീതിയുടെ തിരി
കത്തിക്കയറിയതും
അമ്മയുടെ പിഴ

കാത്തിരുന്നു
കാത്തുസൂക്ഷിക്കാൻ
ആവതില്ലാതെ പോയതും
ആറാമിന്ദ്രിയം
കണ്ണടച്ചിരുന്നതും
അമ്മയുടെ പിഴ-

മകളെ,
നീയമ്മയ്ക്കൊരു
ജന്മം കൂടെ
തരിക…

കണ്ണുനീരെണ്ണയിൽ
തെളിയുന്ന
ഈ ജന്മത്തിരിയിൽ
നിന്നെ കാത്തുകൊള്ളാൻ
ഒരവസരം കൂടെ
തരിക നീ

ഉള്ളിൽ കുമിയുന്ന
നൊമ്പരമർപ്പിച്ച്
നിന്റെ ചലനമറ്റ പാദങ്ങൾ
ഞാൻ കഴുകാം.

കബളിപ്പിക്കപ്പെടുന്ന
അമ്മത്വം-
പൊറുക്കാത്ത ഈ നോവ്
അസ്തമിക്കാത്ത ഈ നീറൽ
തീരാത്ത ഈ മുറിവ്
നിന്റെ പാദാർപ്പണം
അമ്മയുടെ ജീവന്റെ
പിഴയർപ്പണം..