ലക്ഷ്മിയവൾ, പതിന്നാലുകാരി,യെന്നേ
മരണമൊഴി കരൾ രോഗം നൽകിയവൾ
പത്തുകുപ്പിവെള്ളംചോർത്തും നിരന്തരം
പത്തുമാസമൊത്ത വയറും, തേഞ്ഞമ്പിയ
നെഞ്ചിൻ കൂടു താങ്ങും ഈർക്കിലിക്കാൽകളും
അവസാനമെന്നാണു മാസമോ വർഷമോ?
വേദന തഴമ്പിച്ച ഹൃദയവുമായന്ന്
ഞാനും ഹതഭാഗ്യ പൊന്നുമകൾക്കൊപ്പം
ആസ്പത്രിക്കട്ടിലിൽ ഞങ്ങളയൽക്കാരായ്
പങ്കിട്ടു വേദന, പരസ്പരം തോളത്ത്
ബീഹാറിക്കുടുംബം, മാതാപിതാക്കളും
കുസൃതിക്കുഞ്ഞുങ്ങൾ മൂന്നനിയന്മാരും
ലക്ഷ്മിയലറാത്ത നേരമില്ലൊട്ടുമേ
ഭരിക്കുന്നു പിടിവാശിയമർഷമെല്ലായ്പോഴും
‘മാറ്റിവച്ചാലീ കരൾ നേരെയായിടും’
ആരോ പറഞ്ഞൊരാ സാധ്യത പിന്നാലെ,
വലതുകാൽ വയ്ക്കുന്ന മരണത്തിനെ തട്ടി
ജീവനകത്തേക്കു അള്ളിവലിച്ചിടാൻ
പായുന്നവൾ കുഞ്ഞ് ഡോക്ടർക്കു പിന്നാലെ
മരണം സുനിശ്ചിതം ഡോക്ടററിയുന്നു…
അമ്മ വിതുമ്പുന്നു “മാഡം പറയാമോ?
കരൾ മാറ്റൽ കൊണ്ടൊന്നും രക്ഷയവൾക്കില്ല-
ആരോ വെറുതെ പറഞ്ഞു പോയവളോട്
ഇവളിന്നു പായുന്നു ഡോക്ടർക്കു പിന്നാലെ.
ഡോക്ടർ പറഞ്ഞിട്ടും മാനിക്കുന്നില്ലവൾ
മനസ്സിലാക്കിക്കുവാൻ എന്നോടയാളിന്ന്.
മാഡം പറയാമോ രക്ഷയില്ലെന്നത്?
ശസ്ത്രക്രിയയൊന്നും വേണ്ടയിനിയെന്ന്?”
ഒറ്റയ്ക്കു കിട്ടിയ നേരത്തു നേർത്തൊരാ
ഈർക്കിലിക്കയ്യുകൾ കയ്യിലെടുത്തു ഞാൻ
നാവുണങ്ങിയെന്റെ ശബ്ദം വിറച്ചിട്ടും
കല്ലുകൊണ്ടാക്കിയ ഹൃദയം പിടച്ചിട്ടും
പറഞ്ഞുപോയ് “മോളേ, നീയിന്നറിയണം
ആരോ പറഞ്ഞതു വെറുമൊരു സാധ്യത
രക്ഷക്കവരൊന്നും കാണുന്നതില്ലിനി
കുഞ്ഞേ നീയെന്റെയീ വാക്കുപൊറുക്കുക..”
കുണ്ടിലായ് തീർന്നൊരാ കണ്ണുകൾ രണ്ടുമെൻ
കണ്ണിലിടഞ്ഞു കൊളുത്തി വലിച്ചു-
പുറത്തിട്ടു കണ്ണീരൊലിപ്പിച്ചു പൊള്ളിച്ചു
പഞ്ചേന്ദ്രിയങ്ങളിൽ തീച്ചൂടറിഞ്ഞു ഞാൻ..
“ഇല്ലാന്റീ- നന്നായറിയുന്നു ഞാനത്-
എൻ വിധിയാരാലും മാറ്റപ്പെടില്ലെന്നും
എങ്കിലും ഞാനിന്നു ഓപ്പറേഷൻ വേണം
എന്നു കെഞ്ചുന്നതു എൻ രക്ഷക്കായല്ല..
എൻസോദരർ മൂന്നും പഠിക്കാതെയായിട്ട്
മൂന്നു വർഷം അവർ അയല്പക്കം തെണ്ടുന്നു
അച്ഛൻ പണിക്കൊട്ടു പോകുവാൻ വയ്യല്ലോ
മാസത്തിൽ പകുതിയും ഇവിടെയായ് തീരുന്നു
മൂടുന്നു ഞാനെന്ന കുഴിയിലായവരുടെ
ഭാവിയും ജീവിതസ്വപ്നങ്ങളൊക്കെയും
എനിക്കിനി മതിയാന്റീ വേഗം മരിയ്ക്കണം
അതിനായി മാത്രം ഞാനിന്നു കെഞ്ചീടുന്നു
ഇല്ലയത്യാഗ്രഹം ജീവിതം കിട്ടുവാൻ
മരണമൊന്നു മാത്രമിനിയെനിക്കാഗ്രഹം
അവരറിയരുതെന്റെ ഉള്ളിന്റെ വേദന
അതിനാലേ എന്റെയീ കോപവും താപവും
രക്ഷപ്പെടാനെന്ന് അവരോർത്തുകൊള്ളട്ടെ
രക്ഷയവർക്കെന്നു അവരറിഞ്ഞീടേണ്ട….“
വാമനരൂപം വളർന്നതു കണ്ടെന്റെ
നാവുണങ്ങി പിന്നെ ശിരസ്സു നമിച്ചു ഞാൻ.
കർണ്ണനുപിറക്കാതെ പോയോരു പുത്രിയോ
സ്വ-ജീവനർപ്പിച്ചൊരു യാഗം കഴിപ്പവൾ!
ഉരിയാടിയില്ലന്നു രണ്ടുപേരോടും ഞാൻ
ലക്ഷ്മിയല്പം ശാന്ത അമ്മയ്ക്കും സന്തോഷം
നന്ദി പറഞ്ഞമ്മ കെട്ടിപ്പിടിച്ചന്ന്
വേഗം നടന്നു മുഖം കൊടുക്കാതെ ഞാൻ
ഡിസ്ചാർജു വാങ്ങി, ഞങ്ങൾ രണ്ടാംദിനം
നമസ്തെ പറഞ്ഞന്നു വീടെത്തി പിന്നീട്
കണ്ടില്ല കേട്ടില്ല ലക്ഷ്മിയെ പിന്നെ ഞാൻ
മറഞ്ഞിരിക്കും അവൾ രക്ഷ ദാനം നൽകി..
ഇന്നും ഇട നെഞ്ചിലാമുഖം വിങ്ങുന്നു.
നമിക്കുന്നു ഉള്ളാലാനൈർമ്മല്ല്യമലരിനെ...