Thursday, April 16, 2020

ദേശത്തിന്റെ മൂന്നു തലകളുള്ള മരണം

മരണം
മൂന്നു തലകളാൽ
ദേശത്തെ നോക്കുന്നു.

ഒരു തലയിലെ കണ്ണുകൾ
രൗദ്രം രൂക്ഷം ഭീകര ഭയാനകം
ബാൽക്കണിയിൽ
പാട്ട കൊട്ടിയ എന്റെ നേരെ
ബാൽക്കണിക്കും, അതുക്കും മേൽ
കരേറിയോരെ,
പട്ടുമെത്ത, പട്ടുസോഫ, പട്ടുകക്കൂസ്
എന്നിവകളിലേക്ക്
ചൂളിപ്പിടിച്ചടുപ്പിച്ചിരിക്കുന്നു.

ദീപ്തം, മോചനം നിറച്ച
മറുതലക്കണ്ണുകൾ
കുനിഞ്ഞിരിക്കുന്നു.

അരിച്ചും വെടിച്ചും നീങ്ങുന്ന
പാട്ട കൊട്ടേണ്ടാത്തോരുടെ
തേഞ്ഞ കാലടികളിലേക്ക്

തൊട്ടു തൊടി കാലിപ്പാത്രങ്ങൾ
നാഴിയുരി ആട്ട ചുമക്കുന്ന,
ഊർന്നു പോകുന്ന സോദരനെ
ഒക്കത്തുറപ്പിച്ച്‌,
തേങ്ങിപ്പോകുന്ന കാലടികളിലേക്ക്

പണിത മാളികകളുടെയെല്ലാം
ഓരം പറ്റി മണ്ടുന്ന പുറം കൂനുകളിലേക്ക്

വീട്ടിലെ പട്ടികളെ കൂസാതെ
കടന്നു വന്നടിച്ചു തുടച്ചു പോകുന്നോരുടെ
നെഞ്ചുകളിലേക്ക്

ഇരുതലകൾ ചായുന്നു.

അതിൽ പാട്ടകൊട്ടിത്തലയെ
അവർ തൊഴിച്ചു മാറ്റുന്നു.

തൃക്കണ്ണുള്ള മൂന്നാംതലയെ,
ഒട്ടിയ വയറാൽ
തുറു കണ്ണാലുഴിഞ്ഞു,
ആദിയിൽ നിന്നു അനന്തതയിലേക്ക്
പ്രയാണം.

നിലയ്ക്കുമെന്നുറപ്പില്ലാത്ത
ഇന്നിന്റെ പ്രയാണം. 

Thursday, January 16, 2020

ചൂളകളുടെ വേവ്


ദൈവത്തിന്റെ ആലയിൽ ചൂളകൾ അനവധി
ഒരുമിച്ചു വേവുന്നുണ്ട്

പാകം നോക്കാൻ
ഉടയോനിടക്ക്
ചിലതൊക്കെ തുറന്നു നോക്കും
ചിലതു തൊട്ടു നോക്കും

ആ തൊടലിൽ ഒരു വർഗ്ഗീസ്
വിപ്ലവകാരിയാവും
ഒരു ജോൺസൺ ശില്പിയും

പാകമായി ചൂള തുറന്നാൽ
കുറെയെണ്ണം
വാരിയെല്ലുകൾ പൊത്തിപ്പിടിച്ചു
ചാടിയിറങ്ങി ഓടിക്കളയും

ഊരിയെടുക്കപെടാത്ത
വാരിയെല്ലുകൾ കുത്തിക്കയറി
ജീവിതാബദ്ധങ്ങളുടെ
ഘോഷയാത്രയാണു പിന്നെ

വേവു തികയാതെ ചാടിയതും
ഇറക്കി വിട്ടതും
ഒടിഞ്ഞും പൊടിഞ്ഞും തീരുന്നുണ്ട്.
അതൊക്കെ തട്ടിക്കൂട്ടി
വീണ്ടും മൂശയിലിടുന്നുണ്ട്
ഉടയോൻ

വേവു തികഞ്ഞും
ദൈവം തൊട്ടും
ഭൂമിയിലിറങ്ങിയ അപ്പാവികൾക്ക്
ദൈവം തന്നെ പോക്കറ്റിലിട്ടു കൊടുത്ത
ചില കിരീടങ്ങൾ
ഭാരം നിറച്ചു
പാതാളത്തിലേക്കു വലിക്കുന്നുണ്ട്

പൊങ്ങി വന്നാൽ
ഇവിടെയൊന്നും നിൽക്കില്ല
എണ്ണാം ഒന്ന് രണ്ട് മൂന്ന് ..
ആകാശ വിരിയിൽ, മേൽപാവിൽ
വീണ്ടുമൊരു വാർപ്പിലേക്കവരെ
ദൈവത്തിനും കിട്ടില്ല

വേവു മൂത്തു ഉറച്ചു പോയ
ചില കരിക്കട്ടികളുണ്ട്.
അസാധ്യമാണ്...
എങ്കിലും -
ആരെങ്കിലും കടഞ്ഞെടുത്താൽ
ഉരുക്കിന്റെ ശില്പമാവും .
അല്ലെങ്കിൽ ആർക്കെങ്കിലും മേടാൻ
വെറും ചുറ്റികകളും .

അങ്ങനെ..
സർക്കാരിന്റെ കാശു മുഴുവൻ ഇപ്പോൾ
ഗുഡ് ഗവേര്ണൻസിനു പോകുന്നതു
ചൂളയിലെ വേവിന്റെ പാകത്തിനാണ് .

Thursday, March 8, 2018

ഓര്‍ക്കാപ്പുറത്തെ അജ്ഞാത സൗഹൃദങ്ങള്‍

രാജീവ് ചൗക്ക് മെട്രോയില്‍ നിന്നാണു കയറിയത്. മെട്രോയില്‍ കയറുന്നതു പ്രത്യേക വിധത്തിലാണു. പെണ്‍ഗ്വിന്‍ പക്ഷിയെപ്പോലെ നടന്നു കയറണം. പുറകില്‍ നിന്നുള്ള തള്ളും  മുന്‍പിലെ സ്ഥലമില്ലായ്മയും ബാലന്‍സു ചെയ്യുന്നതു ആ നടത്തത്തിലാണു. അങ്ങനെ നിരങ്ങി നിരങ്ങി കയറിയപ്പോള്‍ കണ്ണുടക്കി..എന്റെ അതേ തലമുടി. കണ്ണുകള്‍.. പക്ഷേ വിരിഞ്ഞ വളരെ പരന്ന നെറ്റി.. താടിഭാഗം കൂര്‍ത്ത മുഖം. പുഞ്ചിരിച്ചു. ആ പുഞ്ചിരിയില്‍ ഒഴുകി അകത്തേക്കുകയറി ഫിറ്റ് ആയി, തിരക്കില്‍. പുറകില്‍ നിന്നു ശ്രദ്ധിച്ചു. ഉയരം അല്പം കുറവ്.

ഒരു നിമിഷം കഴിഞ്ഞപ്പോള്‍ എന്റെ കണ്ണുകള്‍ തുടരെ തോണ്ടിയതു കൊണ്ടാണോ എന്നറിയില്ല..പുറകോട്ടു തിരിഞ്ഞു മുഖം.  സുന്ദരി. 35 വയസ്സു കാണും..ഭംഗിയായി സാരിയുടുത്തിരിക്കുന്നു. ഓര്‍ത്തു.. മലയാളിയെന്ന്.പിന്നെ കണ്ടു കയ്യില്‍ ഒരു തമിഴ് വാരിക.  ഓക്കെ. അപ്പോള്‍ തമിഴ് നാട്ടുകാരിയാണു.

ആളുകള്‍ കയറി ഇറങ്ങി. ഉദ്യോഗ് ഭവന്‍. അവര്‍ മുന്നോട്ടു നീങ്ങി. ഇപ്പോള്‍ ഇറങ്ങുമായിരിക്കും. മെട്രോ വാതില്‍ തുറന്നു. അടഞ്ഞു. അവര്‍ ഇറങ്ങിയില്ല.

ആരോഗ്യമുള്ള ശരീരം.  ചുരുണ്ട മുടി.

ലോക് കല്യാണ്‍ മാര്‍ഗ്. മെട്രോ വാതില്‍ തുറന്നു. അവര്‍ ഇറങ്ങി. ഇറങ്ങുന്നതിനു മുമ്പ് തിരിഞ്ഞു നോക്കി. ആള്‍ക്കൂട്ടത്തിനിടയിലൂടെ ഒരു പുഞ്ചിരി എന്നെ വന്നു തൊട്ടു സല്ലപിച്ചു ഇറങ്ങിപ്പോയി.

ആ പുഞ്ചിരിയോടെ ഞാന്‍ ജോര്‍ ബാഗില്‍ ഇറങ്ങി.

ആ പുഞ്ചിരിയോടെ ഞാന്‍ ഫയലില്‍ ഒപ്പു വയ്ക്കുന്നു. ഇന്നത്തെ ഞാന്‍ ആ പുഞ്ചിരിയാവട്ടെ.

Thursday, December 22, 2016

സാക്ഷി


ആരും ചിരിക്കുന്നുണ്ടായിരുന്നില്ല..
ഭാഗ്യം.
അമ്മ പറഞ്ഞു-
ബിപിയുണ്ട്..പ്രമേഹമാണു..
രാവിലെ മുതല്‍ വെള്ളം കുടിച്ചിട്ടില്ല
ക്യൂവിലാണു
ഒരാഴ്ചയായി മരുന്നു കഴിച്ചിട്ടില്ല
തല കറങ്ങുന്നു
നിലം തുടച്ചും പാത്രം മോറിയും
ഉണ്ടാക്കിയതാണു
അല്പമെങ്കിലും തിരിച്ചു തരണം..
പൊട്ടിയ തൊണ്ടയിലെ ചിതലരിച്ച വാക്കുകളോട്
കല്ലുമുഖവുമായി പുറം തിരിഞ്ഞിരുന്നവരെ
കാണികളായി ഉള്ളില്‍ നിന്നവരെ,
ഞാന്‍ ശവമടക്കിനു പോകുന്നു..
അമ്മേ നിനക്ക് ഞാന്‍ സാക്ഷി
നിര്‍ബന്ധിത മരണങ്ങള്‍ക്ക്
കാഹളമൂതിയവരേ,
അടയാത്ത കണ്ണുകള്‍
നിങ്ങള്‍ക്ക് സാക്ഷി..


Saturday, April 23, 2016

വീര്‍ത്ത കുമ്പയോടെ, തംബോറടിച്ചു പാടുക നാം

ആഴത്തിലുള്ള ഗുഹയാണ്‍
ഇറങ്ങിയും കഷ്ടപ്പെട്ടു കയറിയും മടുത്തു മടുത്ത്
അവസാനം ഇറങ്ങിയപ്പോഴായിരുന്നു
മുകളിലേക്കു കയറിപ്പോകാനൊരു
കയറിന്റെ അറ്റം പിടിച്ചെടുത്തത്,
ഒരു പൊന്നുമോ ള്‍

താഴെ നിന്നു കാണുക
വീര്‍ത്ത കുമ്പയോടെ
തംബോറടിച്ചു പാടുക നാം..
നൂലേണികളിലൂടെ
പറന്നു പോകുന്ന കുഞ്ഞു തുമ്പികളെ നോക്കി,
വീര്‍ത്ത കുമ്പയോടെ
തംബോറടിച്ചു പാടിക്കൊണ്ടേയിരിക്കുക നാം..

Sunday, January 24, 2016

കണ്ണാടി കാണാത്തൊരു കുഞ്ഞു സ്വെറ്റര്‍


എന്തു മിനുസമാ..
ഓമനയാണു
എത്ര വലിയ അലമാരയില്‍
തിളങ്ങി സുഗന്ധിയായിരുന്നു
ഇപ്പോ-
ദാനമായി.
ജുഗ്ഗിയിലെ തണു നിലത്ത്
അടുക്കി വച്ച
കീറഗന്ധം
ബട്ടണ്‍ തെറ്റിച്ചിട്ട
ഒരു കുഞ്ഞു ദേഹത്ത്
കണ്ണാടി കാണാതെ
നിറമറിയാതെ
വിറച്ച് വിറച്ച്..

പുസ്തക പ്രകാശനംകേരള സാഹിത്യ അക്കാദമി ഹാള്‍, തൃശ്ശൂര്‍.
മെയ് 3, 2015

Monday, September 9, 2013

പട്ടി

ഏതോ ഒരു പട്ടി
വിശന്നിട്ടായിരിക്കും..
മനുഷ്യനേപ്പോലെ
കട്ടു തിന്നു.

ഫ്ലാറ്റുകള്‍ക്കു പുറത്തു വച്ചിരുന്ന
അവശിഷ്ടങ്ങള്‍ നിറച്ച കുട്ടകള്‍
ആക്രാന്തത്തില്‍
ചിതറിയിരുന്നു.

അവക്കിടയില്‍ കാലുകള്‍ കവച്ചു നിന്നു
എന്നെ നോക്കുമ്പോള്‍ ,
പട്ടിയുടെ മുരളലോ ക്രൗര്യമോ
ആയിരുന്നില്ല  

മണ്ണിന്റെ നിറമുള്ള മുഖത്ത്
കറുത്ത കണ്ണുകളും മീശയും വീണ്
അരുതാത്തതെങ്കിലും അനിവാര്യചെയ്തിയുടെ  
കീഴാള കരിയെഴുത്തായിരുന്നു.

താഴ്ചയിലെ വികിരണങ്ങളില്‍
മുഖം ചേര്‍ത്ത്
പടി കയറുമ്പോള്‍ പുറകില്‍
അവന്റെ ഒരു മുരളലിനു  
ചെവികള്‍ താഴേക്കും 
മുഴക്കങ്ങളിലേക്കു ഹൃദയം മുകളിലേക്കും 
പ്രാര്‍ത്ഥനപോലെ
നീണ്ടു വളര്‍ന്നു പോയി.

Sunday, June 9, 2013

വളര്‍ത്തമ്മ


എന്റെ മരണവാര്‍ത്തയറിയുമ്പോള്‍
നീ ഡ്യൂട്ടിയ്ക്കു ഓടുകയായിരിക്കും
വിവരത്തിനു, 'ശരിയാന്റി' എന്നു പറഞ്ഞു
നടത്തത്തിനു വേഗം കൂട്ടും

ഉരുട്ടിത്തന്ന ഉരുളകളും
ഹൃദയം നനച്ചു വളര്‍ത്തിയ
സ്വപ്നങ്ങളും നീ മറികടന്നു പോയി

കണ്ണും കാലും വളര്‍ന്നതറിയാതെ
കൈ പിടിച്ചു നടത്തിയ സ്വപ്നങ്ങളില്‍
നിന്റെ നുണക്കുഴികള്‍ വിരിയുന്നത്
എന്നിലൂടെ എന്നു മോഹിച്ചു

എന്റെ കൈ വിടുവിച്ചു നീ
മുന്നോട്ടു നടന്നപ്പോള്‍
ഞാന്‍ പരിഭ്രമിച്ചു..

ബലമുള്ള കൈകളില്‍ പിടിച്ചു
മുന്നോട്ടു നോക്കി നീ നടന്നു പോയി
തിരിഞ്ഞു നോക്കുമോ എന്നു
ഒരു ജന്മം കണ്ണു കഴച്ചു

ഇപ്പോള്‍ നീ എന്റെ മരണ വാര്‍ത്തയറിഞ്ഞു
നില്‍ക്കാന്‍ സമയമില്ലാതെ
ഓടിക്കൊണ്ടിരിക്കുകയാണു

ഭര്‍ത്താവിനോടും സുഹൃത്തുക്കളോടും
സംസ്കാരച്ചടങ്ങിനു
എത്തിപ്പെടേണ്ടതിനേപ്പറ്റി
പിന്നീടു ചര്‍ച്ച ചെയ്യുമായിരിക്കും..