മകളുടെ മലയാളി സുഹൃത്തിനോടു സർദാർജിപ്പയ്യനു പ്രണയം! ഇപ്പോൾ തുടങ്ങിയതൊന്നുമല്ല. ആറാം ക്ലാസ്സു മുതലേ അവൻ പിന്നാലെ. അവൾ ‘ഫ ഫ’ എന്നാട്ടിക്കൊണ്ടു മുന്നാലെ.. സൈക്കിൾ ചവിട്ടാറായ കാലം മുതൽ സൈക്കിളിൽ വൈകുന്നേരങ്ങളിലും അവധിദിവസങ്ങളിലും അവളുടെ വീടിരിക്കുന്ന കോളനിയിൽ കറങ്ങിക്കൊണ്ടിരിക്കും മജ്നു. അവളുടെ ചേച്ചി പലതവണ വിരട്ടിവിട്ടിട്ടുണ്ട്. ഏശിയിട്ടില്ല.
12 വരെ മിക്കവാറും എല്ലാ വർഷങ്ങളിലും ഒരുമിച്ചു പഠിച്ചു. എട്ടിൽ പഠിക്കുമ്പോൾ അവളെത്തന്നെ നോക്കിയിരിക്കുന്നു എന്ന കുറ്റത്തിനു ടീച്ചർ ക്ലാസ്സിൽ നിന്നു പുറത്താക്കി. അപ്പോൾ കക്ഷി സൌകര്യമായി ജനലിലൂടെ അവളെ നോക്കിനിന്നു. ടീച്ചർ ചെവിക്കു പിടിച്ചു പ്രിൻസിപ്പാളിന്റടുത്തു ഹാജരാക്കി. പ്രിൻസിപ്പാളിനോടു ‘മേം ഉസ്സേ പ്യാർ കർതാ ഹൂം.’ എന്നു ധീരതയോടെ പറഞ്ഞു അടിയും വാങ്ങി. അതുകൊണ്ടു ഒമ്പതിൽ വേറെ വേറെ ക്ലാസ്സിൽ ഇരിക്കേണ്ടി വന്നു. പത്തു കഴിഞ്ഞപ്പോൾ അവളെടുത്ത ഗ്രൂപ്പു കിട്ടാൻ, പ്രിൻസിപ്പാളിനെ പലതവണ ദണ്ഡനമസ്കാരം ചെയ്ത് കിട്ടിയ കോമേഴ്സ് ഗ്രൂപ്പു മാറി സയൻസ് ഗ്രൂപ്പിൽ വന്നു. എന്നിട്ടും കൂട്ടുകാരി കനിഞ്ഞില്ല!
പന്ത്രണ്ടാം ക്ലാസ്സിൽ അവസാന മാസം അവന്റെ ഹൃദയം തകർന്നു തൂങ്ങാൻ തുടങ്ങി. ആറു വർഷത്തെ കൌമാര പ്രയത്നം തീർത്തും വെള്ളത്തിലാണെന്ന അറിവ് അവനെ തളർത്തി. അടുക്കാൻ ശ്രമിക്കുന്തോറും കൂട്ടുകാരിക്കു ഉശിരു കയറി വെറുപ്പിനും ആട്ടലിനും ശക്തികൂടി. അവൾ വേറെ ആരെയോ വായിൽ നോക്കുന്നു എന്ന സംശയം കൂടെയായപ്പോൾ സർദാർജിപ്പയ്യനു കെട്ടിളകാൻ തുടങ്ങി..
എന്തായാലും ഇതെല്ലാമറിയുന്ന മകൾക്കും അവളുടെ മറ്റൊരു മലയാളി കൂട്ടുകാരിക്കും സർദാർജീസിനോടു അതിയായ സഹതാപം തോന്നി. അവർ ആശ്വസിപ്പിച്ചു. പയ്യൻസ് അവരുടെ മുമ്പിൽ പൊട്ടിക്കരഞ്ഞു. തകർന്നു തരിപ്പണമായി കരഞ്ഞു എന്നാണു മകളുടെ റിപ്പോർട്ട്. മകളുടെ ആശ്വസിപ്പിക്കൽ കൂട്ടുകാരി, “നിന്റെ ഈ പ്രകടനം അവളുടെ അടുത്തു നടത്തിയാൽ ചിലപ്പോൾ നിന്റെ അരി വേവും“ എന്നു പറഞ്ഞു കളിയാക്കിയപ്പോൾ അവൻ ഏങ്ങലടിച്ചു പോയി എന്നാണു മകളുടെ കദനകഥാപാരായണം.
എന്തായാലും മകൾക്കു പാവം തോന്നി. അവൾ എസ് എം എസ് അയയ്ക്കുകയും തുടർച്ചയായി സംസാരിക്കുകയും ഒക്കെ ചെയ്ത് സർദാർജീസിനെ ആശ്വസിപ്പിച്ചു. സർദാർജി ആശ്വാസം സ്വീകരിച്ച് ക്രമേണ അവസാനപരീക്ഷയടുത്തപ്പോഴേക്കും ഉന്മേഷവാനാവുകയും പരീക്ഷ നന്നായി എഴുതുകയും ചെയ്തു. മകൾ അതു വളരെ വലിയ ക്രെഡിറ്റായി എടുത്തു. “അവൻ തോറ്റുപോയേനെ അമ്മാ.- ഞാനില്ലായിരുന്നെങ്കിൽ..” എന്നൊക്കെയുള്ള ഡയലോഗുകൾ വന്നു തുടങ്ങി. ഞാനതു കേട്ടു തലകുലുക്കുകയും ചെയ്തു.
ക്രമേണ സർദാർജീസിനു മകളോടു കമ്പമായിത്തുടങ്ങി… അവന്റെ ഒരു മെസ്സേജ് മകൾ കാണിച്ചു. “നീയില്ലാതെ ഞാനില്ലൈ..” എന്ന മട്ടിലുള്ള ഒരു മെസ്സേജ്. “ഇവനു പിന്നേയും പ്രാന്തായീന്നാ തോന്നണത് അമ്മാ..” എന്നും പറഞ്ഞു അവൾ ഫോൺ മേശപ്പുറത്തിട്ടു പോയി. ഞാൻ മിണ്ടാതെ ഫോണെടുത്ത് “നീ പോടാ ചെക്കാ” എന്നു മംഗ്ലീഷിലടിച്ച്, അയച്ച മെസ്സേജ് ഡിലിറ്റ് ചെയ്തു വച്ചു.
ശേഷം കേട്ടത്- അവനതു ഏതോ മലയാളിപ്പയ്യനെ കാണിച്ചു. അവൻ ഞാനെഴുതിയതിന്റെ അർത്ഥം “ഐ ലൌ യു” എന്നു വരുന്ന മലയാളമാണെന്നു ഇവനോടു പറഞ്ഞു കൊടുത്തു എന്നാണ്.
അതുകേട്ടു ആവേശം മൂത്ത് സടകുടഞ്ഞെണീറ്റ സർദാർജീസ് തുരുതുരാ ലൌ മെസ്സേജസ് അയയ്ക്കാൻ തുടങ്ങി. അതുകണ്ട് മകൾ കലികയറി “പോയി അടുത്തുള്ള കുളത്തിൽ മുങ്ങിച്ചാവാൻ” മറുവടിയും കൊടുത്തു.
അങ്ങനെ അവർ അടിച്ചു പിരിഞ്ഞു.
പക്ഷേ അവൾ പിന്നീട് അവനോടു വിശദമായി കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. ഞാനയച്ച മെസ്സേജ് കക്ഷി പൊന്നു പോലെ സൂക്ഷിച്ചു വച്ചിരുന്നു!. ശേഷം അവൾ എന്നോടു തുള്ളി..”…ഞാനാ പൊട്ടനെ പറഞ്ഞു മനസ്സിലാക്കുമായിരുന്നു. അമ്മയെന്തിനാ ഇടയിലൂടെ കയ്യിട്ടവന്റെ കഴുത്തിൽ പിടിച്ചു ഞെക്കിയത്? ….” എന്നെല്ലാം പറഞ്ഞവൾ ഫോണിലെ മെസ്സേജ് ബോക്സിനു പാസ്സ് വേഡും ഇട്ടു. “..അമ്മയാണു ആ പണി ചെയ്തതെന്നു ഞാനാ കിഴങ്ങനോടു പറഞ്ഞില്ല!“. എന്നവൾ പല്ലുകടിച്ചു പിടിച്ചു പറഞ്ഞു. ഞാൻ അവളെ നന്ദിയോടെ നോക്കി.
.“ഞാനാ അയച്ചതെന്നാ അവൻ വിചാരിച്ചിരിക്കുന്നത്. എന്തായാലും കാര്യം മനസ്സിലായപ്പോൾ കുറെ ചിരിച്ചു അവൻ. ചെക്കൻ നോർമ്മലായീന്നാ തോന്നണേ..“
സർദാർജിപ്പയ്യൻസ് രോഗവിമുക്തനായതിൽ എനിക്കു സന്തോഷമുണ്ട്.
പക്ഷേ, വരുന്ന മെസ്സേജുകൾ വായിക്കാനോ ‘വേണ്ടവിധം‘ പ്രതികരിക്കാനോ നിവൃത്തിയില്ലാതെ ഞാനിപ്പോൾ വിഴുങ്ങസ്യ എന്നിരിപ്പാണ്…
പ്രിയപ്പെട്ടവരെ, ഒരു മാസത്തോളം അത്ര സജീവമായി ഉണ്ടായിരുന്നില്ല, ബ്ലോഗുലകത്തിൽ. പാപപരിഹാരമായി ഒരു കുഞ്ഞു നർമ്മകഥ. നർമ്മംന്നു ഞാൻ പറയുന്നു. വായിക്കുന്നവരെന്ത്ാമവുംന്നു അറിയില്ല. പ്രശസ്ത നർമ്മകരൊക്കെ ക്ഷമിക്കട്ടെ. കവിതകളുമായി ഉടൻ വരുന്നതായിരിക്കും. (ഒരു കെട്ടു പത്രം വാങ്ങിവച്ചിട്ടുണ്ടെന്ന്! ചെറുതിനെ വിടമാട്ടേൻ..) സ്നേഹത്തോടെ.
ReplyDeleteഞാന്‍ ആദ്യായിട്ട ഇവിടെ ....
ReplyDeleteവായിച്ചു ...നര്‍മകഥ ഇഷ്ടപ്പെട്ടു
ഇനിയും വരാം...
പ്രദീപ്
മേ ഐ അകത്തേക്കങ്ങോട്ട്.........!!!
ReplyDeleteകഥ?? നടന്നൊരു സംഭവമായിട്ടാണ് ചെറുത് മനസ്സിലാക്കുന്നത്. സരസമായി തന്നെ അവതരിപ്പിച്ചു. അവസാന ഭാഗങ്ങള്‍ വായിച്ച് ശരിക്കും ചിരിച്ചു. അമ്മയുടെ സ്ഥാനത്ത് മ്മടെ ഉര്‍വശിയുടെ മുഖാണ് തെളിഞ്ഞത്. ഹ്ഹ്ഹ്ഹ് അമ്മേം കൊള്ളാം, മോളും കൊള്ളാം, സിംങ്ങും കൊള്ളാം :)
പിന്നേയ്... ആദ്യകമന്‍റില്‍ ചെറുതിനിട്ടൊന്ന് താങ്ങിയത് കണ്ടു. ആ നിശാസുരഭീടെ കമന്‍റ് കണ്ടപ്പഴേ കരുതീതാരുന്നു കയ്യീന്ന് പോയീന്ന്. എല്ലാ മാസോം ഒരോ കവിത ഇട്ടിരുന്ന ആള് അതങ്ങ് നിര്‍ത്തേം ചെയ്തു. ശ്ശോ!
((( ആരെ ചീത്തവിളിക്കും എന്നുള്ള ടെന്‍ഷനായിരുന്നു. പത്രം വാങ്ങി വച്ചിട്ടുണ്ടെന്ന് കേട്ടപ്പൊ ഒരു പ്രതീക്ഷ))) :P
എല്ലാവിധ ആശംസോളും!
ഒരു ക്ഷുദ്ര സംഭവം നന്നായി,സരസമായി നീട്ടിപ്പറഞ്ഞ് ഫലിപ്പിച്ചു. സർദാർജി മാർക്ക് “ചെറുത്” എന്നൊക്കെ പേരുണ്ടാകുമോ? മലയാളിയെക്കാൾ പ്രവാസികളായി ലോകത്തിപ്പോൾ സർദാർജിമാരാണത്രേ അധികം! എവിടെ പോയാലും അവിടെയുണ്ട് ചെറുത്! ഒപ്പം ഒടുക്കത്തെ കൊഴപ്പവും!
ReplyDeleteസംഭവം കൊള്ളാട്ടോ, നടന്നതെന്നേ വിചാരിക്കൂ. പിന്നെ. കൌമാരത്തിൽ കുറെ ആൺകുട്ടികൾ ഇങ്ങനെ തന്നെ. ഒരു പെൺകൂട്ടിന് വെറുതെ മോഹിക്കുന്നവർ. ഇന്ന കുട്ടിയായിരിക്കണമെന്നൊന്നും അവർക്ക് നിർബ്ബന്ധമില്ല, ഓർത്തു ചിരിക്കാനും വിതുമ്പാനും ഒക്കെ ഒരാൾ!
ReplyDeleteസംഭവ കഥ നര്‍മ്മത്തില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു. നമ്മുടെ ഇടയില്‍ ധാരാളം നര്‍മ്മക്കാര്‍ ഉള്ളതിനാല്‍ അല്പം കൂടി ഉഷാറാക്കണം ഹാസ്യാവതരണം. നര്‍മ്മത്തിലെക്കുള്ള ആദ്യത്തെ കാല്‍വെപ്പ് എന്ന നിലക്ക് മോശമായില്ല. സംഭവം മാത്രം പറയുമ്പോള്‍ വേണ്ടത്ര നര്‍മ്മരസം കലര്‍ത്താന്‍ പ്രയാസമാണ്. സംഭവത്തിലേക്ക് അല്പം ഭാവന കൂടി കടന്നു വരട്ടെ.
ReplyDeleteആശംസകള്‍.
അതു ശരി, ഇങ്ങനെയൊക്കെ ചെയ്യുന്ന മുകിലമ്മയ്ക്ക് മിണ്ടാതിരിയ്ക്കയല്ലാതെ ഇനി വേറെന്തു വഴിയാ?
ReplyDeleteഫോൺ ഇടയ്ക്കിടെ എടുത്ത് നോക്കിക്കോളൂ. ചെലപ്പോ വല്ല വഴീം തുറന്നു കിട്ടും......
നര്‍മ്മത്തിനപ്പുറം എവിടേയോക്കെയോ കൊണ്ടു........... ഇഷ്ടമായി, തുടരൂ..........
ReplyDeleteസർദാർജിപ്പയ്യനു കെട്ടിളകാൻ തുടങ്ങി..
ReplyDeleteനര്‍മ്മത്തില്‍ പൊതിഞ്ഞ് നമ്മുടെ മൊബൈല്‍ സംസ്കാരത്തെയൊന്നു കളിയാക്കിയതാണോയെനൊരു സംശയം.എല്ലാവരും അമ്മയെ മൊബൈല്‍ മെസ്സേജ് കാണിക്കുകയാണെങ്കില്‍ ...!
ReplyDeleteഇത് നന്നായിട്ടുണ്ട് ട്ടോ.. All the best !!
ReplyDeleterasakaramayittundu....... aashamsakal..................
ReplyDeleteപാവം സര്‍ദാര്‍ജി പയ്യന്‍!
ReplyDeleteസ്നേഹിച്ച തെറ്റിന് എന്തൊക്കെ
അനുഭവിക്കണമാവോ:)
രമണന്‍ വായിക്കാന്‍ കൊടുക്കണം.
നീ പോടാ ചെക്കാ=ഐ ലവ് യൂ...
ReplyDeleteനന്നായി
രസകരമായി വായിച്ചു
ReplyDeleteമുകില്‍ ഗദ്യത്തില്‍ പെയ്യുന്നതും ഇഷ്ടമായി
ReplyDeleteഈ അമ്മയുടെയും മകളുടെയും കൂട്ട് കണ്ടിട്ട് നല്ല കൊതിയായി... ചിലയിടത്തൊക്കെ നന്നായി തമാശ വര്‍ക്ക് ഔട്ടായി....
ReplyDeleteഹ്ഹ്,
ReplyDeleteനന്നായി നന്നായി,
രസിപ്പിച്ചൂന്നെ..
വായിച്ചൊഴുകിയിറങ്ങി,
തീര്‍ന്നതും അറിഞ്ഞില്ലാ..
ധൈര്യത്തില്‍ വെക്കാം നര്‍മ്മമെന്ന്!!
ചിലയിടത്തെ വളിച്ച തമാശയുടെ നിലവാരം പറയാന്‍ നിന്നാ കുറേ പറയാനുണ്ട്,..
@ ചേറുതേ..
ചീത്ത വിളിക്കാനോ? മാത്തമാറ്റിക്സായ്പ്പോയ്.. ഹ് മം!
ഹഹഹ...മുകില്‍ ഇഷ്ടായി..ഈ പ്രണയം..
ReplyDeleteഞാന്‍ എഴുതാന്‍ ഇരിക്കുകയായിരുന്നു
പൊളിഞ്ഞുപോയ എന്റെ മകന്റെ ഒരു പ്രണയത്തെ
ക്കുറിച്ച്..എന്തായാലും അടുത്ത് പ്രതീക്ഷിക്കാം..
എത്ര എളുപ്പം പരിഹരിച്ചു? മർമ്മം നന്നായി.
ReplyDeleteഇനിയും പോരട്ടെ,
ഇതുപോലെ ഒരു പ്രശനം ഉണ്ടായപ്പോൾ എനിക്ക് പരിഹരിക്കാൻ കഴിഞ്ഞില്ല,
http://mini-minilokam.blogspot.com/2011/03/blog-post_26.html
സ്മിതയുടെ കമന്റ് കലക്കി ..
ReplyDeleteആദ്യം ഞാന്‍ കരുതി . മകള് സഹതാപ
തരംഗം തലയില്‍ ഏറ്റി സംഭവം അമ്മക്ക്
പണി ആവുമോ എന്ന് .നന്നായി അവതരിപ്പിച്ചു
കേട്ടോ .നര്‍മം മോശം ഒന്നും അല്ല .പിന്നെ
രാംജി പറഞ്ഞത് പോലെ അല്പം ഭാവന കൂട്ടിയാലേ അനുഭവത്തില്‍ വെള്ളം ചെര്കാന്‍ പറ്റൂ ..
അഭിനന്ദനങ്ങള്‍ മുകിലേ .
പിന്നെ ആ ലീല ടീച്ചറിന്റെ
ഡല്‍ഹി tripil ആകാശത്ത് ഈ മുകില്‍ ആയിരുന്നു അല്ലെ ..വഴി കാട്ടി. ?പിന്നെ ഞാന്‍ ആ വഴി പോയില്ല .അത് കൊണ്ടു
ഉത്രരം കിട്ടിയില്ല ..
ഞാനാ പൊട്ടനെ പറഞ്ഞു മനസ്സിലാക്കുമായിരുന്നു. അമ്മയെന്തിനാ ഇടയിലൂടെ കയ്യിട്ടവന്റെ കഴുത്തിൽ പിടിച്ചു ഞെക്കിയത്? ….”
ReplyDeleteഹാവൂ. ഇത്തവണ മുകിലിന്റെ കയ്യില്‍ കൊടുവാളില്ല. പകരം ശുദ്ധ ഹാസ്യത്തിന്റെ വെഞ്ചാമരം വീശിയാണ് വരവ്. അതൊരു കുളിര്‍ക്കാറ്റായി വായനക്കാരെ തഴുകി കടന്നു പോയി.
ഒരു കൊടുങ്കാറ്റിനു മുമ്പേയുള്ള ശാന്തത പോലെ ഈ മാറ്റം താല്‍ക്കാലിക മാവാം. വീണ്ടും കവിതയുടെ പെരുമഴയായി മുകില്‍ തിമിര്‍ത്തു പെയിതേക്കാം.
മുകിലേ മുകിലേ നീ ബ്ലോഗുമായെത്തി.....ഇവിടെ കണ്ടതിലും പരിചയപ്പെട്ടതിലും സന്തോഷം.പിന്നെ നമ്മുടെ സർദാർജിപ്പയൻ.....അവരെ പൂർവ്വികരുടെ ഒരു മനസ്സും ബുദ്ധിയുടെയും അളവും ആഴവും വെച്ചിട്ട് ഇത്ര മാത്രം ആത്മാർത്ഥതയും ‘ഡെഡിക്കേഷനും’ പാടില്ലാത്തതാണ്!!!ആ പിന്നെ കിടക്കട്ടെ!! മൂന്നു കൌമാരക്കാരുടെ അമ്മ എന്ന നിലയിൽ മുകിലെ’അവിടെ നടന്ന കഥ പലകഥകളായി എന്റെ വീട്ടിലും നടക്കാറുണ്ട്.16,15,13, ഈ പ്രായത്തിൽ എനിക്കും മൂന്നെണ്ണം,ഒരു 11ആം ക്ലാസ്സ് 10 ആം ക്ലാസ്സ് ഒരു 8.ഈ മൊബൈൽ ഞാൻ നിവർത്തികേടുകൊണ്ട് “കൊണ്ടുവെക്കടാ എന്റെ മേശപ്പുറത്ത്, ഇനി എന്നോടു ചോദിക്കാതെ തൊട്ടേക്കരുത്!! ഇത്രമാത്രെമുള്ള വിരട്ടിൽമാത്രമെ എത്തിയിട്ടുള്ളു“. എന്തായലും നർമ്മത്തിൽ പൊതിഞ്ഞ ഈ കഥ വെറും കഥമാത്രമല്ല,സൌഹൃദമനോഭാവം മാത്രമുള്ള അമ്മയുടെ മനസ്സിന്റെയും,ഒരു നല്ല സുഹൃത്തും സംയമനമന മനസ്ഥിതിയും ഉള്ള ഒരു മകളുടെയും ആണ്.ആശംസകൾ
ReplyDeleteഹോ ആ മോളുടെ അത്രപോലും വിവരമില്ലാത്ത അമ്മ.. അല്ലേലും ഈ കവയത്രികള്‍ വലിയ വായില്‍ കവിതയെഴുതുമെന്നേ ഉള്ളൂ. ഒന്നിനും കൊള്ളില്ല. കാല്പനീക ജീവികള്‍..
ReplyDeleteഞാന്‍ മോളുടെ കൂട്ടായി.. അമ്മക്ക് ടാറ്റാ.. :)
ഇനി ഇവിടെ നിന്നാല്‍ മുകിലെന്നെ കൊല്ലും :)
ഇനി കട്ട സീരിയസ്സ്മുകില്‍, നമ്മളേക്കാളൊക്കെ കാര്യങ്ങളെ വിവേചന ബുദ്ധിയോടെ കാണുവാനുള്ള കഴിവ് ഇന്നത്തെ തലമുറക്കുണ്ട്. അവരെ വെറുതെ ഉളിഞ്ഞും പാത്തും പ്രകോപ്പിക്കാതിരിക്കുക. പ്രത്യേകിച്ച് ഇത്രയും കാര്യങ്ങള്‍ തുറന്ന് പറഞ്ഞ മോളേ.. പണ്ടെനിക്കൊരു നെറ്റ് ഫ്രണ്ടിന്റെ ഫോണ്‍ വന്നപ്പോള്‍ അവള്‍ അമ്മക്ക് ഫോണ്‍ കൊടുക്കാന്‍ പറഞ്ഞു. അദ്ധ്യാപികയായിരുന്നിട്ടും ഫോണ്‍ എടുത്ത ഉടനെ അമ്മ അവളോട് ചോദിച്ചത് നിങ്ങള്‍ തമ്മില്‍ എന്താ ബന്ധമെന്നാ :) അല്പം വിവരമുള്ള കൂട്ടത്തിലായതിനാല്‍ അവള്‍ ഇന്നും ഞാനുമായുള്ള സൌഹൃദം തുടരുന്നു. എന്റെ വീട്ടുകാരുമായുള്ളതും.
പ്രിയപ്പെട്ട മുകില്‍,
ReplyDeleteനര്‍മത്തില്‍ ചാലിച്ച ജീവിതത്തിലെ ഒരേട്!പലപ്പോഴും സംഭവിക്കുന്നതാണ്! സഹതാപം പ്രേമമായി തെറ്റിദ്ധരിക്കപ്പെടുന്നത്!
നന്നായി എഴുതി,മുകില്‍!ആശംസകള്‍!മകള്‍ക്ക് ഈ പക്വത ജീവിതാനുഭവങ്ങള്‍ നേരിടാന്‍ കറുത്ത് നല്‍കട്ടെ!
ഒരു മനോഹര ദിവസം ആശംസിച്ചു കൊണ്ടു,
സസ്നേഹം,
അനു
ഇക്കഥയില്‍ എനിക്കേറെ ഇഷ്ടമായത്.. അല്ലെങ്കില്‍, എന്നെ ഏറെ ചിരിപ്പിച്ചത്. മറഞ്ഞിരിക്കുന്ന ആ സുഹൃത്താണ്. "പോടാ ചെക്കാ" എന്നതിന് "ഐ ലവ് യൂ"... എന്ന് തര്‍ജ്ജമ ചെയ്ത സുഹൃത്ത്.
ReplyDeleteപിന്നെ, 'കഥ' പറഞ്ഞ അമ്മയും നന്നായിട്ടുണ്ട്. ആശംസകള്‍..!!
{ 'കഥ'ക്കപ്പുറത്തുള്ള കാര്യങ്ങളെ മനോരജടക്കം പലരും വളരെ ഭംഗിയായി പറഞ്ഞിരിക്കുന്നു. ഞാനവരുടെ വാക്കുകളോട് ഐക്യപ്പെടുന്നു. }
ഞാന്‍ ആദ്യമായിട്ടാണ്
ReplyDeleteഇവിടെ വന്നത്
മിക്കവാറും എല്ലാ പോസ്റ്റും
ഇഷ്ടായി . ഒരു സുഹൃത്തായി ബ്ലോഗില്‍ ചേരുകയും ചെയ്തു
സമയം കിട്ടുന്നതിനനുസരിച്ച് ഇനിയും വരാം
നന്നായേയുള്ളൂ..പയ്യെ തിന്നാല്‍ പനയും തിന്നാം എന്നല്ലേ? ഇപ്പോ എന്തായി? ക്ഷമയില്ലാതെ എല്ലാം നശിപ്പിച്ചില്ലേ? ഇനി മോള്‍ക്ക് വല്ല ഐസ്ക്രീമോ പീസ്സയോ വാങ്ങിത്തരാന്ന് പറഞ്ഞ് സോപ്പിട്ടു നോക്കിയാലോ?
ReplyDeleteഹാവൂ! മുകിലിന്റെ ഒരു കഥ വായിക്കാന്‍ പറ്റിയല്ലോ! എനിക്കിനി ചത്താ മതി. (അയ്യോ! വേണ്ട..പറഞ്ഞത് ഞാന്‍ ഡിലീറ്റ് ചെയ്തു)
എന്‍റെ പൊന്നു മുകിലെ പേടിപ്പിക്കല്ലേ..മകന്‍ ഒന്നാം ക്ലാസ്സിലെ ആയുള്ളൂ.പക്ഷെ...എന്‍റെ മനസ്സില്‍ ചില്ലറ അമ്മായിഅമ്മ പോര് ഇപ്പോളെ തുടങ്ങിയ കോളാണ് ..
ReplyDeleteനനായി രസിച്ചു..ആശംസകള്‍
ReplyDeleteമുകിലിന്റെ കയ്യില്‍ ഇതും ഉണ്ട് അല്ലേ? കഥ നര്‍മ്മം തന്നെ. രസിച്ചു.
ReplyDeleteമകളാണെങ്കിലും സ്വകാര്യതയില്‍ കൈ കടത്താമോ? എന്റെ ന്യായമായ സംശയം ആണ് ട്ടോ.
ഈ അമ്മയെ സഹിക്കുന്ന മകളേ സമ്മതിക്കണം :)
ReplyDeleteകൊള്ളാം ട്ടൊ
മക്കളെ പുലിവാലു പിടിപ്പിക്കുന്ന അമ്മയോ? പാസ്സ് വേർഡ് ഇട്ടത് നന്നായി മോളേ! ഇപ്പോഴത്തെ അമ്മമാർക്ക് കുട്ടികളെ പോലെ വലിയ വിവരമൊന്നും ഇല്ല. വല്ലപ്പോഴും ഉപദേശിക്കണം. പിള്ളേർക്ക് അമ്മമാർക്ക് മേലും അച്ഛന്മാർക്കുമേലും എപ്പോഴും ഒരു കണ്ണു വേണം. കണ്ണൊന്നു ചിമ്മിയാൽ.......മക്കളറിയാതെ അച്ചനമ്മമാർ സിനിമയ്ക്ക് പൊയ്ക്കളയും!
ReplyDeleteഎന്തായാലും സോഷ്യലായി ഇടപെടുന്ന അമ്മയ്ക്കും മകൾക്കും ആശംസകൾ! അമ്മമാർ മക്കൾക്ക് കൂട്ടുകാരിയെ പോലെ ആകണം; തിരിച്ചും!
അമ്മയും മകളും എന്ന ഈ സങ്കൽപ്പം കൊള്ളാം...
ReplyDeleteആശംസകൾ...
സംഭവം സൂപ്പര്‍..!
ReplyDeleteഞാന്‍ വിചാരിച്ചു സര്‍ദാര്‍ പരീക്ഷ ജയിച്ചപ്പം മകള് തോറ്റൂന്ന്..!(ഹും..!എന്നാ കാണാരുന്ന് കളി..!)
പാവം..! സര്‍ദാര്‍ജി..അവനെ സ്നേഹിക്കാനാരൂല്ല..!
സംഗതി ഇഷ്ടായീട്ടോ..
പറയാണ്ടുപോണതെങ്ങനെ..?
‘മകള്‍ക്ക് പറ്റിയ അമ്മ..!’
എന്തായാലും മുകിലിന് നല്ല്ല ക്ഷമയുണ്ട്.... വേറെ വല്ല അമ്മമാരുമായിരുന്നെങ്കിൽ മകളുടെ പഠിപ്പ് അതോടെ അവസാനിച്ചേനെ...
ReplyDeleteവളരെ 'സരസരസകരവശ്യസുന്ദരശൈലി'യില്‍ എഴുതി!
ReplyDeleteഅത് കലക്കീലോ..മോള്‍ക്ക് അമ്മേക്കാള്‍ ബുദ്ധീണ്ട്.അല്ലെങ്കിലും,ഇപ്പോഴത്തെ പിള്ളേരെ കണ്ടു പഠിക്കണം.
ReplyDeleteകഥ രസായി അവതരിപ്പിച്ചു.
കഥ വളരെ നന്നായിട്ടുണ്ട്.
ReplyDeleteവാര്‍മുകിലേ..കൊള്ളാം.നര്‍മ്മം
ReplyDeleteവായിച്ചു... ഇഷ്ടപ്പെട്ടു..
ReplyDeleteനർമ്മത്തിലാണ് പറഞ്ഞതെങ്കിലും...എല്ലാ അമ്മമാരും ശ്രദ്ധിക്കേണ്ട കഥ....റാം ജി പറഞ്ഞത് ശ്രദ്ധിക്കുമല്ലോ........ എല്ലാ ഭാവുകങ്ങളും
ReplyDeleteഇപ്പൊ ആണ് ഇത് വായിച്ചത് ...താമസിച്ചു ..........
ReplyDeleteവളരെ നന്നായി എന്ന് ഒന്നും പറയാന്‍ ഇല്ല
നര്മമം ഇഷ്ട്ടപെട്ടു ..ചിരിപ്പിക്കാന്‍ സാധിക്കുനുണ്ട്
ആരെയും സ്നേഹിക്കരുത് എന്നോ?
ReplyDeleteഎല്ലാവരെയും സ്നേഹിക്കനമെന്നോ?
കൊള്ളാം.
ReplyDeleteനല്ല എഴുത്ത്.
നര്‍മ്മം അസാരം.
മുകിലിന്റെ നല്ല 'കവിതകള്‍ ' കാക്കുന്നു...
ReplyDeleteനന്ദി, പ്രദീപ്.
ReplyDeleteനന്ദി ചെറുതേ. പോസ്റ്റിടൂ, പോസ്റ്റിടൂ. ഞാന്‍ വരുന്നുണ്ട്!
സന്തോഷം കേട്ടോ. കവിതയിടാത്തത് അതുകൊണ്ടൊന്നുമല്ല. ചില നേരത്ത് കവിത പുറംതിരിഞ്ഞു നില്‍ക്കും. ചിലപ്പോള്‍ കവിത നേരെ നിന്നാലും അകക്കണ്ണു അടഞ്ഞിരിക്കും. അതാണു കവിതയില്ലാത്തത്.
(കമന്റുകളൊന്നും നമ്മളെ ബാധിക്കില്ലാട്ടോ. അതുകൊണ്ടു ധൈര്യമായി പറയാം അഭിപ്രായം.)
സന്തോഷം, ശ്രീനാഥന്‍ മാഷേ. അറിയാം കുഞ്ഞന്‍ കുസൃതികളല്ലേ. ഞാന്‍ വെറുതെ കളിയാക്കുന്നതല്ലേ.
നന്ദി റാംജി. കൂടുതല്‍ നര്‍മ്മമെഴുതാനുള്ള ധൈര്യമൊന്നുമില്ല. ഒരു മാറ്റത്തിനു കവിത വരണ്ടിരിക്കുന്ന സമയത്തു എഴുതിയെന്നേ ഉള്ളൂ.
എച്മുക്കുട്ടീ, സന്തോഷായീല്ലേ. എനിക്കു മെസ്സേജു കാണാന്‍ പറ്റില്ലല്ലോ!
വരവിനു നന്ദി പ്രയാണ്‍.
ReplyDeleteനന്ദി ഉമ.
കലാവല്ലഭന്‍, നന്ദി.
സങ്കല്പങ്ങള്‍: സന്തോഷം,ട്ടോ. കുട്ടികള്‍ അമ്മമാരെ കാണിക്കട്ടെ. കുരുത്തംകെട്ട അമ്മമാരാവുമ്പോള്‍ ഇങ്ങനെയൊക്കെയുണ്ടാവുംന്നു മാത്രം!
ദിവാരേട്ടന്‍: നന്ദി.
നന്ദി ജയരാജ്.
ഒരില വെഉതെ: അതന്നെ. പാവം.
അജിത്: നന്ദി.
ജയിംസ് സണ്ണി: സന്തോഷം.
നന്ദി സ്മിത. നന്ദി ആളവന്താന്‍.
നിശാസുരഭി:സന്തോഷം,ട്ടോ. ചെറുതിനെ ഞാന്‍ ചീത്ത വിളിച്ചു. ഇനി വിളിക്കണ്ട.
ലക്ഷ്മി: പോരട്ടെ, കുഞ്ഞന്മാരുടേയും, കുഞ്ഞത്തിമാരുടേയും പ്രണയങ്ങള്‍. നമ്മുടെയൊന്നും സങ്കല്പങ്ങളും സ്വപ്നങ്ങളുമൊന്നുമല്ല ഇപ്പോഴത്തെ കുട്ടികള്‍ക്ക്. ഭയങ്ക് പ്രാക്ടിക്കല്‍ ചിന്തകര്‍! അന്തം വിട്ടുപോകും.
ReplyDeleteമിനി: വായിച്ചു ടീച്ചറേ. നന്നായിട്ടുണ്ട്.
എന്റെ ലോകം: വളരെ നന്ദി. അതെ ടീച്ചറെ കണ്ടിരുന്നു.
നന്ദി. അക്ബര്‍. തീര്‍ച്ചയായും കവിതകള്‍ വരും,ട്ടോ
വളരെ നന്ദി, സപ്ന. അത്ര വിരട്ടിയാല്‍ മതി. അധികം പ്രായവ്യത്യാസമില്ലാത്തതുകൊണ്ട് അവരു തമ്മില്‍ തമ്മില്‍ കൈകാര്യം ചെയ്തോളും കാര്യങ്ങളൊക്കെ.
നന്ദി മനോരാജ്. അങ്ങനെയൊന്നും തലയിടില്ലാട്ടോ. പിന്നെ ചെറിയ കുസൃതിയൊക്കെ.. അമ്മമാരല്ലേ..
നന്ദി അനുപമ.
ReplyDeleteസന്തോഷം, നാമൂസ്.
വളരെ നന്ദി റഷീദ്
അയ്യോ തത്തമ്മേ ചാവല്ലേ. തത്തമ്മയില്ലാത്ത ബ്ലോഗുലകം വേണ്ടേ വേണ്ടാ..
ശ്രീദേവി: ഹ ഹ. അമ്മായിയമ്മപ്പോരൊന്നും എടുക്കണ്ട. പിള്ളേരു നമ്മളെ സുഖവാസത്തിനു വൃദ്ധസദനത്തിലാക്കും!
കൊച്ചുരവി: സന്തോഷം,ട്ടോ
നന്ദി ഭാനു- അമ്മമാരുടെ കുഞ്ഞു കുസൃതികളല്ലേ..
നന്ദി ഇട്ടിമാളൂ. ഇട്ടിമാളുവിന്റെ കവിത എനിക്കു വളരെ ഇഷ്ടമായി,ട്ടോ.
സജിം: അതന്നെ. കണ്ണുതെറ്റിയാല്‍ അച്ഛനമ്മമാര്‍ എന്തൊക്കെ കുറുമ്പു കാണിക്കുംന്നു പറയാന്‍ പറ്റില്ല!
കുഞ്ഞുങ്ങളുടെ ഇന്‍ ബോക്സ് വായിക്കുന്നത് പാപമല്ലേ അമ്മാ..:(
ReplyDeleteനന്ദി വി.കെ
ReplyDeleteനന്ദി പ്രഭന്‍ കൃഷ്ണന്‍. ‘മകള്‍ക്കു പറ്റിയ അമ്മ’ ഇഷ്ടപ്പെട്ടു.
വിനുവേട്ടന്‍: കൂടുതല്‍ കുറുമ്പു കാണിച്ചാല്‍ ഇനി ഓഫീസില്‍ പോകണ്ടാന്നു പറഞ്ഞു മക്കള്‍ നമ്മളെ പൂട്ടാതെ നോക്കിയാല്‍ മതി ഇനിയങ്ങോട്ട്!
നന്ദി, ഇസ്മയില്‍
സ്മിത ആദര്‍ശ്: അതന്നെ. ഇനിയിപ്പോ ഇതേ നടക്കൂ. മക്കളെ കണ്ടു പഠിക്കണം. പക്ഷേ പറയാതെ വയ്യാട്ടോ. ഇന്നത്തെ കുട്ടികളുടെ പക്വത നമുക്കില്ലായിരുന്നു. കാര്യപ്രാപ്തിയും. നമ്മുടേയും അവരുടേയും ബാല്യ-ലോകങ്ങള്‍ തമ്മില്‍ അന്തരമുണ്ട്. ഓക്കെ. എന്നാലും എനിക്കു കുട്ടികളോടു ബഹുമാനം തോന്നാറുണ്ട്. പിന്നെന്താന്നു വച്ചാല്‍, സ്വാര്‍ത്ഥത കുറച്ചു കൂടുതലാണ്, നമ്മളെ അപേക്ഷിച്ച്. അതു ഒന്നും മാക്സിമമം രണ്ടും ഒക്കെയായി വളരുന്നതിന്റെയാവും..
നന്ദി, ലീനാസ്.
ReplyDeleteനന്ദി കുസുമം.
ജിയാസു: സന്തോഷം.
ചന്തു നായര്‍: വളരെ നന്ദി,ട്ടോ.
മൈ ഡ്രീംസ്: എന്നാലും ചിരിച്ചില്ലേ? അതുമതി അതുമതി!
ശിഖണ്ഡി: എന്തിനാണാവോ ഇങ്ങനെ പേരിട്ടത്? വിളിക്കാനൊരു വിഷമം! എന്നാലും വിളിക്കുക തന്നെ.
ഇതില്‍ ഒരുഗുണപാഠവും ഇല്ല, ശിഖണ്ഡി. നമ്മളെഴുതിയിട്ടു ആരെങ്കിലുമുണ്ടോ ഗുണപാഠപ്പട്ടിക പഠിക്കുന്നു! ചുമ്മാ അങ്ങെഴുതിയെന്നേയുള്ളൂ.
സന്തോഷം, മനോജ് വെങ്ങല.
അനില്‍കുമാര്‍: തീര്‍ച്ചയായും കവിത വരും. ഒരു മാറ്റത്തിനു ഇടയ്ക്കിങ്ങനെയൊക്കെ എഴുതുന്നതല്ലേ.
അനൂപ്: അതെ മോനേ. മഹാപാപം. അതല്ലേ ശിക്ഷ കിട്ടിയത്! ഹ ഹ ഹ. സന്തോഷം,ട്ടോ. റിപ്ലേകളുടെ ഇടയില്‍ പെട്ട് അനൂപിനെ കാണാതെ പോയേനെ.
പ്രിയപ്പെട്ടവരേ, സന്തോഷം എല്ലാവര്‍ക്കും. ഹൃദയം നിറഞ്ഞ സ്നേഹത്തോടെ.
ഇതെന്താ സംഭവം എന്നു മനസ്സിലായില്ല. കഥ തുടങ്ങിയതേ ഉള്ളൂ എന്നു വിചാരിച്ച് ഇരിക്കുകയാണ്..
ReplyDeleteഅതോ ഇനിയിതു വല്ല തുടർക്കഥയുമാണോ?
വളരെ സന്തോഷം, വിധു ചോപ്ര.
ReplyDeleteസാബു: മനസ്സിലായില്ല,ല്ലേ. ഞാന്‍ നിര്‍ത്തി. കഥയെഴുത്തു നിര്‍ത്തി.
(തുടരനൊന്നുമല്ല. ഒടുവിലാനാണ്)
സർദാർജി പയ്യനായതു കൊണ്ട് രക്ഷപെട്ടു. കേരളത്തിലായിരുന്നെങ്കിൽ എപ്പോ കൂട്ടുകൂടി തട്ടിക്കൊണ്ടുപോയി സാപ്പിട്ടു എന്ന് ചോദിച്ചാൽ മതി. നമ്മുടെ പെൺകുട്ടികളും ഈ മകളെപ്പോലെ കോമൺസെൻസ് ഉള്ളവരല്ലല്ലോ
ReplyDeleteസുരേഷിനെ കണ്ടിട്ടു വളരെ കാലമായി. വന്നു വായിച്ചതിനു വളരെ സന്തോഷം കേട്ടോ. ശരിയാണ്. നമ്മുടെ നാട്ടിലെ കുട്ടികളെ വേഗം പറ്റിക്കാൻ പറ്റും. വേഗം വിശ്വസിക്കും എല്ലാവരേയും. ഇവിടെയുള്ള കുട്ടികൾ നമ്മൾ മരത്തിൽ കാണുന്നതു അവർ മാനത്തും ചന്ദ്രനിലും ചൊവ്വയിലും വരെ കാണും. വലിയവരാണോ ചെറിയവരാണോ എന്നൊന്നും നോക്കാതെ, യാതൊരു മടിയുമില്ലാതെ മറ്റുള്ളവരെ ഉപദേശിക്കുകയും ചെയ്യും. ആത്മവിശ്വാസമുണ്ട്. അബദ്ധം പറ്റുന്നത് മഹാമോശമാണെന്ന് അബദ്ധം പറ്റുന്നതിനു മുമ്പു തന്നെ അവർക്കറിയാം. നാട്ടിലെ കുട്ടികളെ അടിച്ചമർത്തി വളർത്തി അവരുടെ മാനസികനില മോശമാക്കുന്നതാണു കുഴപ്പം.
ReplyDeleteനര്‍മ്മത്തിലപ്പുറം ഇന്നത്തെ കുട്ടികളുടെ പക്വതയാണ്‍ ഞാനസ്വദിച്ചത്.. പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ.. വായിച്ചു തീര്‍ന്നതറിഞ്ഞില്ല.
ReplyDeleteനന്ദി ഇലഞ്ഞിപ്പൂക്കള്‍.
ReplyDeleteഅരങ്ങേറ്റം കുഴപ്പമില്ല. ധൈര്യമായി മുന്നോട്ട് പോയ്ക്കോ.
ReplyDeleteമർമ്മത്തിൽ നർമ്മം കൊള്ളിക്കാനും അറിയാം അല്ലേ
ReplyDeleteനല്ല അമ്മ , ഇത് ഞാന്‍ കളിയാക്കി പറഞ്ഞതല്ല നല്ല രീതിയില്‍ തന്നെ ,,,,,എത്ര എളുപ്പം സോള്‍വ് ചെയ്തു , ഒരു ചെറിയ പാര കൊണ്ടാനെങ്ങിലും
ReplyDelete